Sorry, you need to enable JavaScript to visit this website.
Wednesday , December   01, 2021
Wednesday , December   01, 2021

ചേക്കേറാൻ ഒരിടം നോക്കി...

തെറ്റി. വലിയൊരു സംഘടനയിൽനിന്ന് പുറത്താകുകയോ അകപ്പെടുകയോ ചെയ്താൽ ചേക്കേറാൻ ഒരിടം കാണാൻ വിഷമമാകും. അതാണ് ധാരണയും വിശ്വാസവുമെങ്കിൽ തെറ്റി.
കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ കോൺഗ്രസിൽ നിന്നു പുറത്തായവർ അര ഡസൻ കാണും. കേരളത്തിലെ കണക്കാണ്കേട്ടോ.
അവർ ചെയ്തതെന്തായാലും, നിഷ്‌കാസനമായാലും നിഷ്‌ക്രമണമായാലും, വഴിയാധാരമായില്ല, ഉട#െനയെങ്കിലും. കോൺഗ്രസിൽ നിന്ന് പുറത്താകുന്നത് സാധാരണയാണെങ്കിലും പുറത്തായ പഞ്ചസാരച്ചാക്കുകളെ സി.പി.എം എന്ന ഇടതു കമ്യൂണിസ്റ്റ് പാർട്ടി നാലു കൈയും നീട്ടി എതിരേൽക്കുന്നത് പതിവല്ല
.ബൂർഷ്വാ പാർട്ടിയിൽനിന്നായാലും റെവലൂഷനറി പാർട്ടിയിൽനിന്നായാലും കുടിയേറ്റ കർഷകരെ അടിമുടി തപ്പിനോക്കിയേ സി. പി. എം ആലിംഗനം ചെയ്യുകയുള്ളു. വിശദമായ വർഗ വിശകലനം വേണം. വരത്തന്റെ ഉള്ളിലിരിപ്പ് അറിയണം. ഏതു ലാവണത്തിൽ കുടിയിരുത്താൻ പറ്റും എന്ന് സർവേ നടത്തണം. 
അതിനെല്ലാം പുറമെ വർഗശത്രുക്കളുടെ നുഴഞ്ഞുകയറ്റം സംഭവിക്കുകയാണോ എന്നു സൂക്ഷിച്ചറിയണം. അസ്സൽ റെവലൂഷനറി പാർട്ടിയാണെങ്കിൽ അതിനെ തകർക്കാൻ എന്നും അകത്തുനിന്നും പുറത്തുനിന്നും ഗൂഢാലോചനകൾ നടന്നുകൊണ്ടിരിക്കും. ഇന്നെന്നല്ല എന്നും പാർട്ടി ഒരു വിഷമ വൃത്തത്തിൽ ആയിരിക്കും. പരന്ത്രീസിൽ എൻസർക്കിൾമെന്റ് എന്നു പറയും. 
നുഴഞ്ഞുകയറിയ വർഗവഞ്ചകർ അകത്തുനിന്ന് അവരുടെ ചരിത്ര ദൌത്യം നിറവേറ്റാൻ നോക്കുമ്പോൾ പുറത്ത് പാർട്ടിക്കു ചുറ്റും അക്രമനിര ഒരുക്കുകയായിരിക്കും വേറൊരു കൂട്ടർ. മഹാനായ ലെനിന്റെ കണ്ണു വെട്ടിച്ചു പോലും സാമ്രാജ്യത്വത്തിന്റെ  കുപ്പിണികൾ പാർട്ടിക്കുള്ളിൽ വലിഞ്ഞുകേറിയതായാണ് ചരിത്രം. 
അതിനും വൈരുധ്യാധിഷ്ഠിതമായ ഒരു വ്യാഖ്യാനം കണ്ടു ലെനിൻ. പാർട്ടിക്കെതിരെ ചാരപ്പണി ചെയ്യുമ്പോൾ തന്നെ ചില നല്ല കാര്യങ്ങളും അവർക്ക് ചെയ്യേണ്ടി വന്നു. തങ്ങളുടെ വിശ്വാസ്യത തെളിയിക്കാൻ വേണ്ടി, എന്തിനെയാണോ തകർക്കാൻ ഇറങ്ങിയിരിക്കുന്നത്, അതിനെ സഹായിക്കുന്നതായി തോന്നിക്കുന്ന ചില പരിപാടികൾ കൂടി നടപ്പാക്കേണ്ടി വരും. 
