Sorry, you need to enable JavaScript to visit this website.

നിയമ ലംഘനങ്ങൾ: 132 സ്ഥാപനങ്ങൾക്ക് പിഴ

റിയാദ് - സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി നിയമങ്ങൾ ലംഘിച്ചതിന് കഴിഞ്ഞ മാസം 132 സ്ഥാപനങ്ങൾക്ക് പിഴകൾ ചുമത്തിയതായി അതോറിറ്റി അറിയിച്ചു. രാജ്യത്തെ മുഴുവൻ പ്രവിശ്യകളിലും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി മേൽനോട്ട പരിധിയിൽ വരുന്ന സ്ഥാപനങ്ങളിൽ കഴിഞ്ഞ മാസം നടത്തിയ പരിശോധനകളിലാണ് ഇത്രയും സ്ഥാപനങ്ങളിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയത്. 
പിഴകൾ ചുമത്തിയതിൽ 73 സ്ഥാപനങ്ങൾ ഭക്ഷ്യവസ്തു മേഖലയിൽ പ്രവർത്തിക്കുന്നവയാണ്. മാനദണ്ഡങ്ങൾക്ക് നിരക്കുന്ന നിലക്ക് പോഷക വിവരങ്ങൾ അടങ്ങിയ കാർഡ് ഭക്ഷ്യവസ്തുക്കളിൽ സ്ഥാപിക്കാതിരിക്കൽ, തെറ്റായ രീതിയിൽ കാർഡ് സ്ഥാപിക്കൽ എന്നിവയാണ് ഈ സ്ഥാപനങ്ങളുടെ ഭാഗത്ത് കണ്ടെത്തിയ പ്രധാന നിയമ ലംഘനങ്ങൾ. ഈ നിയമ ലംഘനത്തിന് പത്തു ലക്ഷം റിയാൽ പിഴ ലഭിക്കും. കൂടാതെ നിയമ ലംഘനങ്ങളുടെ സ്വഭാവമനുസരിച്ച് 180 ദിവസം വരെ ഭക്ഷ്യവസ്തു മേഖലയിൽ പ്രവർത്തിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തൽ, ലൈസൻസ് ഒരു വർഷത്തേക്ക് മരവിപ്പിക്കൽ, ലൈസൻസ് റദ്ദാക്കൽ എന്നീ ശിക്ഷകളും സ്ഥാപനങ്ങൾക്കെതിരെ സ്വീകരിക്കും. 
കോസ്‌മെറ്റിക്‌സ് നിയമം ലംഘിച്ചതിന് 29 സ്ഥാപനങ്ങൾക്കും കഴിഞ്ഞ മാസം അതോറിറ്റി പിഴകൾ ചുമത്തി. സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യാത്ത സൗന്ദര്യ വർധക വസ്തുക്കളുടെ ക്രയവിക്രയമാണ് ഈ സ്ഥാപനങ്ങളുടെ ഭാഗത്ത് ഏറ്റവും കൂടുതൽ കണ്ടെത്തിയത്. ഈ നിയമ ലംഘനത്തിന് 50 ലക്ഷം റിയാൽ വരെ പിഴയാണ് ശിക്ഷ ലഭിക്കുക. 
നിയമ ലംഘനങ്ങൾക്ക് 24 ഫാർസ്യൂട്ടിക്കൽസ് സ്ഥാപനങ്ങൾക്കെതിരെയും കഴിഞ്ഞ മാസം നടപടികൾ സ്വീകരിച്ചു. മരുന്നുകളുടെ നീക്കങ്ങളെ കുറിച്ച് അതോറിറ്റി അംഗീകാരമുള്ള ഇ-ട്രാക്കിംഗ് സംവിധാനത്തിൽ തൽക്ഷണം റിപ്പോർട്ട് ചെയ്യാത്തതുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളാണ് ഫാർമസ്യൂട്ടിക്കൽസ് സ്ഥാപനങ്ങളുടെ ഭാഗത്ത് ഏറ്റവും കൂടുതൽ കണ്ടെത്തിയത്. ഇത്തരം നിയമ ലംഘനങ്ങൾ നടത്തുന്ന ഫാർമസ്യൂട്ടിക്കൽസ് സ്ഥാപനങ്ങൾക്ക് 50 ലക്ഷം റിയാൽ വരെ പിഴയും 180 ദിവസം വരെ സ്ഥാപനം അടപ്പിക്കലും ലൈസൻസ് റദ്ദാക്കലും അടക്കമുള്ള ശിക്ഷകൾ ലഭിക്കും. 
ആറു വെറ്ററിനറി സ്ഥാപനങ്ങളുടെ ഭാഗത്തും കഴിഞ്ഞ മാസം നിയമ ലംഘനങ്ങൾ കണ്ടെത്തി. സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യാത്ത വെറ്ററിനറി മരുന്നുകൾ ക്രയവിക്രയം നടത്തുകയാണ് ഈ സ്ഥാപനങ്ങൾ ചെയ്തത്. ഈ നിയമ ലംഘനത്തിന് 50 ലക്ഷം റിയാൽ വരെ പിഴയാണ് ശിക്ഷ. കൂടാതെ പദവി ശരിയാക്കുന്നതു വരെ സ്ഥാപനം താൽക്കാലികമായി അടപ്പിക്കുകയോ ലൈസൻസ് റദ്ദാക്കുകയോ ചെയ്യുമെന്നും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി പറഞ്ഞു. സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി മേൽനോട്ട പരിധിയിൽ വരുന്ന സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളെ കുറിച്ച് 19999 എന്ന നമ്പറിലോ 'തമ്മനീ' ആപ് വഴിയോ ബന്ധപ്പെട്ട് എല്ലാവർക്കും റിപ്പോർട്ട് ചെയ്യാവുന്നതാണെന്നും അതോറിറ്റി പറഞ്ഞു. 
 

Tags

Latest News