പഞ്ചാബില്‍ പരിഹാരമായി; ഇനി രാജസ്ഥാന്‍ പുകയുമോ? സചിന്‍ പൈലറ്റ് രാഹുലിനെ കണ്ടു

ന്യൂദല്‍ഹി- ഒരു ദളിത് സിഖ് നേതാവിനെ മുഖ്യമന്ത്രിക്കി പഞ്ചാബില്‍ കോണ്‍ഗ്രസിനുള്ളിലെ രൂക്ഷമായ ആഭ്യന്തര കലഹം പരിഹരിച്ച കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ നീക്കം പൊതുവെ നല്ലൊരു മുന്നേറ്റമായാണ് വിലയിരുത്തപ്പെട്ടത്. പഞ്ചാബില്‍ പരിഹാരമായെങ്കിലും കുറെ കാലമായി പുകഞ്ഞു കൊണ്ടിരിക്കുന്ന രാജസ്ഥാന്‍ പാര്‍ട്ടിക്ക് അടുത്ത തലവേദനയാകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്. അശോക് ഘെലോട്ട് സര്‍ക്കാരില്‍ ഒരു അഴിച്ചുപണി വേണമെന്നത് സംസ്ഥാന കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്. ഈ തര്‍ക്കങ്ങളെ ചൊല്ലിയാണ് ഉപമുഖ്യമന്ത്രിയായിരുന്ന യുവ നേതാവ് സചിന്‍ പൈലറ്റ് പദവി രാജിവച്ച് വിമത സ്വരമുയര്‍ത്തി ഹൈക്കമാന്‍ഡിനെ വെള്ളംകുടിപ്പിച്ചിരുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന ഉറപ്പിന്‍മേല്‍ ഹൈക്കമാന്‍ഡ് സചിനെ അനുനയിപ്പിക്കുകയായിരുന്നു. പഞ്ചാബിലുണ്ടായ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ രാജസ്ഥാനിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സചിന്‍ പൈലറ്റ് രാഹുല്‍ ഗാന്ധിയുമായി കഴിഞ്ഞ ദിവസം കുടിക്കാഴ്ച നടത്തിയെന്നാണ് റിപോര്‍ട്ട്. 

രാജസ്ഥാന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍ പല തവണ രാജസ്ഥാനിലെത്തി എല്ലാ കോണ്‍ഗ്രസ് എംഎല്‍എമാരേയും കണ്ട് അവരുടെ അഭിപ്രായം തേടിയിട്ടുണ്ട്. മന്ത്രിസഭാ പുനസ്സംഘടനയും തന്നോട് അടുപ്പമുള്ള ചില എംഎല്‍എമാര്‍ക്ക് പദവികളും മറ്റു രാഷ്ട്രീയ നിയമനങ്ങളുമാണ് സചിന്‍ പൈലറ്റിന്റെ ആവശ്യം. മാക്കന്‍ പലതവണ സന്ദര്‍ശനം നടത്തിയിട്ടുണ്ടെങ്കിലും സചിന്റെ ആവശ്യങ്ങളൊന്നും ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. പഞ്ചാബിലെ പോലെ രാജസ്ഥാനിലും പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ കാര്യമായ ഒരു ഇടപെടല്‍ ഉണ്ടാകണമെന്നാണ് സചിന്‍ പൈലറ്റ് ക്യാമ്പിന്റെ ആവശ്യം. 

എന്നാല്‍ പഞ്ചാബിലേയും രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ കോണ്‍ഗ്രസ് സംസ്ഥാനങ്ങളിലും സാഹചര്യങ്ങള്‍ വ്യത്യസ്തമാണെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ പറയുന്നു. രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഘെലോട്ടിനും ഛത്തീസ്ഗഢില്‍ മുഖ്യമന്ത്രി ഭുപേഷ് ബഘേലിനും ഭൂരിപക്ഷ എംഎല്‍എമാരുടെ പിന്തുണയുണ്ട്. എന്നാല്‍ ഇവര്‍ കേന്ദ്ര നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങുമെന്നാണ് ഇരു സംസ്ഥാനങ്ങളിലേയും വിമത വിഭാഗങ്ങളുടെ പ്രതീക്ഷ. സചിന്‍ പൈലറ്റിന്റെ ആവശ്യം അംഗീകരിക്കാന്‍ ഇതുവരെ ഗെലോട്ട് തയാറായിട്ടില്ല. ഹൈകമാന്‍ഡിന്റെ സമ്മര്‍ദ്ദത്തെ ചെറുക്കുകയും ചെയ്യുന്നു. 

ഇതിനിടെ ഛത്തീസ്ഗഢ് ആരോഗ്യമന്ത്രി ടി എസ് സിങ് ദേവ് ദല്‍ഹിയിലെത്തിയതും അഭ്യൂഹത്തിനിടയാക്കിയിട്ടുണ്ട്. വ്യക്തിപരമായ ആവശ്യത്തിന് വന്നതാണെന്ന് വിശദീകരണം. എന്നാല്‍ മുഖ്യമന്ത്രി ബഘേലിനെ മാറ്റാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് വരവെന്നും കരുതപ്പെടുന്നു. മുഖ്യമന്ത്രി പദവി മാറിക്കൊടുക്കാന്‍ തയാറാണെന്ന് 2018ല്‍ ബഘേല്‍ പറഞ്ഞിരുന്നതിനാല്‍ ഒരു അലിഖിത കരാറും ഉണ്ട്. ഇത് അദ്ദേഹം പാലിക്കണമെന്നാണ് എതിര്‍ പക്ഷത്തുള്ളവരുടെ ആവശ്യം. മുഖ്യമന്ത്രിമാരെ മാറ്റാനുള്ള സാധ്യതകളേയും കോണ്‍ഗ്രസ് വൃത്തങ്ങള്‍ തള്ളിക്കളയുന്നില്ല.
 

Latest News