Sorry, you need to enable JavaScript to visit this website.

ഫേസ്ബുക്കിന്റെ മറവിൽ വ്യാപക തട്ടിപ്പ്; നിരവധി പ്രവാസികൾക്ക് പണം നഷ്ടമായി

ദമാം- കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പ്രവാസ ലോകത്ത് തട്ടിപ്പുകളുടെ പെരുമഴക്കാലം തുടരുന്നു. ഏറെ വ്യത്യസ്തവും വേറിട്ടതുമായ പല പല ഓൺലൈൻ ചതിക്കുഴികളിലൂടെ ആയിരക്കണക്കിന് പ്രവാസികളുടെ സാമ്പത്തിക നഷ്ടങ്ങളുടെ കണക്കുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും അടുത്ത സമയത്ത് അരങ്ങേറുന്ന തട്ടിപ്പിന്റെ പുതിയ രൂപം ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ചു പണം ആവശ്യപ്പെടുന്ന രീതിയാണ്. ഫേസ്ബുക്കിൽ ഏറെ സുപരിചിതരും ആക്ടീവുമായ ആളുകളെ കണ്ടെത്തി അവരുടെ പേരിൽ ഒരു ഫേക്ക് അക്കൗണ്ട് ആരംഭിച്ച് അതിൽ നിന്നും സുഹൃത്തുക്കൾക്ക് സൗഹൃദത്തിനായി റിക്വസ്റ്റ് അയക്കുകയും അത് സ്വീകരിച്ചു കഴിഞ്ഞാൽ മെസ്സഞ്ചർ വഴി പണം ആവശ്യപ്പെടുന്ന രീതിയാണ് ഏറെ അത്ഭുതകരം.

 

സൗദിയിൽ തന്നെ നിരവധി പ്രമുഖരുടെ പേരിൽ ഇതിനകം പുതിയ ഫേക്ക് അക്കൗണ്ടുകൾ തുടങ്ങിയിട്ടുണ്ട്. മലയാളികൾ അടക്കം നിരവധി പേർക്ക് ഇതിനകം ആയിരക്കണക്കിന് റിയാലുകൾ നഷ്ടമായിട്ടുമുണ്ട്. ചതിക്കുഴിയിൽ പെട്ട പലരും നാണക്കേടുകൾ കൊണ്ട് പുറത്ത് അറിയിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ മെഡിക്കൽ സ്ഥാപനങ്ങളിലെ നിരവധി ഡോക്ടർമാരുടെ പേരിൽ ഐ.ഡികൾ പുതുതായി സൃഷ്ടിച്ച് അവരുടെ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്ത് നാട്ടിൽ അവധിക്ക് എത്തിയതാണെന്നും പെട്ടെന്ന് അൽപം പണം ആവശ്യമായി വന്നിരിക്കുകയാണെന്നും ഇന്ന് തന്നെ ഓൺലൈൻ വഴി പണം അയക്കണമെന്നും ആവശ്യപ്പെടുന്നു. ഡോക്ടർമാരെ അറിയുന്നവർ നേരിട്ട് ബന്ധപ്പെട്ടതിനാൽ തട്ടിപ്പ് ബോധ്യമായതിനെ തുടർന്ന് പണം നഷ്ടമായില്ല. എന്നാൽ ഇതിനു സമാനമായി ആലപ്പുഴ സ്വദേശിയായ പ്രവാസി വ്യവസായിയുടെ പേരിൽ ഉണ്ടാക്കിയ ഐ.ഡിയിൽ നിന്നും റിക്വസ്റ്റ് വന്നതിനെ തുടർന്ന് എറണാകുളം സ്വദേശിക്ക് ഒരു ലക്ഷം രൂപ നഷ്ടമായി.

 

ദമാമിലെ പ്രമുഖ സാമൂഹിക പ്രവർത്തകരുടെ പേരിലും നിരവധി റിക്വസ്റ്റ്കൾ ഫേസ്ബുക്ക് വഴി പ്രചരിക്കുന്നുണ്ട്. സാധാരണക്കാരായ മലയാളികൾ അടക്കം നിരവധി ആളുകൾക്ക് പണം നഷ്ടമായതായി അറിയുന്നുണ്ട്. കഴിഞ്ഞ ദിവസം ഒ.ഐ.സി.സി പ്രസിഡണ്ട് ബിജു കല്ലുമലക്ക് റിക്വസ്റ്റ് വന്നത് പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ഷാജി മതിലകത്തിന്റെ പേരിലായിരുന്നു. നേരത്തെ മുതൽ തന്നെ ഷാജി ഫ്രണ്ട് ലിസ്റ്റിൽ നിലനിൽക്കെ വീണ്ടും റിക്വസ്റ്റ് വന്നതോടെ വീണ്ടും സ്വീകരിക്കുകയും പിന്നീട് മെസ്സഞ്ചർ വഴി ചാറ്റിംഗ് തുടങ്ങുകയുമായിരുന്നു. അത്യാവശ്യമായി പണം ആവശ്യമുണ്ടെന്നും തന്റെ സുഹൃത്തിന്റെ ഗൂഗിൾ പേ വഴിയോ പേ ടി.എം വഴിയോ പണമയക്കണമെന്നും ആവശ്യപ്പെട്ടു.

 

ഗൂഗിൾ പേ നമ്പർ നൽകുകയും ചെയ്തു. ഇത്തരം തട്ടിപ്പുകൾ വ്യാപകമായി നടക്കുന്നതിനെ കുറിച്ച് ചിലർക്കെങ്കിലും ധാരണ ഉള്ളതിനാൽ പണം നഷ്ടമാവുന്നില്ല. എന്നാൽ സമൂഹത്തിൽ നിന്നും അകന്നു കഴിയുന്ന നിരവധി പ്രവാസികൾ ഈ ചതിക്കുഴിയിൽ അകപ്പെടുന്നുണ്ട്. നേരത്തെ ബാങ്കുകളുടെ ഫേക്ക് ഐ.ഡികളിൽ നിന്നും ഒ.ടി.പി ആവശ്യപ്പെട്ട് മെസ്സേജ് വന്നു നിരവധി ആളുകൾക്ക് പണം നഷ്ടമായത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ പ്രമുഖ സ്ഥാപനങ്ങളുടെ പേരിൽ ഓൺലൈനിലൂടെ ഭീമമായ തുക സമ്മാനം നേടിയതായും അത് നേടിയെടുക്കുന്നതിന് ചെലവുണ്ടെന്നും പറഞ്ഞു പണം ആവശ്യപ്പെടുന്നതും മലയാളം ന്യൂസ് അടക്കം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്ന് വലിയൊരു റാക്കറ്റിനെ സൗദി പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇത്തരം വ്യാപകമായ തട്ടിപ്പുകൾ കോവിഡിന്റെ മറവിൽ രാജ്യത്ത് നടക്കുന്നുണ്ടെന്നും പ്രവാസികൾ ജാഗ്രത പാലിക്കണമെന്നും സാമൂഹ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകി.
 

Tags

Latest News