ദിഗ്‌വിജയ്‌സിംഗിന് ഉമാഭാരതിയുടെ കത്ത്; ഭാഷ ഇനിയും നന്നാക്കും

ഭോപ്പാല്‍- ഉദ്യോഗസ്ഥര്‍ ചെരിപ്പെടുക്കേണ്ടവര്‍ മാത്രമാണെന്ന വിവാദ പ്രസ്താവനയില്‍ ഖേദപ്രകടനവുമായി ബി.ജെ.പിയുടെ തീപ്പൊരി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ഉമാ ഭാരതി.
കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിന് എഴുതിയ കത്തില്‍ തന്റെ വാക്കുകള്‍ തനിക്കു തന്നെ വേദനയായെന്ന് ഉമാ ഭാരതി പറഞ്ഞു. ഇനിയങ്ങോട്ട് തന്റെ ഭാഷ മെച്ചപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.
ഉമാ ഭാരതിയുടെ വാക്കുകള്‍ അത്യന്തം അപലപനീയമാണെന്ന് ദിഗ്‌വിജയ് സിംഗ് ട്വീറ്റ് ചെയ്തിരുന്നു.
ഉദ്യോഗസ്ഥരുടെ പണി നേതാക്കളുടെ ചെരുപ്പെടുക്കലാണെന്നും ഞങ്ങള്‍ അതുമാത്രമെ അനുവദിക്കൂവെന്നും പറയുന്ന ഉമാ ഭാരതിയുടെ വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഉദ്യോഗസ്ഥരാണ് രാഷ്ട്രീയക്കാരെ നിയന്ത്രിക്കുന്നതെന്ന് കരുതേണ്ട. ആദ്യം ഞങ്ങള്‍ സ്വകാര്യമായി ചര്‍ച്ച ചെയ്യുന്നു. ശേഷം ഉദ്യോഗസ്ഥര്‍ ഇതിന്റെ അടിസ്ഥാനത്തില്‍ ഫയല്‍ തയാറാക്കുകയാണ് രീതി. 11 വര്‍ഷക്കാലം ഞാന്‍ കേന്ദ്ര മന്ത്രിയും മുഖ്യമന്ത്രിയും ആയിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളെ നിയന്ത്രിക്കുന്നത് ഉദ്യോഗസ്ഥരാണ് എന്ന് പറയുന്നത് അസംബന്ധമാണ്. അവര്‍ക്കൊരിക്കലും അങ്ങനെ ആകാന്‍ കഴിയില്ല. അവരുടെ നിലപാട് എന്താണ്? ഞങ്ങളാണ് അവര്‍ക്ക് ശമ്പളവും പദവികളും നല്‍കുന്നത്. സ്ഥാനക്കയറ്റം നല്‍കുന്നതും തരംതാഴ്ത്തുന്നതും ഞങ്ങളാണ്. അവര്‍ക്ക് എന്തു ചെയ്യാന്‍ പറ്റും? ഞങ്ങളുടെ രാഷ്ട്രീയത്തിനു വേണ്ടി അവരെ ഞങ്ങള്‍ ഉപയോഗിക്കുന്നു എന്നതാണ് സത്യം എന്നായിരുന്നു ഉമാ ഭാരതിയുടെ വാക്കുകള്‍.
ഒരു ഒബിസി പ്രതിനിധി സംഘം ഭോപാലിലെ വീട്ടില്‍  സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് അവര്‍ ഇങ്ങനെ പറഞ്ഞത്.

 

Latest News