Sorry, you need to enable JavaScript to visit this website.

ബിഷപ്പിന്റെ വിദ്വേഷ പ്രസംഗം പൊളിച്ചടുക്കി മുഖ്യമന്ത്രി, സര്‍വകക്ഷി യോഗമില്ല

തിരുവനന്തപുരം- പാലാ ബിഷപ്പിന്റേത് നിര്‍ഭാഗ്യകരമായ പരാമര്‍ശമാണെന്നും മയക്കുമരുന്നിനു പിറകില്‍ സംഘടിത ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നത് അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
പ്രണയവും മയക്കുമരുന്നും ഏതെങ്കിലും മതത്തിന്റെ പേരില്‍ തള്ളേണ്ടതല്ല. ഇത്തരത്തില്‍ ചിലര്‍ ഉന്നയിക്കുന്ന വാദങ്ങള്‍ക്ക് തെളിവുകളുടെ പിന്‍ബലമില്ല. വിവാദം ഉണ്ടാക്കാന്‍ ചില കേന്ദ്രങ്ങള്‍ മനപ്പൂര്‍വം ശ്രമിക്കുകയാണ്- മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
2020 ല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത നാര്‍ക്കോടിക് കേസുകളില്‍പ്പെട്ടവര്‍ 45 ശതമാനം പേര്‍ ഹിന്ദുമതത്തില്‍പ്പെട്ടവരാണ്. 34 ശതമാനം ഇസ്‌ലാം മതത്തില്‍പ്പെട്ടവരാണ്. 15 ശതമാനം ക്രിസ്തു മതത്തില്‍പ്പെട്ടവരാണ്. ഇതില്‍ അസ്വാഭാവിക അനുപാതമില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ലൗജിഹാദ് ഹാദിയ കേസിലടക്കം സുപ്രീംകോടതി വരെ തള്ളിയതാണെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം സംബന്ധിച്ച് പരാതികളില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
വിവാദം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന ആവശ്യം മുഖ്യമന്തി തള്ളി. സര്‍വകക്ഷി യോഗം വിളിച്ച് പരിഹരിക്കേണ്ട വിഷയമല്ല ഇതെന്ന് അദ്ദേഹം പറഞ്ഞു.

നിർബന്ധിച്ച് മയക്കുമരുന്ന് ഉപയോഗിപ്പിച്ചതായോ മയക്കുമരുന്നിന് അടിമയാക്കി മതപരിവർത്തനം നടത്തിയതായോ പരാതികൾ ലഭിച്ചിട്ടില്ല. മയക്കുമരുന്ന് ഉപയോക്താക്കളോ വിൽപ്പനക്കാരോ പ്രത്യേക സമുദായത്തിൽ പെടുന്നവരാണെന്നതിനും തെളിവുകൾ ലഭിച്ചിട്ടില്ല -മുഖ്യമന്ത്രി പറഞ്ഞു.

സ്കൂൾ, കോളജ് തലങ്ങളിൽ നാനാജാതി മതത്തിൽപെട്ട വിദ്യാർഥികളുണ്ട്. ഇതിലാരെങ്കിലും മയക്കുമരുന്ന് കണ്ണികളായാൽ പ്രത്യേക മതത്തിന്‍റെ ആസൂത്രിത ശ്രമത്തിന്‍റെ ഭാഗമാണ് എന്ന് വിലയിരുത്തുന്നത് ബാലിശമാണ്. ഇത് വിദ്വേഷത്തിന് വിത്തിടുന്നതാകും. സമൂഹത്തിന്‍റെ ധ്രുവീകരണത്തിന് ആഗ്രഹിക്കുന്ന ശക്തികളെ ഈ വിവാദം സന്തോഷിപ്പിക്കും. അത്തരക്കാരെ നിരാശപ്പെടുത്തുന്ന പ്രതികരണങ്ങൾ എല്ലാ മതവിഭാഗങ്ങളിൽ നിന്നും ഉണ്ടായിട്ടുണ്ട്.

തീവ്ര നിലപാടുകാർക്കും അവരെ പ്രോത്സാഹിപ്പിക്കുന്നവർക്കും നമ്മുടെ സമൂഹത്തിൽ സ്ഥാനമില്ല. കലക്കവെള്ളത്തിൽ മീൻപിടിക്കാൻ ശ്രമിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തണം. വിദ്വേഷ പ്രചാരണം നടത്തുന്നവരെയും പിന്തുണ നൽകുന്നവരെയും തുറന്നുകാട്ടാൻ സമൂഹം ഒന്നാകെ തയാറാകണം. സർക്കാർ നിർദാക്ഷിണ്യം ഇത്തരം കാര്യങ്ങളിൽ നടപടിയെടുക്കും. നോക്കിനിൽക്കുന്ന സമീപനം ഉണ്ടാവില്ല.

നിർഭാഗ്യകരമായ ഒരു പരാമർശവും അതേത്തുടർന്ന് നിർഭാഗ്യകരമായ ഒരു വിവാദവുമാണ് സംസ്ഥാനത്തുണ്ടായത്. വിവാദം സൃഷ്ടിക്കാൻ ചില കേന്ദ്രങ്ങൾ വലിയ തോതിൽ ശ്രമിച്ചിട്ടുണ്ട്. പ്രണയവും മയക്കുമരുന്നുമൊന്നും ഏതെങ്കിലും മതത്തിന്‍റെ പേരിൽ തള്ളേണ്ടതല്ല. അതിന്‍റെ പേരിൽ വിവാദങ്ങൾക്ക് തീകൊടുത്ത് നാടിന്‍റെ ഐക്യത്തിനും സമാധാനത്തിനും ഭംഗം വരുത്താനുള്ള തൽപരകക്ഷികളുടെ വ്യാമോഹം വ്യാമോഹമായി തന്നെ അവസാനിക്കും -മുഖ്യമന്ത്രി പറഞ്ഞു.

 

Latest News