Sorry, you need to enable JavaScript to visit this website.
Wednesday , December   01, 2021
Wednesday , December   01, 2021

വൈസ് ചാൻസലർ പദവി നിരസിച്ച ഭാരതത്തിന്റെ 'ഐൻസ്റ്റീൻ'

കേരള സർവകലാശാലയുടെ ആദ്യ രൂപമായ തിരുവിതാംകൂർ സർവകലാശാല സ്ഥാപിക്കുന്ന ഘട്ടത്തിൽ അതിന്റെ  വൈസ് ചാൻസലറാകാൻ ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീനെ ദിവാൻ സർ. സി.പി രാമസ്വാമി അയ്യർ ക്ഷണിച്ചിരുന്നോ എന്നത് അക്കദമിക രംഗത്തെ തർക്ക വിഷയമാണ്. വൈസ് ചാൻസലർ പദവിയിലേക്ക് ഐൻസ്റ്റീന് പ്രതിമാസം 6000 രൂപ സർ സി.പി വാഗ്ദാനം ചെയ്തിരുന്നുവെന്നൊക്കെയായിരുന്നു ആ കഥ. ആധികാരികത ഒട്ടുമേ ഇല്ലാത്ത ഈ പ്രചാരണം വെള്ള പൂശലാണെന്നായിരുന്നു രണ്ട് മൂന്ന് വർഷം മുമ്പ് വീണ്ടും പൊട്ടിപ്പുറപ്പെട്ട തർക്കത്തിൽ സർ സി.പി വിരുദ്ധ പക്ഷത്തിന്റെ വാദം.  അതെന്തായാലും ഭാരതത്തിന്റെ ഐൻസ്റ്റീൻ എന്ന പേരിലറിയപ്പെടുന്ന, ഇക്കഴിഞ്ഞ ദിവസം അന്തരിച്ച താണു പത്മനാഭൻ എന്ന ശാസ്ത്ര പ്രതിഭയെ കേരള സർവകലാ ശാലയുടെ വൈസ് ചാൻസലറായി താൻ 2006 ൽ ക്ഷണിച്ചിരുന്നുവെന്ന്,  താണു പത്മനാഭന്റെ മരണ ശേഷം എഴുതിയ ഫെയ്‌സ് ബുക്ക് കുറിപ്പിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ. ബേബി വെളിപ്പെടുത്തിയിട്ടുണ്ട്. ബേബിയുടെ ഫെയ്‌സ് ബുക്ക് കുറിപ്പ് ഇങ്ങിനെ - 2006 ലെ എൽ. ഡി .എഫ് മന്ത്രിസഭയുടെ കാലത്ത് കേരള സർവകലാശാലയുടെ വൈസ് ചാൻസലറായി പരിഗണിച്ചാൽ അംഗീകരിക്കുമോ എന്ന് ഞാൻ അന്വേഷിച്ചു.
ഇത് വലിയൊരു അംഗീകാരമാണെങ്കിലും തൽക്കാലം എന്നെ ഗവേഷണ പരിപാടികൾ തുടരാൻ അനുവദിക്കണം' എന്ന് അപേക്ഷിക്കുകയാണു ചെയ്തത്. മന്ത്രിയായിരുന്നപ്പോൾ എം.എ ബേബി ചിന്തിച്ച അത്യുന്നത നിലവാരമുള്ള കാര്യം എന്ന് മാത്രമേ ഈ നടപടിയെ വിശേഷിപ്പിക്കാൻ കഴിയുകയുള്ളൂ. ആദ്യം കാണുന്ന പാർട്ടി മുദ്രാവാക്യമെഴുത്തുകാരനെയോ, ബന്ധുവിനെയോ പിടിച്ച് ഇതു പോലുള്ള സ്ഥാനത്തിരുത്തുന്നവർ നിറയുന്ന കാലത്ത് ബേബി സ്വീകരിച്ചത് തികച്ചും വേറിട്ട നിലപാട് തന്നെ.
