Sorry, you need to enable JavaScript to visit this website.

ഡിജിറ്റൽ ഉൽപന്ന വികസനത്തിൽ കുതിപ്പിനൊരുങ്ങി കേരളം

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ച ഡിജിറ്റൽ ഹബിന് രാജ്യത്തെ ഡിജിറ്റൽ ഉൽപന്ന വികസനത്തിൽ നിർണായക പങ്കു വഹിക്കാനാവും. ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ ഡിജിറ്റൽ ഉൽപന്നവികസന കേന്ദ്രമാണ് കളമശ്ശേരിയിലെ ടെക്‌നോളജി ഇന്നൊവേഷൻ സോണിൽ പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിലുള്ള ഈ അത്യാധുനിക കെട്ടിട സമുച്ചയം പുത്തൻ സാങ്കേതിക വിദ്യയിലൂന്നിയ ഇൻകുബേറ്ററുകളുടെയും ആക്‌സിലറേറ്ററുകളുടെയും കേന്ദ്രം എന്നതിനു പുറമെ  മികവിന്റെ കേന്ദ്രം കൂടിയാണ്. 
രണ്ടണ്ട് ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ അത്യാധുനിക സജ്ജീകരണങ്ങളുമായാണ് ഇതൊരുക്കിയിട്ടുള്ളത്. ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്‌സിലുള്ള 165 സ്റ്റാർട്ടപ്പുകൾക്ക് പുറമെ 200 സ്റ്റാർട്ടപ്പുകൾ കൂടി പുതിയ കെട്ടിടത്തിലുണ്ടാവും. തുടക്കത്തിൽ 2500 പേർക്ക് നേരിട്ട് തൊഴിലവസരം ലഭിക്കുന്ന 200 സ്റ്റാർട്ടപ്പുകളാകും ഇവിടെ പ്രവർത്തിക്കുക. ഡിസൈൻ ഇൻകുബേറ്റർ, ഹെൽത്ത് കെയർ ഇൻകുബേറ്റർ, മൗസർ ഇലക്ട്രോണിക്‌സിന്റെ മികവിന്റെ കേന്ദ്രം, ഡിസൈൻ സ്റ്റുഡിയോകൾ, നിക്ഷേപകർക്കായുള്ള പ്രത്യേക സംവിധാനം, ഇന്നൊവേഷൻ കേന്ദ്രം എന്നിവയടങ്ങുന്നതാണ്  ഡിജിറ്റൽ ഹബ്. നിർമിത ബുദ്ധി, റോബോടിക്‌സ,് ഓഗ്മെന്റഡ് റിയാലിറ്റി, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ്, ലാംഗ്വേജ് പ്രൊസസിംഗ് എന്നീ അത്യാധുനിക സാങ്കേതിക വിദ്യകളിൽ അധിഷ്ഠിതമായാകും കേന്ദ്രത്തിന്റെ പ്രവർത്തനം. സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ വിഭാഗങ്ങളിലെ ഉൽപന്ന രൂപകൽപന, വികസനം എന്നിവക്കുള്ള ഏകീകൃത കേന്ദ്രമായി ഇവിടുത്തെ മികവിന്റെ കേന്ദ്രവും മാറും.  രൂപകൽപനക്കും മാതൃകാ വികസനത്തിനുമുള്ള ഏറ്റവും വലിയ കേന്ദ്രമായി ഇതു മാറുന്നതോടെ ലോകോത്തര ഉൽപാദകരും അന്താരാഷ്ട്ര സ്ഥാപനങ്ങളും ഇവിടേക്കെത്തുമെന്നാണ് കേരള സ്റ്റാർട്ടപ് മിഷന്റെ പ്രതീക്ഷ. 

Latest News