പത്തനംതിട്ട- ട്രെയിനില്‍ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മെഴുവേലി സ്വദേശിനിയുടെ പരാതിയില്‍ തിരുവനന്തപുരം പൗഡിക്കോണം കേരളാദിത്യപുരം ബഥേല്‍ ഹൗസില്‍ വി.എസ്. അമല്‍ (25), നാലാഞ്ചിറ വയമ്പകോണം അവിട്ടം വീട്ടില്‍ ജെ.എസ്. അതുല്‍ (24) എന്നിവരാണ് അറസ്റ്റിലായത്.
ട്രെയിന്‍ യാത്രയില്‍ അമല്‍ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ബംഗളൂരുവിലെത്തിക്കുകയായിരുന്നു. ഇവിടെ വെച്ച് അതുലുമായി ചേര്‍ന്നു പീഡിപ്പിച്ചുവെന്നാണ് പരാതി. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പോലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. അമലിനെ തുമ്പയില്‍നിന്നും അതുലിനെ നാലാഞ്ചിറയില്‍നിന്നുമാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.






