കുറഞ്ഞ നിരക്കിൽ ആഭ്യന്തര യാത്ര നടത്താനാഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്ത. ഈ വർഷം പാതിയോടെ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കുറഞ്ഞ നിരക്കിൽ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് യാത്ര ചെയ്യാം. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഉഡാൻ പദ്ധതിയിൽ പെടുത്തി കണ്ണൂരിൽ നിന്ന് രാജ്യത്തെ എട്ടു നഗരങ്ങളിലേക്ക് ചെറുവിമാനങ്ങൾ സർവീസ് നടത്തും.
കേന്ദ്ര സർക്കാരിന്റെ ഉഡാൻ (ഉഡേ ദേശ്കാ ആം നാഗരിക്) പദ്ധതി പ്രകാരം കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഈ വർഷം പകുതിയോടെ ആഭ്യന്തര സർവീസുകൾ ആരംഭിക്കുമെന്ന് കിയാൽ എം.ഡി പി. ബാലകിരൺ ഐ.എ.എസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസംസ്ഥാന സർക്കാരുകളും എയർപോർട്ട് അതോറിറ്റിയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
വിമാനത്താവളം തുറക്കുന്ന ദിവസം തന്നെ ഈ സർവീസുകളും തുടങ്ങും.
ചെലവു കുറഞ്ഞ വിമാന സർവീസുകൾക്കുള്ള ഉഡാൻ പദ്ധതിയിൽ കേരളത്തിൽ നിന്ന് കണ്ണൂരിനെ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഉഡാന്റെ രണ്ടാം ഘട്ടത്തിലാണ് കണ്ണൂരിന് നറുക്ക് വീണത്. ദൽഹി, ബംഗളൂരു, ചെന്നൈ, ഗോവ, ഹുബ്ബള്ളി, മുംബൈ, കൊച്ചി, തിരുവനന്തപുരം ഉൾപ്പെടെയുള്ള നഗരങ്ങളിലേക്കാണ് സർവീസ്. ഇൻഡിഗോ, സ്‌പൈസ് ജെറ്റ് എന്നീ കമ്പനികളാണ് സർവീസുകൾ നടത്തുക.
വിമാന റൂട്ടുകളും സീറ്റുകളും നിരക്കും:
ബംഗളൂരു സ്‌പൈസ് ജെറ്റ് (78 സീറ്റുകൾ - ഉഡാൻ പദ്ധതിക്ക് 39 സീറ്റുകൾ ) പരമാവധി നിരക്ക് 1810 രൂപ.
ബംഗളൂരു ഇൻഡിഗോ (74 സീറ്റുകൾ ഉഡാൻ 37 സീറ്റുകൾ) പരമാവധി നിരക്ക് 1699 രൂപ.
ചെന്നൈ സ്‌പൈസ് ജെറ്റ് (78 സീറ്റുകൾ ഉഡാൻ - 39) പരമാവധി നിരക്ക് 2660 രൂപ
ചെന്നൈ ഇൻഡിഗോ (74 സീറ്റുകൾ ഉഡാൻ 37) പരമാവധി നിരക്ക് 2499 രൂപ.
കൊച്ചി (74 സീറ്റുകൾ ഉഡാൻ 37) പരമാവധി നിരക്ക് 1399 രൂപ.
ഗോവ (74 സീറ്റുകൾ ഉഡാൻ 37) പരമാവധി നിരക്ക് 2099 രൂപ.
ദൽഹി- (180 സീറ്റുകൾ ഉഡാൻ 40) പരമാവധി നിരക്ക് 3199 രൂപ.
ഹുബ്ബള്ളി (74 സീറ്റുകൾ ഉഡാൻ 37) പരമാവധി നിരക്ക് 1999 രൂപ.
മുംബൈ (180 സീറ്റുകൾ ഉഡാൻ 40) പരമാവധി നിരക്ക് 3199 രൂപ.
തിരുവനന്തപുരം (74 സീറ്റുകൾ ഉഡാൻ 37) പരമാവധി നിരക്ക് 2099 രൂപ
ആഭ്യന്തര വിമാന കമ്പനികൾക്ക് പുറമെ ജെറ്റ് എയർവേയ്‌സ് ദമാമിലേക്കും ഗോ എയർ അബുദാബിയിലേക്കും തിരിച്ചും സർവീസ് നടത്താനും ധാരണയായി. ആറ് ഗൾഫ് കേന്ദ്രങ്ങളിലേക്ക് സർവീസ് ആരംഭിക്കാൻ എയർ ഇന്ത്യ എക്‌സ്പ്രസ് സന്നദ്ധത അറിയിച്ചതായി എം.ഡി പറഞ്ഞു.
ഇതിനു പുറമെ, എയർ ഇന്ത്യ, എമിറേറ്റ്‌സ്, ഖത്തർ എയർവേയ്‌സ്, ഇത്തിഹാദ്, ഒമാൻ എയർ, എയർ ഏഷ്യ, ഫ്‌ളൈ ദുബൈ, എയർ അറേബ്യ, ഗൾഫ് എയർ, ശ്രീലങ്കൻ എയർവേയ്‌സ്, ടൈഗർ എയർവേയ്‌സ് എന്നീ വിമാനക്കമ്പനികളും കണ്ണൂരിൽ നിന്ന് സർവീസ് നടത്താൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ആഭ്യന്തര സർവീസുകളിൽ തുടക്കത്തിൽ യാത്രക്കാർ കുറയാൻ സാധ്യതയുള്ളതിനാൽ വിമാനക്കമ്പനികൾക്ക് നഷ്ടം വരുന്ന തുകയുടെ 20 ശതമാനം വയബിലിറ്റി ഗ്യാപ് ഫണ്ടായി സംസ്ഥാന സർക്കാരും ബാക്കി കേന്ദ്ര സർക്കാരും വഹിക്കാൻ ധാരണയായി.
ഇന്ധനത്തിനുള്ള ജി.എസ്.ടി ഒരു ശതമാനമായി നിജപ്പെടുത്താനും തീരുമാനമായി. സംസ്ഥാന സർക്കാരിനു വേണ്ടി വ്യോമയാന കാര്യങ്ങളുടെ കൂടി ചുമതല വഹിക്കുന്ന പ്രിൻസിപ്പൽ സെക്രട്ടറി വിശ്വനാഥ് സിൻഹയാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ജനുവരിയിൽ തന്നെ വിമാനങ്ങൾ പരീക്ഷണപ്പറക്കൽ നടത്തുമെന്നും എം.ഡി അറിയിച്ചു.
ആഭ്യന്തര സർവീസുകൾ ആരംഭിക്കുന്നതോടെ ടൂറിസം രംഗത്ത് വലിയ നേട്ടം കൈവരിക്കാൻ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.