Sorry, you need to enable JavaScript to visit this website.

കോവിഡ് ഏതാണ്ട് നിയന്ത്രണ വിധേയമായെന്ന് മുഖ്യമന്ത്രി; മാസ്‌ക് ധരിച്ചില്ലെങ്കില്‍ നടപടി

തിരുവനന്തപുരം- സംസ്ഥാനത്ത് കോവിഡ് എതാണ്ട് നിയന്ത്രണ വിധേയമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേസുകള്‍ കുറഞ്ഞതിനാലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളും 10, 12 ക്ലാസുകളുമാണ് നവംബര്‍ ഒന്നിന് ആരംഭിക്കുന്നത്. 15 മുതല്‍ മറ്റു ക്ലാസുകള്‍ ആരംഭിക്കും. സ്‌കൂളുകള്‍ തുറക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. വിദ്യാഭ്യാസ, ആരോഗ്യമന്ത്രിമാര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്.  വ്യാഴാഴ്ച ഉന്നതതല യോഗം ചേരുമെന്നും കരടു പദ്ധതി തയാറാക്കി മറ്റു വകുപ്പുകളുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുട്ടികളുടെ പൂര്‍ണ സുരക്ഷ ഉറപ്പുവരുത്തും. ജില്ലാതലത്തില്‍ അധ്യാപക സംഘടനകളുമായും മറ്റു സംഘടനകളുമായും ചര്‍ച്ച നടത്തി ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. വിദ്യാലയങ്ങള്‍ക്കു സമീപമുള്ള അശാസ്ത്രീയ പാര്‍ക്കിങ് ഒഴിവാക്കും. വിദ്യാലയങ്ങളില്‍ അനാവശ്യമായി കൂട്ടംകൂടാന്‍ അനുവദിക്കില്ല. സ്‌കൂള്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണി കൃത്യമായി നടക്കുന്നുണ്ടോ എന്നു പരിശോധിക്കാന്‍ പോലീസ് സ്‌റ്റേഷന്‍ തലത്തില്‍ സൗകര്യമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാസ്‌ക് ധരിക്കുന്നതില്‍ ഇളവ് നല്‍കാനാകില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. ചിലര്‍ വ്യാപാര സ്ഥാപനങ്ങളിലും പൊതുയിടങ്ങളിലും മാസ്‌ക് ധരിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആകെ 3.44 കോടി പേര്‍ ഒന്നും രണ്ടും ഡോസ് വാക്‌സിന്‍ എടുത്തു. 24 ലക്ഷം പേരാണ് ഒന്നാം ഡോസ് വാക്‌സീന്‍ എടുക്കാനുള്ളത്. കോവിഡ് പോസിറ്റീവായവര്‍ മൂന്നു മാസം കഴിഞ്ഞ് വാക്‌സിന്‍ എടുത്താല്‍ മതി. മുതിര്‍ന്ന പൗരന്‍മാരില്‍ കുറച്ചുപേര്‍ ഇനിയും വാക്‌സിന്‍ എടുക്കാനുണ്ട്. വാക്‌സിന്‍ എടുക്കാനുള്ള  വിമുഖത  ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

 

Latest News