നേതാക്കള്‍ ഓരോരുത്തരായി പുറത്തേക്ക്; ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിനെ മാറ്റി

കൊല്‍ക്കത്ത- തൃണമൂല്‍ കോണ്‍ഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മിന്നും ജയം നേടിയതിനു പിന്നാലെ ബിജെപി എംഎല്‍എമാരും എംപിമാരും തൃണമൂലിലേക്ക് ഒഴുകുന്നത് തുടരുന്നതിനിടെ സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ ദിലീപ് ഘോഷിനെ ബിജെപി പദവിയില്‍ നിന്ന് മാറ്റി. ഇടക്കിടെ വിവാദ പ്രസ്താവനകളുമായി വാര്‍ത്തകളില്‍ നിറയാറുള്ള ദിലീപ് ഘോഷിനെ ദേശീയ വൈസ് പ്രസിഡന്റായാണ് ഇപ്പോള്‍ നിയമിച്ചിരിക്കുന്നത്. സംസ്ഥാന ബിജെപി അധ്യക്ഷന്റെ ചുമതല യുവ എംപി സുകാന്ത മജുംദാറിനാണ് നല്‍കിയിരിക്കുന്നത്. ബോ്ട്ടണി അധ്യാപകനായ മജുംദാര്‍ ആര്‍എസ്എസിലൂടെ വളര്‍ന്ന വന്ന നേതാവാണ്. 

കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് പുറത്താക്കപ്പെട്ടതിനു പിന്നാലെ ബിജെപി എംപി ബാബുല്‍ സുപ്രിയോ തൃണമൂലിലേക്ക് പോയതിനെ തുടര്‍ന്നാണ് പുതിയ നേതൃമാറ്റം. പല പ്രസ്താവനകളിലൂടെയും വിവാദ താരമായ ദിലീപ് ഘോഷാണ് ബിജെപിയുടെ തോല്‍വിക്ക് കാരണമെന്ന് ബാബുല്‍ സു്പ്രിയോ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ബംഗാളില്‍ 200 സീറ്റു നേടുമെന്ന് പ്രഖ്യാപിച്ച് കൊണ്ടുപിടിച്ച പ്രചാരണം നടത്തിയ ബിജെപിക്ക് 77 സീറ്റാണ് ലഭിച്ചിരുന്നത്. ഇവരില്‍ നാലു എംഎല്‍എമാര്‍ ഇതിനകം തൃണമൂല്‍ കോണ്‍ഗ്രസിലേക്കു തന്നെ തിരിച്ചു പോയിട്ടുണ്ട്.
 

Latest News