Sorry, you need to enable JavaScript to visit this website.

മലപ്പുറം ജില്ലയില്‍ 1,377 പേര്‍ക്ക് കൂടി കോവിഡ്; വ്യാപന സാധ്യത നീങ്ങിയില്ല

ടി.പി.ആര്‍ നിരക്ക് 12.77 ശതമാനം
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,282 പേര്‍
ഉറവിടമറിയാതെ രോഗബാധിതരായവര്‍ 25
രോഗബാധിതരായി ചികിത്സയില്‍ 16,795 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 55,208 പേര്‍

മലപ്പുറം- ജില്ലയില്‍ ചൊവ്വാഴ്ച  1,377 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 12.77 ശതമാനമാണ്  ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 2,591 പേര്‍ ചൊവ്വാഴ്ച മാത്രം വിദഗ്ധ പരിചരണത്തിനു ശേഷം വൈറസ് വിമുക്തരായി. ഇതോടെ ജില്ലയില്‍ കോവിഡ് മുക്തരായവരുടെ എണ്ണം 5,20,822 പേരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

നേരത്തെ രോഗബാധ സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായ 1,282 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 25 പേര്‍ക്ക് വൈറസ് ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ പ്രവര്‍ത്തകര്‍ക്കാര്‍ക്കും ചൊവ്വാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ വിദേശത്തു നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 69 പേര്‍ക്കും കോവിഡ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 55,208 പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

16,795 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 756 പേര്‍ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിലും 269 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലും 110 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 127 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു.
 ജില്ലയില്‍ ഇതുവരെ 33,56,718 ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതില്‍ 25,28,328 പേര്‍ക്ക് ആദ്യ ഡോസും 8,28,390 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനുകളുമാണ് നല്‍കിയത്. 18 വയസിനു മുകളില്‍ പ്രായമുള്ള അര്‍ഹരായവര്‍ക്കെല്ലാം വാക്‌സിന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ജില്ലയില്‍ പുരോഗമിക്കുകയാണ്.
കോവിഡ് വ്യാപന സാധ്യത സജീവമായി നിലനില്‍ക്കുകയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ചു. പ്രത്യേക പരിഗണന ആവശ്യമായ മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍, നിത്യ രോഗികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരെ നേരിട്ടു സന്ദര്‍ശിക്കുന്നതില്‍ നിന്ന് പുറത്തു നിന്നുള്ളവര്‍ വിട്ടു നില്‍ക്കണം. വീടുകളിലും വൈറസ് വ്യാപന സാധ്യത മുന്‍നിര്‍ത്തി അതീവ ജാഗ്രത പുലര്‍ത്തണം. രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ അത് മറച്ചുവെയ്ക്കാതെ പരിശോധനക്ക് വിധേയരാകണമെന്നും ഇക്കാര്യത്തില്‍ വീഴ്ച പാടില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
കൃത്യമായ ഇടവേളകളില്‍ കൈകള്‍ കഴുകി വൃത്തിയാക്കണം. രണ്ട് മാസ്‌കുകളുടെ ശരിയായ ഉപയോഗവും ഉറപ്പാക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.

 

Latest News