ന്യൂദല്‍ഹി- കിര്‍ഗിസ്ഥാന്‍ പൗരയും ഗര്‍ഭിണിയുമായ യുവതിയേയും ഒരു വയസ്സുള്ള മകനേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തെക്കുകിഴക്കന്‍ ദല്‍ഹിയിലെ കല്‍കാജിയില്‍ ഇവരുടെ സുഹൃത്തിന്റെ വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടത്. മിസ്‌കല്‍ സുമബയേവ (28) മകന്‍ മനാസ് എന്നില്‍ കിടപ്പുമുറിയിലെ ബെഡില്‍ കുത്തേറ്റ് മരിച്ച നിലയിലായിരുന്നു. മിസ്‌കല്‍ അഞ്ചു മാസം ഗര്‍ഭിണിയായിരുന്നു. ഗ്രേറ്റര്‍ കൈലാഷ് സ്വദേശി വിനയ് ചൗഹാനാണ് ഇവരുടെ ഭര്‍ത്താവ്. രണ്ടു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. കൊല്ലപ്പെടുമ്പോള്‍ മിസ്‌കലും കുഞ്ഞും സുഹൃത്തിന്റെ വീട്ടിലായിരുന്നു. വിവരമറിഞ്ഞ വിനയ് ആണ് പോലീസിനെ അറിയിച്ചത്.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മിസ്‌കല്‍ ഭര്‍ത്താവ് വിനയുമായി തിങ്കളാഴ്ച രാത്രി വാഗ്വാദമുണ്ടായിരുന്നതായി പ്രാഥമികാന്വേഷമത്തില്‍ കണ്ടെത്തി. ആശുപത്രിയില്‍ പോകുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. ഗര്‍ഭിണിയായ മിസ്‌കലിന് വയറു വേദന അനുഭവപ്പെട്ടപ്പോള്‍ ആശുപത്രിയില്‍ പോകാന്‍ ആവശ്യപ്പെട്ടിരുന്നു. ഈ തര്‍ക്കത്തിനു പിന്നാലെ വിനയ് വീട്ടില്‍ നിന്നിറങ്ങിപ്പോകുകയും ചെയ്തു. അന്നു രാത്രി തന്നെ മിസ്‌കല്‍ സുഹൃത്ത് മത്‌ലുബ മദുമൊനോവയെ വിളിച്ചിച്ചു വരുത്തി ആശുപത്രിയില്‍ പോകുകയും ചെയ്തിരുന്നു. കല്‍കാജിയില്‍ കഴിയുന്ന മത്‌ലുബ ഉസ്‌ബെക്കിസ്ഥാന്‍ സ്വദേശിനിയാണെന്ന് പോലീസ് പറഞ്ഞു. ഡോക്ടറെ കണ്ടശേഷം മിസ്‌കലിനേയും കുഞ്ഞിനേയും മത്‌ലുബ കല്‍കാജിയിലെ തന്റെ വീട്ടിലേക്ക് കൊണ്ടു വരികയായിരുന്നു. ഈ വിവരമെല്ലാം മിസ്‌കല്‍ തന്റെ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നു. വീട്ടിനു പുറത്തെ സിസിടിവി കാമറ ദൃശ്യങ്ങളില്‍ പുറത്ത് നിന്ന് ആരെങ്കിലും വന്നതായും സൂചനകളൊന്നുമില്ല. വിശദമായി അന്വേഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.