Sorry, you need to enable JavaScript to visit this website.

അഞ്ചാം നിലയില്‍ ഐ.എസ്.ഐ; അര്‍ണബ് ഗോസ്വാമി ചിരിപ്പിച്ചു കൊല്ലുന്നു

ഹൈദരാബാദ്- അഫ്ഗാനിസ്ഥാനിലെ പഞ്ചശീര്‍ താഴ്‌വരയിലെ പാക്കിസ്ഥാന്‍ സേനയുടെ സാന്നിധ്യത്തെ കുറിച്ച് റിപ്പബ്ലിക് ടിവി മേധാവിയും അവതാരകനുമായ അര്‍ണബ് ഗോസ്വാമി ചാനല്‍ ചര്‍ച്ചക്കിടെ പറഞ്ഞ കള്ളം പൊളിച്ചടക്കി സമൂഹ മാധ്യമങ്ങള്‍.
ഇന്ത്യക്കാരും പാക്കിസ്ഥാനികളും ഒരുപോലെ ഷെയര്‍ ചെയ്യുകയാണ് അര്‍ണബിന്റെ വിവാദ വീഡിയോ.
കാബൂളിലെ ആഡംബര സറീന ഹോട്ടലിലെ അഞ്ചാം നിലയിലാണ് പാക് സൈനിക ഉദ്യോഗസ്ഥരും ഐ.എസ്.ഐ ഉദ്യോഗസ്ഥരും തങ്ങുന്നതെന്നാണ് അര്‍ണബ് തട്ടിവിട്ടിരുന്നത്. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പാക് ഭരണകക്ഷിയായ തഹ് രികെ ഇന്‍സാഫ് പാര്‍ട്ടിയുടെ അബ്ദുസമദ് യാക്കൂബിനേയും അനുവദിച്ചിരുന്നു. താലിബാനില്‍ വന്‍ പിളര്‍പ്പ് എന്ന പേരിലാണ് ചര്‍ച്ച നടത്തിയിരുന്നത്.
കാബൂളിലെ സറീന ഹോട്ടലില്‍ രണ്ടു നില മാത്രമേയുള്ളൂഎന്ന യൂക്കൂബ് പറഞ്ഞപ്പോള്‍ പോയി പരിശോധിക്കൂ, എത്ര പാക്കിസ്ഥാനി സൈനിക ഉദ്യോഗസ്ഥര്‍ അവിടെയുണ്ടന്ന് കാണാമെന്നായിരുന്നു അര്‍ണബിന്റെ മറുപടി. പാക് സൈനിക ഉദ്യോഗസ്ഥരുടെ റൂം നമ്പറുകളും അവര്‍ എന്താണ് അത്താഴത്തിന് ഓര്‍ഡര്‍ ചെയ്തിരിക്കുന്നതെന്ന് പോലും തനിക്ക് പറയാന്‍ കഴിയുമെന്ന് അര്‍ണബ് അവകാശപ്പെട്ടു. തന്റെ ഇന്റലിജന്‍സ് സ്രോതസ്സുകളെ കുറിച്ച് ചോദ്യം ചെയ്യരുതെന്നും പാക്കിസ്ഥാനികള്‍ മുഴുവന്‍ തങ്ങളുടെ വ്യോമ നിരീക്ഷണത്തിലാണെന്നും അര്‍ണബ് പറഞ്ഞു.
അടുത്ത ദിവസം ചര്‍ച്ചക്കെത്തിയ യാക്കൂബ് കാബൂളിലെ ഹോട്ടലിന് രണ്ട് നിലകള്‍ മാത്രമേയുള്ളൂവെന്നും മൂന്ന്, നാല്, അഞ്ച് നിലകളില്ലെന്നും ആവര്‍ത്തിച്ചു. പൊട്ടിച്ചിരി മാത്രമായിരുന്നു അര്‍ണബിന്റെ മറുപടി.
അര്‍ണബ് ഗോസ്വാമി, ഐഎസ്‌ഐഓണ്‍ ഫിഫ്ത് ഫ് ളോര്‍ എന്നീ ഹാഷ് ടാഗുകളിലാണ് നെറ്റിസന്‍സ് ഏതാനും ദിവസമായി അര്‍ണബിന്റെ കള്ളം പിടിച്ച കാര്യം പ്രചരിപ്പിക്കുന്നത്.
ഇന്ത്യയിലെ ഫേക് ന്യൂസ് നെറ്റ് വര്‍ക്ക് തുറന്നു കാട്ടിയതിന്റെ ക്രെഡിറ്റ് ഇപ്പോള്‍ പാക്കിസ്ഥാനിലെ ഭരണകക്ഷിയായ തെഹ് രീകെ ഇന്‍സാഫ് പാര്‍ട്ടി ഏറ്റെടുത്തിരിക്കയാണ്.

 

Latest News