തൃശൂർ- കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ഒറ്റയാൻ സമരം നടത്തിയ മുൻ സി.പി.എം നേതാവ് സുജേഷ് കണ്ണാട്ട് വീട്ടിൽ തിരിച്ചെത്തി. ഇദ്ദേഹത്തെ ശനിയാഴ്ച രാത്രിയോടെ കാണാനില്ലെന്ന് പരാതി ഉയർന്നിരുന്നു. സുജേഷിന്റെ സഹോദരനാണ് പോലീസിൽ പരാതി നൽകിയത്. പോലീസ് അന്വേഷണം നടക്കുന്നതിനിടെ ഇന്ന് പുലർച്ചെയോടെയാണ് സുജേഷ് തിരിച്ചെത്തിയത്.
താൻ യാത്ര പോയതാണ് എന്നായിരുന്നു സുജേഷിന്റെ വിശദീകരണം. സുരക്ഷിതനാണെന്നും വീട്ടിൽ തിരിച്ചെത്തിയെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. പോലീസ് കേസ് എടുത്തതിനാൽ ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്ത് കോടതിയിൽ ഹാജരാക്കും.
കരുവന്നൂർ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെതിരെ സുജേഷ് രംഗത്ത് വന്നിരുന്നു. പാർട്ടിയിൽ ഉള്ളവർ തന്നെ ബാങ്ക് തട്ടിപ്പിന് നേതൃത്വം നൽകിയതെന്ന് ബ്രാഞ്ച് യോഗത്തിൽ ഉൾപ്പെടെ അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ രണ്ട് മാസം മുമ്പ് സുജേഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ബാങ്കിൽ നിന്ന് 50 ലക്ഷത്തിൽ കൂടുതൽ വായ്പ എടുത്തവരിൽ പാർട്ടി അംഗങ്ങൾ ഉണ്ട് എന്നതിന്റെ തെളിവുകൾ ഉൾപ്പെടെ സുജേഷ് പുറത്തുവിട്ടിരുന്നു.