താണു പത്മനാഭൻ എന്ന പ്രതിഭയെ കേരളത്തിന് അത്രക്കൊന്നും അറിയുമായിരുന്നില്ല. അവസാനമിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ താണു പത്മനാഭനാണ് മുഖചിത്രമായി വന്നത്. താണു പത്മനാഭന്റെ ഗ്രാവിറ്റി എന്ന തലക്കെട്ടിൽ വന്ന ആഴ്ചപ്പതിപ്പിന്റെ മുഖ്യ വായന വിഷയമായ  ഈ പരിചയപ്പെടുത്തൽ വായിച്ചതു കാരണമായിരിക്കും എത്രയോ പേർ അദ്ദേഹത്തെ അറിഞ്ഞത്. ആ ലേഖനം ആളുകൾ വായിച്ചു തീരുമ്പേഴേക്കും അദ്ദേഹം ഭൂമിയിൽ തന്റെ ദൗത്യം നിർവഹിച്ച് തീർത്ത് മടങ്ങിയിരുന്നു.
 'ഭാരതത്തിന്റെ ഐൻസ്റ്റീൻ' എന്ന അംഗീകാരത്തിന് അർഹനായിരുന്ന താണു  കേരളം ലോകത്തിനു നൽകിയ  അദ്ഭുത ഗണിത പ്രതിഭയായിരുന്നു. 2007 ൽ രാഷ്ട്രം അദ്ദേഹത്തിന് പദ്മശ്രീ നൽകി ആദരിച്ചു.
1957 മാർച്ച് 10 ന് തിരുവനന്തപുരത്ത്  കരമനയിൽ താണു അയ്യരുടെയും ലക്ഷ്മിയുടെയും മകനായി ജനിച്ച താണു പദ്മനാഭന്റെ കണക്കിന്റെ വഴി പിതാവിൽ നിന്ന് കിട്ടിയതായിരുന്നു. കരമനയിലെ വാടക വീട്ടിൽ താമസിച്ച താണു സർക്കാർ സ്‌കൂളുകളിലും കോളേജുകളിലുമൊക്കെ തന്നെ പഠിച്ചു വളർന്നു.  തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജിൽനിന്ന് ബി.എസ്സി. ഫിസിക്സ് സ്വർണ മെഡലോടെ പാസായി. എം.എസ്സിക്ക് ഒന്നാം റാങ്കും നേടി. ബി.എസ്സി അവസാന വർഷത്തിൽ അദ്ദേഹം തയാറാക്കിയ ഒരു ഗവേഷണ റിപ്പോർട്ട് ഇന്ത്യൻ അക്കാദമി ഓഫ് സയൻസിന്റെ 'ജേണൽ ഓഫ് ഫിസിക്സി'ൽ പ്രസിദ്ധീകരിച്ചതൊക്കെ ഉയർച്ചയുടെ വഴിയിലെ നാഴികക്കല്ലുകൾ. 
ഗുരുത്വ തരംഗങ്ങളായിരുന്നു  ആ ലേഖനത്തിന്റെ വിഷയം. ബിരുദ കാലത്ത് വായിച്ച 'കോഴ്സ് ഓഫ് തിയററ്റിക്കൽ ഫിസ്‌ക്സ്' ആണ് ഗ്രാവിറ്റി എന്ന 'അദ്ഭുത ശക്തി'യോട് അദ്ദേഹത്തെ അടുപ്പിച്ചത്. 
കരമനയിലെ പരമ സാധുക്കളും അതേസമയം വലിയ വിദ്യാഭ്യാസ ചിന്തയുള്ളവരുമായ ജനത താമസിക്കുന്ന സ്ഥലത്ത് നിന്ന് എല്ലാ പ്രാരാബ്ധങ്ങളോടെയും രാവിലെ പുറപ്പെട്ട്, സർക്കാർ സ്ഥാപനങ്ങളിൽ  പഠിച്ചാണ് താണു തന്റെ ഉയരങ്ങൾ കീഴടക്കിയത്.  ഗ്രാവിറ്റി, സ്‌പേസ്-ടൈം, ശ്യാമോർജം തുടങ്ങിയ മേഖലകളിൽ ഐൻസ്റ്റീന്റെ നിലപാടിന്റെയും കണ്ടെത്തലുകളുടെയും തുടർച്ചയും വിശദീകരണങ്ങളുമായിരുന്നു ഈ കരമനക്കാരന്റെ കണ്ടെത്തെലുകളെന്നത് അതിശയത്തോടെ മാത്രമേ കാണാൻ സാധിക്കുകയുള്ളൂ.   ഗ്രാവിറ്റിയുടെ വിഷയത്തിൽ ഐൻസ്റ്റീൻ വിട്ടുപോയ ഭാഗങ്ങൾ പൂരിപ്പിച്ചയാൾ തങ്ങളുടെ വീടിനടുത്ത് വാടകക്ക് താമസിച്ചിരുന്നയാളായിരുന്നുവെന്ന് കരമനക്കാരും കേരളവും ഇപ്പോൾ അത്ഭുതത്തോടെ അറിയുന്നു.
