കാസര്‍കോട്- ദേളിയിലെ സ്വകാര്യ സ്‌കൂളില്‍ പഠിച്ചിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കളനാട് സ്വദേശിനി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ അറസ്റ്റിലായ ദേളി സഅദിയ സ്‌കൂളിലെ അധ്യാപകനും ആദൂര്‍ സി.എ നഗര്‍ സ്വദേശിയുമായ എ. ഉസ്മാനെ (25) ഒക്ടോബര്‍ ഒന്ന് വരെ കോടതി റിമാന്റ് ചെയ്തു. ബേക്കല്‍ ഡിവൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പെണ്‍കുട്ടിയെ മരണത്തിലേക്ക് തള്ളിവിടുന്നതിന് കാരണമായ അശ്ലീല പോസ്റ്റുകള്‍ മൊബൈലില്‍ അയച്ചിരുന്നതായി അറസ്റ്റിലായ പ്രതി ഉസ്മാന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ബേക്കല്‍ ഡിവൈ.എസ്.പി സി.കെ സുനില്‍കുമാറും സംഘവും നടത്തിയ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റസമ്മതം നടത്തിയത്. മാതാവിന്റെ ഫോണ്‍ എടുത്താണ് അധികവും ചാറ്റിങ് നടത്തിയതെന്നും ഈ ലൈംഗിക ചുവയുള്ള പോസ്റ്റുകളും സംഭാഷണങ്ങളും അതിലേക്ക് അയച്ചിരുന്നുവെന്നും പോലീസ് തെളിവുകള്‍ ഹാജരാക്കിയപ്പോള്‍ പ്രതി മൊഴി നല്‍കി. മാതാവിന്റെ ഫോണിലേക്ക് അയച്ച അശ്ലീല പോസ്റ്റുകളാണ് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതാണ് വീട്ടുകാര്‍ തെളിവായി പോലീസിന് മുമ്പില്‍ ഹാജരാക്കിയത്. സൈബര്‍ സെല്ലില്‍ നടത്തിയ പരിശോധനയില്‍ എല്ലാം ലഭിക്കുകയും ചെയ്തു. ഇന്‍സ്റ്റഗ്രാം വഴിയുള്ള നിരന്തരമായ ചാറ്റിങ്ങാണ് പെണ്‍കുട്ടിയെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് പൊലീസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ ആദ്യം അസ്വാഭാവിക മരണത്തിന് കേസ് എടുത്ത മേല്‍പറമ്പ പോലീസ്, അന്വേഷണത്തിനിടെ പ്രതിയുടെ പേരില്‍ പോക്‌സോ നിയമവും ബാലനീതി നിയമവും ആത്മഹത്യാ പ്രേരണാ കുറ്റവും ചുമത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ മരണ വിവരം അറിഞ്ഞ ഉടന്‍ പ്രതി കര്‍ണാടകയിലേക്ക് കടന്നിരുന്നു. കര്‍ണാടക പോലീസിന്റെ സഹായത്തോടെ ദിവസങ്ങളോളം പരിശോധന നടത്തിയിരുന്നു. അതിനിടയില്‍ പ്രതി മഹാരാഷ്ട്രയിലേക്ക് കടന്ന് വിദേശത്തേക്ക് പോകാനായി ശ്രമം നടത്തുന്നതായി മനസ്സിലാക്കിയ അന്വേഷണ സംഘം തന്ത്രപൂര്‍വം ഒരുക്കിയ വലയില്‍ പ്രതിയെ കുടുക്കുകയായിരുന്നു. ആത്മഹത്യക്ക് പിന്നില്‍ സ്‌കൂളിലെ ഒരു അധ്യാപകന്റെ മാനസിക പീഡനമാണ് എന്നും എത്രയും പെട്ടെന്ന് പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബവും നാട്ടുകാരും പ്രതിഷേധ സമരത്തിന് തീരുമാനിച്ചിരിക്കെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.






