Sorry, you need to enable JavaScript to visit this website.

അഫ്ഗാനിസ്ഥാന്‍ പ്രശ്‌നത്തില്‍ സൗദി അറേബ്യയും ഇന്ത്യയും ഒരുമിച്ചുനീങ്ങും

ഒബ്‌സര്‍വര്‍ റിസേര്‍ച്ച് ഫൗണ്ടേഷന്‍ ന്യൂദല്‍ഹിയില്‍ സംഘടിപ്പിച്ച ഇന്ററാക്ഷന്‍ സെഷനില്‍ സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍.

ന്യൂദല്‍ഹി- അഫ്ഗാനിസ്ഥാന്‍ പ്രശ്‌നത്തില്‍ ഒരുമിച്ചു നീങ്ങുന്നതിനെ കുറിച്ച് ഇന്ത്യയും സൗദി അറേബ്യയും വിശകലനം ചെയ്തതായി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ ഏറ്റവും ആശങ്കയുണ്ടാക്കുന്ന കാര്യം സ്ഥിരതയാണ്. അഫ്ഗാനിസ്ഥാനിലെയും മേഖലയിലെയും സുരക്ഷക്ക് ഇന്ത്യയും സൗദി അറേബ്യയും മുന്‍ഗണന നല്‍കുന്നു. അഫ്ഗാനിസ്ഥാന്‍ ഭീകരതയുടെ ഉറവിടമായി മാറരുത് എന്നാണ് ആഗ്രഹിക്കുന്നത്. നിലവില്‍ ഭരണ നേതൃത്വം വഹിക്കുന്ന താലിബാന്‍ വിവേകത്തോടെ ഭരണം കൈയാളുകയും സുസ്ഥിരത, സുരക്ഷ, സമൃദ്ധി എന്നിവയിലേക്ക് നയിക്കുന്ന ഒരു പാത രൂപപ്പെടുത്തുകയും ചെയ്യണം.
സുരക്ഷാ സ്ഥിതിഗതികളുമായി ബന്ധപ്പെട്ട് ആഗോള സമൂഹത്തിനുള്ള ഭീതി താലിബാന്‍ കണക്കിലെടുക്കണം. ദീര്‍ഘ കാലമായി സൗദി അറേബ്യ താലിബാനുമായി ആശയവിനിമയം നടത്തിയിട്ടില്ല. അതിര്‍ത്തി കടന്നുള്ള ഭീകരതയുമായി ബന്ധമുള്ള എല്ലാ കാര്യങ്ങളും താലിബാന്‍ പൂര്‍ണമായും ഉപേക്ഷിക്കണം. ഇക്കാര്യത്തില്‍ താലിബാന്‍ വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്. അടുത്തിടെ അവര്‍ വീണ്ടും ഇത് ആവര്‍ത്തിക്കുകയും ചെയ്തു. ഇക്കാര്യം അവര്‍ പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. താലിബാന്‍ ഇത് പാലിക്കുന്നുണ്ടെന്നും ഇക്കാര്യത്തിലുള്ള നിലപാട് ഉറച്ചതാണെന്നും ഉറപ്പുവരുത്താന്‍ അന്താരാഷ്ട്ര പങ്കാളികളുമായി ചേര്‍ന്ന് സൗദി അറേബ്യ പ്രവര്‍ത്തിക്കും.
എണ്ണ വിപണിയില്‍ സ്ഥിരതയുണ്ടാക്കുന്നതിന് ഒപെക്കുമായി ചേര്‍ന്ന് സൗദി അറേബ്യ എക്കാലവും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉല്‍പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കും പ്രയോജനം ചെയ്യുന്ന സ്ഥിരതയുള്ള എണ്ണ വിപണിയുണ്ടാക്കാന്‍ ഒപെക് ആണ് പ്രധാന ചാലക ശക്തിയായി പ്രവര്‍ത്തിക്കുന്നതെന്നും സൗദി വിദേശ മന്ത്രി പറഞ്ഞു.
ഒബ്‌സര്‍വര്‍ റിസേര്‍ച്ച് ഫൗണ്ടേഷന്‍ ന്യൂദല്‍ഹിയില്‍ സംഘടിപ്പിച്ച ഇന്ററാക്ഷന്‍ സെഷനിലും സൗദി വിദേശ മന്ത്രി പങ്കെടുത്തു. പ്രമുഖ ചിന്തകരും ഗവേഷകരും പരിപാടിയില്‍ പങ്കെടുത്തു. ജി-20 കൂട്ടായ്മയില്‍ സൗദി അറേബ്യയും ഇന്ത്യയും വഹിക്കുന്ന മുന്‍നിര പങ്കും, ആഗോള തലത്തില്‍ സുരക്ഷയും സമാധാനവും ശക്തമാക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഏകോപനം നടത്തലും അടക്കം സൗദി അറേബ്യക്കും ഇന്ത്യക്കും താല്‍പര്യമുള്ള വിഷയങ്ങള്‍ സെഷനില്‍ വിശകലനം ചെയ്തു. ഭൂമിയെ സംരക്ഷിക്കാനും ഭൗമനാശം കുറക്കാനും പവിഴപ്പുറ്റുകള്‍ സംരക്ഷിക്കാനും സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങളുടെ പൂര്‍ത്തീകരണമെന്നോണവും സംയുക്ത ആഗോള പ്രശ്‌നങ്ങളില്‍ സൗദി അറേബ്യ വഹിക്കുന്ന പങ്കിന്റെ ഭാഗമായും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ച ഗ്രീന്‍ സൗദി, ഗ്രീന്‍ മിഡില്‍ ഈസ്റ്റ് പദ്ധതികളെ കുറിച്ച് സെഷനില്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ വിശദീകരിച്ചു.
പുനരുപയോഗ ഊര്‍ജ പദ്ധതികള്‍, സാങ്കേതികവിദ്യാ മേഖലയില്‍ നിക്ഷേപങ്ങള്‍ നടത്താനുള്ള താല്‍പര്യങ്ങള്‍ എന്നിവ അടക്കം വിഷന്‍ 2030 പദ്ധതിയുടെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ നടക്കുന്ന ദ്രുതഗതിയിലുള്ള സംഭവവികാസങ്ങളും ചടങ്ങില്‍ വിശകലനം ചെയ്തു. ഇന്ത്യയിലെ സൗദി അംബാസഡര്‍ ഡോ. സൗദ് അല്‍സാത്തിയും ഇന്ററാക്ഷന്‍ സെഷനില്‍ പങ്കെടുത്തു.

 

Latest News