ബലാത്സംഗത്തിനിടെ 9 വയസ്സുകാരിയെ പുരോഹിതന്‍ ശ്വാസംമുട്ടിച്ച് കൊന്നു; പ്രതി പോണ്‍ അടിമയെന്ന് കണ്ടെത്തല്‍

ന്യൂദല്‍ഹി- ദല്‍ഹി കന്റോണ്‍മെന്റ് മേഖലയിലെ ഒരു ശ്മശാനത്തിനു സമീപം ഓഗസ്റ്റ് രണ്ടിന് ഒമ്പതു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ മൃതദേഹം ചിതയൊരുക്കി സംസ്‌ക്കരിച്ച കേസില്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നതിനിടെ മുഖ്യപ്രതി പുരോഹിതനായ രാധെ ശ്യാം ശ്വാസംമുട്ടിച്ചതാണ് മരണ കാരണമെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞതായി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം പറയുന്നു. രാധെ ശ്യാമിന്റെ ഫോണിലെ ബ്രൗസര്‍ ഹിസ്റ്ററി പരിശോധിച്ചപ്പോള്‍ പ്രതി അശ്ലീല ചിത്രങ്ങളുടെ അടിമയാണെന്നും കണ്ടെത്തി. 1300 പോണ്‍ സൈറ്റുകള്‍ ഇയാള്‍ കണ്ടതായും നേരത്തെ പലപ്പോഴും പെണ്‍കുട്ടിക്ക് പോണ്‍ ചി്ര്രതങ്ങള്‍ കാണിക്കുകയും ബലാത്സംഗത്തിനിരയാക്കുകയും ചെയ്തിട്ടുണ്ടെന്നും കുറ്റപത്രം പറയുന്നു. 

സംഭവം നടന്നതിനു ശേഷം ആദ്യമായാണ് കുട്ടിയുടെ മരണ കാരണം വെളിപ്പെടുത്തുന്നത്. രാധെ ശ്യാമിനെ കൂടാതെ കുല്‍ദീപ് സിങ്, സലിം അഹമദ്, ലക്ഷമി നാരായണ്‍ എന്നീ പ്രതികള്‍ക്കെതിരെ ബലാത്സഗം, കൊലപാതകം, തെളിവുനശിപ്പിക്കല്‍ തുടങ്ങി പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പെടെ വിവിധ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

ദല്‍ഹി കന്റോണ്‍മെന്റ് മേഖലയിലെ പുരാന നങ്കല്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ താമസസ്ഥലനത്തിന് അടുത്തുള്ള ശ്മശാനത്തില്‍ വച്ചാണ് ക്രൂരകൃത്യം നടന്നത്. ശ്മശാനത്തിലെ പുരോഹിതനാണ് മുഖ്യപ്രതി രാധെ ശ്യാം. ശ്മശാനത്തിലെ കൂളറില്‍ നിന്ന് വെള്ളമെടുക്കാന്‍ വന്നപ്പോള്‍ വൈദ്യുതി ആഘാതമേറ്റ് മരിച്ചുവെന്ന് പറഞ്ഞ് കുടുംബത്തെ വിശ്വസിപ്പിച്ച രാധെ ശ്യാമും കൂട്ടുപ്രതികളും കുട്ടിയുടെ മൃതദേഹം ഉടന്‍ സംസ്‌ക്കരിക്കുകയായിരുന്നു. എന്നാല്‍ ഈ സമയം കൂളറില്‍ വൈദ്യുത ബന്ധം ഉണ്ടായിരുന്നില്ലെന്നും പോലീസ് കണ്ടെത്തി. പെണ്‍കുട്ടി മരിച്ച വിവരം പോലീസിനെ അറിയിക്കേണ്ടെന്നും അറിയിച്ചാല്‍ ആശുപത്രിയിലേക്കു കൊണ്ടു പോയി പോസ്റ്റ് മോര്‍ട്ടം ചെയ്ത് അവയവങ്ങള്‍ മോഷ്ടിക്കുമെന്നും കേസെടുക്കുമെന്നും പറഞ്ഞത് പ്രതി പെണ്‍കുട്ടിയുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിച്ചാണ് സംസ്‌കാരം ഉടനടി നടത്തിയത്. എന്നാല്‍ പിന്നീട് പെണ്‍കുട്ടിയുടെ കുടുംബം സംശയം പ്രകടിപ്പിച്ച് പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് ക്രൂരമായ പീഡനക്കൊല പുറത്തറിഞ്ഞത്.
 

Latest News