ബാലവിവാഹം സാധൂകരിച്ച് രാജസ്ഥാനില്‍ നിയമം; വിവാദം

ജയ്പൂര്‍- രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ 2009ലെ വിവാഹ രജിസ്‌ട്രേഷന്‍ നിയമത്തില്‍ ഭേദഗതി വരുത്തി ബാല വിവാഹം സാധൂകരിക്കുന്ന വകുപ്പുകള്‍ ഉള്‍പ്പെടുത്തിയതിനെ ചൊല്ലി വിവാദം. വെള്ളിയാഴ്ചയാണ് പുതിയ നിയമം നിയമസഭ പാസാക്കിയത്. 'വധുവിന്റെ പ്രായം 18നും വരന്റെ പ്രായം 21നും താഴെയാണെങ്കില്‍ അവരുടെ വിവാഹം രക്ഷിതാക്കള്‍ 30 ദിവസത്തിനകം രജിസ്റ്റര്‍ ചെയ്യണം'  എന്ന എട്ടാം വകുപ്പാണ് വിവാദമായത്. 2009ലെ നിയമ പ്രകാരം വധുവിന്റേയും വരന്റേയും പ്രായപരിധി 21 വയസ്സായിരുന്നു. ഈ മാറ്റത്തെ എതിര്‍ത്ത് പ്രതിപക്ഷ സഭയില്‍ നിന്ന് ഇറങ്ങിപ്പോക്ക് നടത്തിയിരുന്നു. 

പുതിയ നിയമഭേദഗതിയിലൂടെ ഒരു അപേക്ഷയിലൂടെ ബാല വിവാഹത്തിനുള്ള വാതിലുകള്‍ തുറന്നട്ടിരിക്കുകയാണ് സര്‍ക്കാരെന്ന് പ്രതിപക്ഷ ഉപനേതാവ് രാജേന്ദ്ര റാത്തോഡ് പറഞ്ഞു. ഇത് ഒരു സാമൂഹി വിപത്തിനെ സാധൂകരിക്കുന്നതും അത് വര്‍ധിക്കാന്‍ ഇടയാക്കുന്നതുമാണ്. ഒരു സര്‍ക്കാരിന് ഇതെങ്ങനെ ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.

പ്രതിപക്ഷം ഈ നിയമഭേഗതിയെ ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്നാണ് സര്‍ക്കാരിന്റെ മറുപടി. ബാല വിവാഹം ഉള്‍പ്പെടെ എല്ലാ വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് 2006ലെ സുപ്രീം കോടതി ഉത്തരവുണ്ട്. ഇതു പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ടാല്‍ ബാലവിവാഹത്തിന് രേഖാമൂലമുള്ള തെളിവ് ലഭിക്കുകയും അത് ബാലവിവാഹത്തിനെതിരെ നടപടി എടുക്കുന്നത് എളുപ്പമാക്കുമെന്നുമാണ് സര്‍ക്കാരിന്റെ മറുപടി. ഇതില്‍ ബാലവിവാഹത്തിന് സാധൂകരണമില്ലെന്നും സര്‍ക്കാര്‍ പറയുന്നു.
 

Latest News