സൗദിയില്‍ മലയാളിയെ വെടിവെച്ച സൗദി പൗരന് ഏഴുവര്‍ഷം തടവും പിഴയും

റിയാദ്- റിയാദിനടുത്ത വാദി ദവാസിറില്‍ മലയാളിയെ വെടിവെച്ചുപരിക്കേല്‍പ്പിച്ച സൗദി പൗരന് ഏഴുവര്‍ഷം തടവും പിഴയും പ്രത്യേക കോടതി വിധിച്ചു. വെടിവെക്കാനുപയോഗിച്ച ആയുധം കണ്ടുകെട്ടും. പ്രതി കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന പരമാവധി ശിക്ഷ നല്‍കണമെന്ന് കോടതിയില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.
വാദി ദവാസിറില്‍ പെട്രോള്‍ പമ്പിലെത്തിയ സൗദി പൗരന്‍ ഫുള്‍ ടാങ്ക് എണ്ണയടിച്ച ശേഷം പണം ചോദിച്ചതിനെ തുടര്‍ന്ന്  ജീവനക്കാരനായ കൊല്ലം നെടുമ്പന കുളപ്പാടം സ്വദേശി മുഹമ്മദിനെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. 
ആഗസ്റ്റ് 12ന് പുലര്‍ച്ചെ ആറു മണിക്കാണ് കേസിന്നാധാരമായ സംഭവം നടന്നത്. പിക്കപ്പിലെത്തിയ സൗദി പൗരന്‍ ആവശ്യപ്പെട്ടതനുസരിച്ച് മുഹമ്മദ് ഫുള്‍ ടാങ്ക് എണ്ണ അടിച്ചു. പണം നല്‍കാതെ പോകാന്‍ ശ്രമിച്ചപ്പോള്‍ പിക്കപ്പിനടുത്തേക്ക് ചെന്ന മുഹമ്മദിനെ തള്ളിയിട്ട് കടന്നുകളഞ്ഞ ഇദ്ദേഹം വാഹനമോടിച്ചുപോയ ഇദ്ദേഹം തിരികെ വന്ന് വെടിയുതിര്‍ക്കുകയായിരുന്നു. തുടയില്‍ വെടിയേറ്റ ഇദ്ദേഹത്തെ കുളപ്പാടം സ്വദേശിയായ സിറാജുദ്ദീന്‍ സഖാഫിയും സുഹൃത്തുക്കളും അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശസ്ത്രക്രിയ ആവശ്യമായതിനാല്‍ മിലിറ്ററി ആശുപത്രിയിലേക്ക് മാറ്റി. ശസ്ത്രക്രിയക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട ഇദ്ദേഹത്തിന് പരിക്ക് ഭേദമായിവരുന്നു.

Latest News