ആറു മാസം ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടേയും വസ്ത്രങ്ങള്‍ അലക്കിത്തേക്കണം, യുവാവിന് അപൂര്‍വശിക്ഷ

മധുബാനി- യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ചത് അപൂര്‍വ ഉപാധിയില്‍. ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടേയും വസ്ത്രങ്ങള്‍ സൗജന്യമായി അലക്കിത്തേക്കണമെന്നാണ് ഉപാധി. ബിഹാറിലെ മധുബാനിയിലാണ് സംഭവം.
ജന്‍ജാര്‍പുര്‍ അഡിഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് അവിനാശ് കുമാറാണ് പ്രതി ലലന്‍ കുമാറിന് ജാമ്യം അനുവദിച്ചത്.
ഇരുപതുകാരനായ ലലന്‍ കുമാര്‍ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് കേസ്. പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. അലക്കു ജോലി ചെയ്യുന്ന യുവാവിന്റെ പ്രായം ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകന്‍ വാദിച്ചത്.
പരാതിക്കാരിയുമായി ഒത്തുതിര്‍പ്പിലെത്തിയതായും കോടതിയെ അറിയിച്ചു. തന്റെ തൊഴിലിലൂടെ സമൂഹത്തെ സേവിക്കാനാണ് പ്രതിക്ക് താല്‍പര്യമെന്നു കൂടി വാദിച്ചതോടെയാണ് ജഡ്ജി അപൂര്‍വ ഉത്തരവിട്ടത്. ആറു മാസത്തിനുശേഷം സൗജന്യം സേവനം നല്‍കിയതിന് പഞ്ചായത്ത് തലവനോ ഏതെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥനോ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് കോടതിയില്‍ ഹാജരാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

 

Latest News