അവസരം കിട്ടുമ്പോഴൊക്കെ ഇ. എം. എസ് ആ സംഭവം ചൂണ്ടിക്കാട്ടിയിരുന്നു. ശത്രുക്കൾക്കും ചിലപ്പോൾ മിത്രഭാവേന പെരുമാറേണ്ടി വരുമെന്നർഥം. ആകാശ കുസുമം പോലെ വീണു കിട്ടിയ ആ സംഭവത്തിലെ അനുഗ്രഹങ്ങൾ എണ്ണുക, അസഹ്യതകൾ തള്ളുക. ലെനിന്റെ വിശാല മനസ്‌കത സ്വാംശീകരിച്ചാവണം, ഇ എം ഒരിക്കൽ പറഞ്ഞു, 'കേരള കോൺഗ്രസിനും നല്ലൊരു വശം ഉണ്ട്.'  മുസ്‌ലിം-ക്രൈസ്തവ മൗലികവാദികളെ പാർട്ടിയും വളച്ചുകെട്ടില്ലാതെ താനും, അടച്ചാക്ഷേപിക്കുന്ന കാലത്തായിരുന്നു അദ്ദേഹത്തിന്റെ ആ ചിന്താ പ്രയോഗം. 
ഒരേ പ്രശ്‌നത്തെ പല രീതിയിൽ കാണാൻ വിരുതുള്ള ഇ എം കേരള കോൺഗ്രസിന് ഒരു നല്ല വശമുണ്ട് എന്നു പറഞ്ഞു കേട്ടപ്പോൾ ഇ കെ നായനാരെപ്പോലുള്ളവർ വെട്ടിലായി. വക്രോക്തി കൊണ്ട് അതിനെ നേരിടാനുള്ള വിളവൊന്നും നായനാർക്കില്ലായിരുന്നു. അതുകൊണ്ട്, ഇ എം എസിന്റെ നിരുക്തി ചൂണ്ടിക്കാട്ടി സവർഗവിരോധികൾ അരങ്ങു കൈയേറാൻ തുടങ്ങിയപ്പോൾ നായനാർ തട്ടി വിട്ടു: 'അതൊരു നാക്കു പിഴ.' പഴമക്കാർക്കോർമയുണ്ടാവും, ഭൂമി മുഴുവൻ ഇഴഞ്ഞു നടക്കുന്ന ഇ എം എസിന്റെ നാവ് ഒരു കാലത്ത് കേരളത്തിലെ ചുമരുകളിലാകെ അലങ്കാരമായിരുന്നു.
അതു പോട്ടെ. വിരുന്നു വരുന്ന പാർട്ടികൾക്കും പ്രസ്താവനക്കാർക്കും ചേക്കേറാൻ ഒരിടം സി. പി. എമ്മിൽ കൊടുക്കുന്നതിനെപ്പറ്റിയാണല്ലോ ചർച്ച. മുമ്പൊന്നും പാർട്ടിയുടെ നാലകത്ത് കയറ്റി പൂജിച്ചരുളുന്ന പതിവില്ല. 
കവിഞ്ഞാൽ, അവരുടെ വിപ്ലവ സ്വഭാവം മാലോർക്ക് ബോധ്യപ്പെട്ടാൽ, അവരെ കൂട്ടിനു കൂട്ടും, പക്ഷേ പന്തി തിരിച്ചിരുത്തും. അങ്ങനെ കൂട്ടുകൂടാനും, ഒരുമിച്ചിരുന്ന് ഉണ്ണാനും (സഹ നൌ ഭുനക്തു) ഉശിരു കാട്ടാനും ആരുമാവാം. നസ്രാണി കോൺഗ്രസുമാവാം മുസ്‌ലിം, മഹാസഭയുമാകാം. 
