Sorry, you need to enable JavaScript to visit this website.

നക്ഷത്ര ഹോട്ടലില്‍ താമസിച്ച് പണമടക്കാതെ മുങ്ങുന്ന വിരുതന്‍ പിടിയിലായി, നിരവധി തട്ടിപ്പുകള്‍ വെളിച്ചത്ത്

ഇടുക്കി- കുമളിയിലെ ആഡംബര ഹോട്ടലില്‍ താമസിച്ചശേഷം ലക്ഷങ്ങളുടെ വാടക നല്‍കാതെ മുങ്ങിയ കേസില്‍ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്ത പത്തനംതിട്ട സീതത്തോട് വയ്യാറ്റുപുഴ മനുഭവനില്‍ മനുമോഹനെ ചോദ്യം ചെയ്തപ്പോള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വര്‍ഷങ്ങളായി നടത്തിയ വമ്പന്‍ തട്ടിപ്പുകളാണ് ചുരുളഴിഞ്ഞത്.
കുമളിയിലെ ആഡംബര ഹോട്ടലില്‍ താമസിച്ച് മൂന്ന് ലക്ഷം രൂപ വാടക നല്‍കാതെ മുങ്ങിയ കേസിലാണ് മനുവിനെ പോലീസ് പിടികൂടിയത്. ഗോവയില്‍ നിന്നാണ് ഇയാള്‍ അകത്തായത്.

ഗുജറാത്ത് സ്വദേശിയായ ഭാര്യയ്ക്കും കുട്ടിക്കുമൊപ്പമാണ് മനു തട്ടിപ്പിനിറങ്ങുന്നത്. ഭാര്യയും കുട്ടിയുമൊപ്പമുള്ളതിനാല്‍ തട്ടിപ്പുകാരനാണെന്ന് ആരും സംശയിക്കുകയുമില്ല. മാത്രമല്ല,നോര്‍ത്ത് ഇന്ത്യക്കാരിയാണ് ഭാര്യയെന്നതിനാല്‍ വടക്കേ ഇന്ത്യയില്‍ നിുള്ള ടൂറിസ്റ്റ് സംഘമാണെന്ന്  ഹോട്ടലുകാര്‍ കരുതുകയും ചെയ്യും. മുന്തിയ ഇനം വസ്ത്രങ്ങള്‍ ധരിച്ചും ആഡംബര വാഹനങ്ങളില്‍ യാത്രചെയ്തും വിലകൂടിയ ഭക്ഷണസാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തും ഹോട്ടല്‍ ജീവനക്കാരുടെ വിശ്വാസം പിടിച്ചുപറ്റും.
കുമളി അണക്കരയിലെ ആഡംബര ഹോട്ടലില്‍ 2020 ഡിസംബര്‍ 18 മുതല്‍ 2021 മാര്‍ച്ച് 9 വരെയാണ് മനുമോഹന്‍ കുടുംബസമേതം താമസിച്ചത്. മുറിവാടക ഇനത്തിലും ഭക്ഷണം കഴിച്ച വകയിലും കൊടുക്കാനുള്ളത് 3,17,000 രൂപ. അത് കൊടുക്കാതെ ഹോട്ടലില്‍ നിന്ന് മുങ്ങിയ പ്രതി ഫോണ്‍ നമ്പറുകള്‍ സ്വിച്ച് ഓഫ് ആക്കി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. ഗോവയില്‍ ആഡംബര ഹോട്ടലില്‍ താമസിച്ചു വരവേയാണ് മനുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി സമാന രീതിയില്‍ മറ്റെവിടെയെങ്കിലും തട്ടിപ്പു നടത്തിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

 

 

Latest News