പാലാ ബിഷപ്പിനെതിരെ പട്ടാമ്പി പോലീസില്‍ പരാതി

പട്ടാമ്പി- പാലാ ബിഷപ്പിന്റെ വിവാദപരാമര്‍ശത്തിനെതിരേ പട്ടാമ്പി പോലീസില്‍ പരാതി. ആസ്‌പെയര്‍ കോളജ് പ്രിന്‍സിപ്പല്‍കൂടിയായ ഞാങ്ങാട്ടിരി സ്വദേശി ഇ.പി. റിയാസാണ് പോലീസിനെ സമീപിച്ചിരിക്കുന്നത്. ഒരു പ്രത്യേക മതവിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലും ആ സമൂഹത്തെക്കുറിച്ച് ഇതരവിഭാഗക്കാര്‍ക്കിടയില്‍ ഭീതി വളര്‍ത്തുന്ന വിധത്തിലും പ്രസ്താവന നടത്തിയ ബിഷപ്പിനെതിരേ പോലീസ് സ്വമേധയാ കേസെടുക്കേണ്ടതായിരുന്നുവെന്ന് റിയാസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പോലീസ് ആ ഉത്തരവാദിത്തം ഏറ്റെടുക്കാതിരുന്നതിനാലാണ് താന്‍ പരാതി നല്‍കിയത് എന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു അധ്യാപകന്‍ എന്ന രീതിയില്‍ വിഷയത്തില്‍ തനിക്ക് ആശങ്കയുണ്ട് എന്നും സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തെ ചെറുത്തു തോല്‍പ്പിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണ് എന്നും റിയാസ് പട്ടാമ്പി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പരാതി രജിസ്റ്റര്‍ ചെയ്തുവെങ്കിലും കേസെടുക്കുന്നത് ഉള്‍പ്പെടെയുള്ള തുടര്‍നടപടികളിലേക്ക് പോലീസ് നീങ്ങിയിട്ടില്ല. കേസെടുക്കും വരെ നിയമപോരാട്ടം നടത്താനാണ് അധ്യാപകന്റെ തീരുമാനം. പരാതിയില്‍ പോലീസ് നടപടിയെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കാന്‍ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്ന് റിയാസിന്റെ അഭിഭാഷകന്‍ അഡ്വ.ഷാഹുല്‍ഹമീദ് അറിയിച്ചു.

 

 

Latest News