Sorry, you need to enable JavaScript to visit this website.

സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിര്‍ത്തലാക്കാന്‍  തീരുമാനിച്ചിട്ടില്ല- മന്ത്രി ജി.ആര്‍ അനില്‍

തിരുവനന്തപുരം-സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ജി.ആര്‍ അനില്‍. ഇപ്പോള്‍ അത് വിതരണം ചെയ്യുന്നതില്‍ ചെറിയ ബുദ്ധിമുട്ട് ഉണ്ടെന്നത് യാഥാര്‍ഥ്യമാണെന്നും മന്ത്രി പറഞ്ഞു.  മുന്‍ഗണന വിഭാഗങ്ങള്‍ക്ക് മാത്രം ഭക്ഷ്യകിറ്റ് നല്‍കിയാല്‍ പോരെ എന്ന് ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുമെന്നും മന്ത്രി അറിയിച്ചു. സൗജന്യ ഭക്ഷണക്കിറ്റ് നിര്‍ത്തലാക്കിയെന്ന പ്രചരണം അടുത്തിടെ നടന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഭക്ഷ്യമന്ത്രി.
2020 ഏപ്രില്‍ മുതലാണ് സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചത്. കോവിഡ് രോഗം വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനാണ് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 17 ഇനം സാധനങ്ങളാണ് കിറ്റിലുള്ളത്. റേഷന്‍ കടകളില്‍ നിന്ന് തന്നെ കിറ്റുകള്‍ വാങ്ങണമെന്നാണ് നിര്‍ദേശം. റേഷന്‍ കാര്‍ഡില്ലാത്തവര്‍ ആധാര്‍ കാര്‍ഡിനൊപ്പം സത്യവാങ്മൂലം നല്‍കിയാല്‍ കിറ്റ് വാങ്ങാം.സര്‍ക്കാര്‍ നല്‍കുന്ന കിറ്റ് ആവശ്യമില്ല എന്ന തോന്നുന്നവര്‍ക്ക് ആ കിറ്റ് കൂടുതല്‍ ആവശ്യമുള്ള മറ്റൊരാള്‍ക്ക് നല്‍കാന്‍ സാധിക്കും. അതിന് കഴിവും സന്നദ്ധതയുമുള്ളവര്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. ഡൊണേറ്റ് മൈ കിറ്റ് എന്ന ഓപ്ഷന്‍ കാണാന്‍ സാധിക്കും. അവിടെ നിങ്ങളുടെ റേഷന്‍ കാര്‍ഡ് നമ്പര്‍ നല്‍കി, കിറ്റ് സംഭാവന ചെയ്യാനുള്ള സമ്മതം അറിയിച്ചാല്‍ മതിയാകും. ലോക്ക് ഡൗണില്‍ പ്രതിസന്ധിയിലായേക്കാവുന്ന നിരവധി കുടുംബങ്ങള്‍ കേരളത്തിലുണ്ട്. നിത്യവേതനക്കാര്‍, സ്ഥിരവരുമാനമില്ലാത്തവര്‍, ചെറുകിട കര്‍ഷകര്‍, തുടങ്ങി കാര്യമായ നീക്കിയിരിപ്പു കൈയിലില്ലാത്തവര്‍ ഒരുപാടുണ്ട്. അവരിലേക്ക് നിങ്ങള്‍ സംഭാവന ചെയ്യുന്ന കിറ്റ് എത്തും.
 

Latest News