പക്ഷേ ഒന്നുണ്ട്. ഒപ്പം നിർത്താം, ഇരുത്താം, കിടത്താം. നെഞ്ചിൽ ഒരു ആലയം പണിത് അവരെയൊന്നും അരിയിട്ടു വാഴിക്കുകയില്ല.  അന്യർ അന്യരായി തന്നെ തുടരും, മിത്രങ്ങളാണെങ്കിലും. ആ നയപൂർവമായ അടവിനാണ് മാറ്റം വരുന്നത്. അനിൽ കുമാറായാലും രതിരാജകുമാറായാലും കോൺഗ്രസിൽ നിന്ന് വേഷം മാറി വന്നാൽ കമ്യൂണിസ്റ്റാകാം. 
ക്യാമറയുടെ മുന്നിൽ കളിക്കുന്നതു കണ്ടില്ലേ, നാളിതുവരെ എ. കെ. ജി സെന്ററിൽ കയറാത്തവർ പുതിയ ചെമ്പട്ടു പുതച്ച് വിപ്ലവം പേശുന്നത്? ആരെ എവിടെ പ്രതിഷ്ഠിച്ചാൽ അകത്തുള്ളവർ മുറുമുറുക്കാതെ കഴിക്കാം എന്നു നേരത്തേ ആലോചിച്ചുറപ്പിച്ചതാവും.  അവർ ഉഴുതുമറിച്ച പുതുമണ്ണിൽ രണ്ടു നാലു വിപ്ലവച്ചെടി നട്ടു വളർത്തുമെന്നു വിശ്വസിക്കുക.
അറുപത്തിനാലിലെ പിളർപ്പിനു ശേഷം പാർട്ടിക്കകത്തുനിന്ന് പുറത്തേക്കുള്ള നീക്കം സാരമാണെന്നു പറയാൻ വയ്യ. അറുപത്തിനാലിൽ പത്തു മുപ്പതു പേർ ഒറ്റയായും കൂട്ടുപിരിഞ്ഞും യോഗത്തിൽനിന്ന് ഇറങ്ങിപ്പോന്ന സംഭവത്തെ അനുസ്മരിപ്പിക്കുന്നു ഇപ്പോഴത്തെ കോൺഗ്രസ് കൊഴിച്ചിൽ.  പിന്നീടുണ്ടായ സി. പി. എമ്മിൽ ലെവി അളന്ന് അംഗത്വം കണിശമായി പുതുക്കാത്തവരുടെ എണ്ണം കൂടുന്നതായി ചരിത്ര ഗവേഷണം സ്ഥാപിക്കുന്നു. ഒരു കെ. പി. ആർ ഗോപാലനോ ഒരു എം. വി രാഘവനോ ഭരണകൂടത്തിന്റെ നേർവീഴ്ച പോലെ കൊഴിഞ്ഞുവീഴുകയുണ്ടായി. പക്ഷേ ഒരു ഒഴുക്കു്ചാലോ അഴുക്കുചാലോ തുറന്നു എന്നു പറഞ്ഞുകൂടാ. ഒരു ഒറ്റയാൾ ഒഡിസ്സി പോലെ കരണം മിറഞ്ഞുവന്നു പുതിയ ലാവണം പണിതത് അബ്ദുല്ലക്കുട്ടി. ആദ്യം മാർക്‌സിസ്റ്റ്, പിന്നെ കോൺഗ്രസ്, പിന്നെ ബി ജെ പി, പിന്നെ, പിന്നെ...ഒരു കെ എൻ ഖാദർ കമ്യൂണിസം കഴുകിയൊഴുക്കി മുസ്‌ലിം ലീഗിൽ ചേരാം, ഗുരുവായൂരിൽ പ്രാർഥനാനിരതനായി മത്സരിക്കാം, പക്ഷേ അവരൊന്നും കോൺഗ്രസിൽനിന്നുള്ള വെള്ളച്ചാട്ടം പോലെയാവില്ല. 
