റിയാദ് - ഒട്ടകങ്ങളുടെ ശരീരങ്ങൾ കാൻവാസുകളാക്കി മാറ്റി മനോഹരമായ ചിത്രങ്ങൾ രചിച്ച് കലാവിരുത് പ്രകടിപ്പിക്കുകയാണ് രാജസ്ഥാനിൽനിന്നുള്ള കലാകാരൻ തെലൂക് നായിക്. ഒട്ടക ശരീരങ്ങളിലുള്ള ചിത്രരചന രാജസ്ഥാനിലെ ജനകീയ കലയും സംസ്‌കാരികത്തനിമയുമാണ്. കിംഗ് അബ്ദുൽ അസീസ് കാമൽ ഫെസ്റ്റിവലിന്റെ ഭാഗമായാണ് ഒട്ടകങ്ങളുടെ ശരീരങ്ങളിലുള്ള ചിത്രരചന സന്ദർശകർക്ക് പരിചയപ്പെടുത്തുന്നത്. ഇത് സന്ദർശകരെ ഏറെ ആകർഷിക്കുന്നുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും ഫെയ്‌സ് ബുക്ക് പേജ് ലൈക്ക് ചെയ്യാം
ഇരുപതു വർഷം ചിത്രരചനയിൽ മുഴുകിയ ശേഷമാണ് ഒട്ടകങ്ങളുടെ രോമങ്ങൾ വെട്ടിയൊതുക്കി ചിത്രരചന നടത്തുന്ന രീതിയിൽ തെലൂക് നായിക് പ്രാവീണ്യം നേടിയത്. ഒട്ടകങ്ങളുടെ ശരീരങ്ങളിൽ മാത്രമല്ല, കുതിരകളുടെ ശരീരങ്ങളിലും തെലൂക് നായിക് സമാന രീതിയിൽ ചിത്രരചന നടത്തുന്നുണ്ട്. ആനകൾ, കുതിരകൾ, വെള്ളക്കുടങ്ങൾ ശിരസ്സിൽ വഹിച്ച സ്ത്രീകൾ, പുരുഷന്മാർ, മാനുകൾ, താറാവുകൾ, പൂവുകൾ, ഇന്ത്യൻ-ഇസ്‌ലാമിക് കൊത്തുവേലകൾ എന്നിവയെല്ലാം ഒട്ടകങ്ങളുടെ ശരീരങ്ങളിൽ ഇദ്ദേഹം വരക്കുന്നുണ്ട്. ഒരു ഒട്ടകത്തിന്റെ ശരീരത്തിൽ 25 മുതൽ 30 വരെ ചിത്രങ്ങൾ വരക്കുന്നതിന് സാധിക്കും. വെളുപ്പ്, ചുവപ്പ്, കറുപ്പ് നിറങ്ങളിലുള്ള ഒട്ടകങ്ങളിൽ ചിത്രരചന നടത്തുന്നതിനാണ് കൂടുതൽ ഇഷ്ടം. ഈ നിറങ്ങളിലുള്ള ഒട്ടകങ്ങളുടെ ശരീരങ്ങളിലെ ചിത്രങ്ങൾക്ക് കൂടുതൽ കൃത്യതയുണ്ടാകും. സൗദിയിൽ ആദ്യമാണ് തന്റെ കലാവൈഭവം പ്രകടിപ്പിക്കുന്നതിന് എത്തുന്നത്. ഇതിൽ ആഹ്ലാദമുണ്ടെന്ന് തെലൂക് നായിക് പറഞ്ഞു.
റിയാദ് തആലീൽ പാർക്കിൽ രാവിലെ പത്തു മുതൽ വൈകിട്ട് ആറു വരെ ഒട്ടക വരകൾ സന്ദർശകർക്ക് കാണാം. വെള്ളിയാഴ്ചകളിൽ ഉച്ചക്ക് രണ്ടു മുതൽ വൈകിട്ട് ആറു വരെയാണ് കലാകാരന്മാർ സന്ദർശകർക്കു വേണ്ടി ചിത്രരചന നടത്തുന്നത്.