Sorry, you need to enable JavaScript to visit this website.

വഴിമുടക്കി റോഡില്‍ മലമ്പാമ്പ്; നാട്ടുകാര്‍ പിടികൂടി

നെടുമ്പാശ്ശേരി- യുവാവ് കാറില്‍ വരുമ്പോള്‍ വഴി മുടക്കിയ മലമ്പാമ്പിനെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി വനം വകുപ്പ് അധികൃതര്‍ക്ക് കൈമാറി. ചെങ്ങമനാട് പഞ്ചായത്തിലെ  പറമ്പയം  പുതുവാശ്ശേരി റോഡിലൂടെ രാത്രി ഒമ്പതരയോടെ  കാറില്‍ വരികയായിരുന്ന മാനാടത്ത് ഷാമോനാണ് ഏകദേശം  ഏഴര അടിയോളം നീളവും 30 കിലോ തൂക്കവുമുള്ള മലമ്പാമ്പിനെ കണ്ടത്. ഇരവിഴുങ്ങിയ ശേഷം റോഡില്‍ നിന്ന് സമീപത്തെ പറമ്പിലേക്ക് കടക്കാന്‍ പ്രയാസപ്പെടുന്ന  നിലയിലായിരുന്നു പാമ്പ്. ഷാമോന്‍ കാറില്‍ നിന്നിറങ്ങി സമീപവാസികളെ വിളിച്ച് കൂട്ടി. അപ്പോഴേക്കും പാമ്പിന്റെ പകുതിയോളം  ഭാഗം പറമ്പില്‍ പ്രവേശിച്ചിരുന്നു. യുവാക്കള്‍ക്ക് പാമ്പിനെ പിടിക്കാന്‍ വൈദഗ്ധ്യമില്ലായിരുന്നെങ്കിലും ചാക്കുമായെത്തി  കെ.എച്ച്.കബീര്‍, അനീസ് പുത്തന്‍പറമ്പ്, കെ.പി. ഹാറൂണ്‍ മനാഫ് പള്ളത്തുകുടി തുടങ്ങിയവരുടെ നേതൃത്വത്തില്‍ പിടികൂടുകയായിരുന്നു. അപ്പോഴേക്കും  സംഭവമറിഞ്ഞ് സ്ത്രീകളടക്കം നാട്ടുകാര്‍ സ്ഥലത്ത്  തടിച്ചുകൂടി. മലമ്പാമ്പിനെ പിടികൂടിയ വിവരം  വനം വകുപ്പിന്റെ അറിയിക്കുകയും അവരുടെ നിര്‍ദ്ദേശപ്രകാരം ചാക്കിലാക്കിയ പാമ്പിനെ വനം വകുപ്പിന്റെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിന് സമീപത്തെ സുവര്‍ണോദ്യാനം ബയോളജിക്കല്‍ പാര്‍ക്കിലെത്തിച്ച്  അധികൃതര്‍ക്ക്  കൈമാറുകയായിരുന്നു.
2018ല്‍ തുടര്‍ച്ചയായുണ്ടായ രണ്ട്  പ്രളയങ്ങള്‍ക്ക് ശേഷം ശ്രീമൂലനഗരം, കാഞ്ഞൂര്‍, നെടുമ്പാശ്ശേരി, ചെങ്ങമനാട് പഞ്ചായത്തുകളിലെ  പെരിയാര്‍ തീരങ്ങളുടെ ഇരുവശങ്ങളിലും  വന്യജീവികള്‍ വ്യാപകമായി പ്രവേശിച്ചിരിക്കുകയാണെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നത്.   സിംഹവാലന്‍ കുരങ്ങുകള്‍, കുറുക്കന്‍, ഉടുമ്പുകള്‍ അടക്കമുള്ള ജീവികള്‍ പലയിടത്തും വിഹരിക്കുന്നതായാണ് റിപ്പോര്‍ട്ട്. മലമ്പാമ്പുകളാണ് കൂടുതലായും ഗ്രാമ പ്രദേശങ്ങളിലെത്തിയിട്ടുള്ളത്. പുഴ തീരത്തെ മുളങ്കാടുകളിലും മറ്റു മെത്തിയ മലമ്പാമ്പുകളെ മേഖലയില്‍ കണ്ടെത്തുന്നത് നിത്യസംഭവമാണത്രെ.
പലര്‍ക്കും കോഴി, താറാവ് അടക്കമുള്ള വളര്‍ത്തു ജീവികള്‍ നഷ്ടപ്പെടുന്നതായി പരാതിയുണ്ട്. ചെങ്ങമനാട് ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ മരത്തിലും കെട്ടിടത്തിലുമായി  ഒരു മാസത്തിനുള്ളില്‍  മൂന്ന് മലമ്പാമ്പുകളെ നാട്ടുകാര്‍ കണ്ടെത്തി. രണ്ടെണ്ണത്തെ പിടികൂടി വനം വകുപ്പ് അധികൃതര്‍ക്ക് കൈമാറിയിരുന്നു.

 

Latest News