കോട്ടയം സ്വദേശിയായ ഇ.സി.ജി സുദർശനോട് താണു പത്മനാഭന് അതിരറ്റ ആദരവായിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ജനിച്ച ഏറ്റവും വലിയ സൈദ്ധാന്തിക ഭൗതിക ശാസ്ത്രജ്ഞനായാണ് താണു  ഇ.സി.ജി സുദർശനെ കാണുന്നത്. രണ്ട് നൊബേൽ ലഭിക്കാൻ അദ്ദേഹം അർഹനായിരുന്നു. പൊളിറ്റിക്കൽ തീരുമാനം കൊണ്ടാണ് അദ്ദേഹത്തിന് നൊബേൽ ലഭിക്കാതെ പപോയതെന്ന കടുത്ത വിമർശനവും മരിക്കുന്നതിന് മുമ്പ് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ഉയർത്തിയിട്ടുണ്ട്.  
ഭാര്യ വാസന്തിയും മകൾ ഹംസവാഹിനി എന്ന ഹംസയും,  ഭൗതിക ശാസ്ത്ര ഗവേഷകരാണ്. വാസന്തിയോടൊപ്പം ചേർന്നാണ് 'ദ ഡോൺ ഓഫ് സയൻസ്' എന്ന പോപ്പുലർ സയൻസ് ഗ്രന്ഥം താണു എഴുതിയത്.  'അടുത്ത തലമുറയ്ക്ക് പ്രചോദനമേകാൻ സാധിച്ച ശാസ്ത്രജ്ഞൻ എന്ന നിലയ്ക്ക് അറിയപ്പെടാനാണ് തനിക്ക് ആഗ്രഹ'മെന്നാണ് അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നത്.  
ഏതിലാണോ നിങ്ങൾക്ക് താൽപര്യം, അത് പിന്തുടരുക എന്നാണ് അദ്ദേഹം പുതുതലമുറയോട് പറഞ്ഞത്.  ബഹുമതികളും അംഗീകാരവും പിന്നാലെ എത്തിക്കൊള്ളും. ഏതെങ്കിലും ഒരു സംഗതി മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതൽ മഹത്വമുള്ളതായി അദ്ദേഹം കരുതുന്നില്ല. ചെയ്യുന്ന കാര്യത്തിൽ താൽപര്യം വേണം. പ്രതിബദ്ധതയും -ഇതായിരുന്നു താണുവിന്റെ ജീവിത വീക്ഷണം. പിന്തുടർച്ചക്കാരിയായി പ്രിയ മകൾ ഹംസയുണ്ട്. സഹായിക്കാൻ മാതാവും ഗവേഷകയുമായ വാസന്തിയും. സംഗീത താൽപര്യത്താൽ ഹാസവാഹിനി എന്നായിരുന്നു മകൾക്കിട്ട  പേര്. പിന്നീട് അത് മാറ്റി ഹംസയാക്കുകയായിരുന്നു. ആ മകൾ പിന്നീട് ഒരു ഗ്രഹത്തിന്റെ പേരായി മാറി. 
അതിങ്ങനെയായിരുന്നു- സൗരയൂഥത്തിൽ ചൊവ്വക്കും വ്യാഴത്തിനും  ഇടയിലുള്ള ഒരു ചെറിയ ഗ്രഹത്തിന്റെ പേര് ഹംസ എന്നാണ്. അമേരിക്കയിൽ സ്‌കൂൾ വിദ്യാർഥികൾക്കായി നടത്തിയ  ശാസ്ത്ര മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഹംസ വിജയിച്ചതിന്റെ സമ്മാനമായിരുന്നു ആ നാമകരണം. താണു പത്മനാഭന്റെ അസ്‌ട്രോ ഫിസിക്‌സ് കുടുംബത്തിന്റെ നേട്ടങ്ങൾ തലമുറ തലമുറ കൈമാറുകയാണ്.
 

Latest News