ഇന്ത്യയില്‍ ഒരിടത്തും ഹൈന്ദവതക്ക് ഭീഷണിയില്ലന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂദല്‍ഹി- ഇന്ത്യയില്‍ ഒരിടത്തും ഹൈന്ദവത ഭീഷണി നേരിടുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാരിന്റെ വിവരാവകാശ മറുപടി. ഹൈന്ദവത ഭീഷണി നേരിടുന്നുവെന്ന സംഘ്പരിവാറിന്റെ നിരന്തര പ്രചാരണത്തിന് വിരുദ്ധമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നല്‍കിയിരിക്കുന്ന മറുപടി.  രാജ്യത്തൊരിടത്തും ഹൈന്ദവത ഭീഷണി നേരിടുന്നില്ലെന്ന് ആഭ്യന്തര സുരക്ഷാ വിഭാഗം സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.എസ് റാണ നല്‍കിയ മറുപടിയില്‍ പറയുന്നു.  ഹൈന്ദവത ഭീഷണി നേരിടുന്നതിന് ആഭ്യന്തരമന്ത്രാലയത്തിന്റെ പക്കല്‍ തെളിവുകളില്ലെന്നും  മറുപടിയില്‍ പറയുന്നു.

നാഗ്പുരിലെ സന്നദ്ധപ്രവര്‍ത്തകനായ മൊഹനിഷ് ജബല്‍പൂരി ഓഗസ്റ്റ് 31ന് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് സംഘ്പരിവാര്‍ പ്രചാരണത്തെ പ്രതിക്കൂട്ടിലാക്കുന്ന  വിവരം. ഹിന്ദുമതം നേരിടുന്ന ഭീഷണിക്ക് തെളിവുകള്‍ ഉണ്ടോ എന്നായിരുന്നു പ്രധാനചോദ്യം. തന്റെ അപേക്ഷയ്ക്ക് കൃത്യമായ മറുപടി അറിയിച്ച വി. എസ് റാണയോട് നന്ദിയുണ്ടെന്നും സംഘ്പരിവാര്‍ രാജ്യത്തുടനീളം നടത്തുന്ന കുപ്രചാരണത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും മൊഹനീഷ് പറഞ്ഞു.

ഹിന്ദുമതത്തിന് ഭീഷണിയുണ്ടെന്നും അതിനെതിരെ ഹൈന്ദവര്‍ ഒന്നിക്കണമെന്നും കേന്ദ്ര മന്ത്രിസഭയിലുള്ളവരടക്കം ആര്‍എസ്എസുകാര്‍ ആഹ്വാനം ചെയ്തതുവഴി രാജ്യത്ത് നിരവധി കലാപങ്ങളാണ് ഉണ്ടായത്. ന്യൂനപക്ഷങ്ങള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ക്കെല്ലാം സംഘ്പരിവാറും ആര്‍എസ്എസും കാരണമായി പറഞ്ഞതും ഹിന്ദുമതത്തിന് ഭീഷണിയുണ്ടെന്നായിരുന്നു.
സിഎഎ വിരുദ്ധപോരാട്ടം പോലും ഹിന്ദുമതത്തിനെതിരെയാണെന്നായിരുന്നു സംഘ്പരിവാറിന്റെ ആരോപണം.

 

Latest News