തനിക്കെതിരെ ആസിഡ് ആക്രമണത്തിന് ശ്രമമെന്ന് നടി പായല്‍ ഘോഷ്

മുംബൈ- തനിക്കെതിരെ ആസിഡ് ആക്രമണമുണ്ടായെന്ന ആരോപണവുമായി ബോളിവുഡ് നടി പായല്‍ ഘോഷ്. സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലാണ് നടിയുടെ വെളിപ്പെടുത്തല്‍. മുംബൈയിലെ മെഡിക്കല്‍ ഷോപ്പില്‍നിന്നു മരുന്നു വാങ്ങി വീട്ടിലേക്ക് മടങ്ങവെ മുഖംമൂടി ധരിച്ച ചിലര്‍ തന്നെ ആക്രമിച്ചുവെന്ന് നടി പറയുന്നു.

കാറില്‍ കയറുമ്പോള്‍ ചിലര്‍ കമ്പികൊണ്ട് ആക്രമിച്ചുവെന്നും അവരുടെ കയ്യില്‍ ആസിഡെന്നു സംശയിക്കുന്ന ഒരു കുപ്പി ഉണ്ടായിരുന്നുവെന്നും പായല്‍ പറഞ്ഞു. അലറി വിളിച്ചതു കൊണ്ടുമാത്രം അവര്‍ ഓടിപ്പോയി. ആക്രമണത്തില്‍ ഇടതുകൈക്ക് നേരിയ പരുക്കേറ്റു.

സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ലൈംഗിക പീഡനം ആരോപിച്ചു പായല്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നാണ് അനുരാഗ് കശ്യപിന്റെ വാദം.

 

 

Latest News