Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചരൺജിത് സിംഗ് ചന്നി ഇന്ന് പഞ്ചാബ് മുഖ്യമന്ത്രിയായി സ്ഥാനമേൽക്കും, രാഹുല്‍ ഗാന്ധി പങ്കെടുക്കും

ചണ്ഡീഗഢ്- പഞ്ചാബ് മുഖ്യമന്ത്രിയായി ചരൺജിത് സിംഗ് ചന്നി ഇന്ന് മുഖ്യമന്ത്രിയായി സ്ഥാനമേൽക്കും. സത്യപ്രതിജ്ഞ ചടങ്ങിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുക്കും. സംസ്ഥാനത്തെ ആദ്യത്തെ ദളിത് മുഖ്യമന്ത്രിയായിരിക്കും 58 കാരൻ. സ്ഥാനമൊഴിഞ്ഞ അമരീന്ദർ സിംഗ് മന്ത്രിസഭയിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്നു ചന്നി. ഉപമുഖ്യമന്ത്രിമാർ സിക്ക്, ഹിന്ദു വിഭാഗങ്ങളിൽ നിന്നായിരിക്കും.
നേരത്തെ സുഖ്ജിന്ദർ സിംഗ് രൺധാവയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ച ശേഷമാണ് കോൺഗ്രസ് നേതൃത്വം അവസാന നിമിഷം ചരൺജിത് സിംഗ് ചന്നിയെ തീരുമാനിച്ചത്. ഇന്നലെ ചേർന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചന്നിയെ നേതാവായി തെരഞ്ഞെടുത്തതായി പഞ്ചാബിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് അറിയിച്ചു. യോഗത്തിനു മുമ്പ് എം.എൽ.എമാരുമായി കൂടിക്കാഴ്ച നടത്തിയ റാവത്ത് അടക്കമുള്ള കേന്ദ്ര നേതാക്കൾ ഹൈക്കമാൻഡിന്റെ താൽപര്യം അറിയിച്ചിരുന്നു.
ആറ് മാസത്തിനകം പഞ്ചാബിൽ അസംബ്ലി തെരഞ്ഞെടുപ്പ് നടക്കുമെന്നതിനാൽ ജനസംഖ്യയിൽ 31 ശതമാനം വരുന്ന ദളിത് വിഭാഗത്തിന്റെ പിന്തുണ ഉറപ്പാക്കുന്നതിനാണ് കോൺഗ്രസ് ഹൈക്കമാൻഡ് രൺധാവക്കു പകരം ചന്നിയെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചതെന്നാണ് വിവരം. തെരഞ്ഞെടുപ്പിൽ മായാവതിയുടെ ബി.എസ്.പിയും മുഖ്യ പ്രതിപക്ഷമായ ശിരോമണി അകലാദളും സഖ്യമുണ്ടാക്കുന്നതിനാൽ വൻതോതിൽ ദളിത് വോട്ടുകൾ അങ്ങോട്ടേക്ക് ഒഴുകുന്നത് തടയാൻ കൂടിയുള്ള നീക്കമാണിത്. പി.സി.സി പ്രസിഡന്റ് നവ്‌ജോത് സിദ്ദുവിന് രൺധാവ മുഖ്യമന്ത്രിയാവുന്നതിനോട് അത്ര താൽപര്യമില്ലാത്തതും മറ്റൊരു കാരണമായി. പരമാവധി ജനപിന്തുണ നേടാൻ കഴിയുന്നയാളാവണം മുഖ്യമന്ത്രി സ്ഥാനത്തെത്തേണ്ടതെന്ന നിലപാടാണ് ഇക്കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് സ്വീകരിച്ചതും. അമരീന്ദർ സിംഗ് മന്ത്രിസഭയിൽ ജയിൽ, സഹകരണ വകുപ്പ് മന്ത്രിയായിരുന്നു രൺധാവ.
ഹൈക്കമാൻഡ് തീരുമാനത്തിൽ തനിക്ക് സന്തോഷമേയുള്ളൂവെന്ന് രൺധാവ പറഞ്ഞു. ചന്നി തനിക്ക് സഹോദരനാണെന്നും അദ്ദേഹം പറഞ്ഞു.
ചരൺജിത് സിംഗ് ചന്നിയെ മുഖ്യമന്ത്രിയാക്കിയത് പാർട്ടിക്കുള്ളിൽ സമവായത്തിന് അവസരമൊരുക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് ഹൈക്കമാൻഡ്.  രൂപ്നഗറിലെ ചംകൗർ സാഹിബ് മണ്ഡലത്തിൽനിന്ന് മൂന്ന് തവണയായി നിയമസഭയിലെത്തിയ ചന്നിക്ക് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗുമായും സിദ്ദുവുമായും അടുപ്പമുണ്ട്. 
ഒരു വേള മുൻ കേന്ദ്ര മന്ത്രി അംബിക സോണിയെയും മുഖ്യമന്ത്രി പദത്തിലേക്ക് ഹൈക്കമാൻഡ് പരിഗണിച്ചിരുന്നു. എന്നാൽ പഞ്ചാബിൽ സിക്ക് വിഭാഗത്തിൽനിന്നുള്ള മുഖ്യമന്ത്രി തന്നെയാണ് വേണ്ടതെന്ന് പറഞ്ഞ് അവർ ഒഴിഞ്ഞുമാറുകയായിരുന്നു.

Latest News