കോൺഗ്രസ് എന്നും അങ്ങനെയായിരുന്നു. പുറത്തേക്കുള്ള വഴി എന്നും തുറന്നു കിടക്കും. ആർക്കും ഇഷ്ടം പോലെ പോകാം, വരാം. നിലവിലെ ഹൈക്കമാണ്ട് എന്നാകും ആ വഴി പിന്തുടരുക എന്നേ സംശയിക്കേണ്ടതുള്ളൂ.  അറുപതുകളിൽ തുടങ്ങിയതാണ് പുറമ്പോക്ക്. വരും കാലത്തെ നേതൃനിരയെപ്പറ്റിയും നയഭാവനയെപ്പറ്റിയും ചിന്താക്കുഴപ്പം പൈതൃകമായി വിട്ടേച്ചുകൊണ്ടായിരുന്നു നെഹ്‌റുവിന്റെ തിരോധാനം. പിന്നീടുണ്ടായ കോൺഗ്രസിന്റെ അപചയം കോൺഗ്രസുകാർ തന്നെ നിറം പലതു ചാർത്തി എടുത്ത അധികാര ശിബിരങ്ങളുടെ സൃഷ്ടിയായിരുന്നു. 
കോൺഗ്രസിന്റെ രക്തബീജാസുരനായ ജനതാ പാർട്ടി ഒഴുക്ക് വെട്ടിയിട്ടത് ചിരിയും കരച്ചിലും കലർന്ന രാഷ്ട്രീയ പ്രഹസനമായി. ഒരു ദിവസം ജനതയുടെ ജന്തർ മന്തർ ആപ്പീസിൽ കയറിച്ചെന്നപ്പോൾ ആലസ്യമാണ്ട മുഖമൊട്ടു കുനിച്ചിരിക്കുന്ന രാമകൃഷ്ണ ഹെഗ്‌ഡേയെ കണ്ടു. അറിഞ്ഞില്ലേ, നമ്മുടെ പാർട്ടിയിൽനിന്നു ചിലർ വിട്ടുപോയിരിക്കുന്നു. 
മണിറാം ബാഗ്രി തുടങ്ങിയവർ. അത് ആദ്യത്തെ ചാവേർ പട ആയിരുന്നു. അടുത്ത  രണ്ടു മൂന്നു ദിവസങ്ങളിൽ  പട പന്തളം വരെയോ പിന്നെയുമോ  നീളുമെന്നു തോന്നി. ചേക്കേറാൻ ഇടമുണ്ടോ എന്നു നോക്കി ഇറങ്ങിയതായിരുന്നില്ല ആ കാലാൾപട. 
മൊറാർജി ദേശായി വൈ. ബി. ചവാന്റെ അവിശ്വാസപ്രമേയം നേരിടുകയായിരുന്നു. അതിനെ ശക്തിയുക്തം എതിർത്ത ജോർജ് ഫെർണാണ്ടസ് പ്രസംഗത്തിനു ശേഷം നേരേ എതിർപക്ഷത്തു ചേർന്നു. അവിശ്വാസ പ്രമേയം പാസായാൽ അതവതരിപ്പിച്ച ആൾ ബദൽ മന്ത്രിസഭ ഉണ്ടാക്കണമെന്നാണ് ആചാരം. ചവാൻ നാലു പാടും തിരിഞ്ഞിട്ടും നാലാളെ കൂട്ടിനു കിട്ടിയില്ല. ചേക്കേറാൻ ഇടം നോക്കി നടന്നവർ ചിലർ ചരൺ സിംഗിന്റെ പിറകെ കൂടി.  
ജഗ്ജീവൻ റാമിന്റെ കൂട്ടിൽ മുട്ട വിരിയുമെന്ന് കരുതി കറങ്ങിനടന്നിരുന്നവർ ചിലരുണ്ടായിരുന്നു.  നമ്മുടെ സ്വന്തം ഹെന്റി ഓസ്റ്റിനെയും കൊണ്ട് കെ. കുഞ്ഞമ്പു ബാബുജിയെ താണു തൊഴാൻ പോയ പോക്ക് ഓർത്തുപോകുന്നു. 
നടക്കട്ടെ നടക്കട്ടെ. ചേക്കേറാൻ ഒരിടം കണ്ടെത്തലാണല്ലോ രാഷ്ട്രീയം.  വേണമെന്നുള്ളവർക്ക് എപ്പോഴും ഏതെങ്കിലും വഴി തുറന്നു കിടക്കും. അവസാനത്തെ താഴ് വീണ ഒരു കതകുമില്ല.
 

Latest News