Sorry, you need to enable JavaScript to visit this website.

പ്രിയങ്ക ഗാന്ധി യുപിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി? 

ലഖ്‌നൗ- നിയമസഭാ തെരഞ്ഞെടുപ്പിന് ആറു മാസം മാത്രം ശേഷിക്കെ ഉത്തര്‍ പ്രദേശില്‍ നഷ്ടപ്രതാപം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. എഐസിസി ജനറല്‍ സെക്രട്ടറിയും യുപിയിലെ പാര്‍ട്ടി ചുമതലക്കാരിയുമായി പ്രിയങ്ക ഗാന്ധി വധ്രയാണ് പാര്‍ട്ടിയുടെ എല്ലാ പദ്ധതികള്‍ക്കും ചുക്കാന്‍ പിടിക്കുന്നത്. ആരുമായും സഖ്യം ചേരാതെ ഒറ്റയ്ക്ക് ശക്തി തെളിയിക്കാനുള്ള ഒരുക്കത്തിലാണ് പാര്‍ട്ടി. അപ്പോള്‍ സ്വാഭാവികമായും ഉയരുന്ന ചോദ്യം ആരാകും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്നാണ്. എതിരാളികളെല്ലാം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഓരോ നേതാക്കളെ ഉയര്‍ത്തിക്കാട്ടുമ്പോള്‍ പ്രത്യേകിച്ചും.

പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് യുപിയില്‍ തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായി സല്‍മാന്‍ ഖുര്‍ഷിദ് പറയുന്നു. പ്രിയങ്ക മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമോ എന്ന ചോദ്യത്തിന് അത് അവര്‍ തന്നെയാണ് തീരുമാനിക്കുക എന്നായിരുന്നു ഇന്നലെ പ്രയാഗ്‌രാജില്‍ മാധ്യമങ്ങളോട് സംസാരിക്കവെ സല്‍മാന്‍ ഖുര്‍ഷിദിന്റെ മറുപടി. 

ബിജെപി ഉയര്‍ത്തുന്ന ശക്തമായ വെല്ലുവിളി നേരിടാന്‍ മൃദു ഹിന്ദുത്വ സമീപനമാണ് പ്രിയങ്കയുടേതെന്ന് നേരത്തെ റിപോര്‍ട്ടുണ്ടായിരുന്നു. പോകുന്നിടത്തെല്ലാം ക്ഷേത്ര സന്ദര്‍ശനങ്ങളും അതിന് പ്രചാരണവും നല്‍കുന്നത് ഇതിന്റെ ഭാഗമായാണെന്നും വിലയിരുത്തപ്പെടുന്നു. പാര്‍ട്ടി വിടുകയോ മാറിനില്‍ക്കുകയോ ചെയ്യുന്ന പഴയകാല കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയില്‍ സജീവമാക്കാനും അവരുമായി സമ്പര്‍ക്കം പുനഃസ്ഥാപിക്കാനുമായി 'ഘർവാപസി', പ്രതിഗ്യാന്‍ യാത്ര എന്നു പേരിട്ടിരിക്കുന്ന 12,000 കിലോമീറ്റര്‍ ദൂരം പദയാത്ര, എന്നിങ്ങനെയാണ് പ്രിയങ്ക മെനഞ്ഞ പുതിയ തന്ത്രങ്ങള്‍.

നാളെ ആരംഭിക്കുന്ന പ്രതിഗ്യാന്‍ യാത്ര വന്‍ വിജയമാക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോടും നേതാക്കളോയും പ്രിയങ്ക ആഹ്വാനം ചെയ്തിരുന്നു. ഈ യാത്രയില്‍ ബിജെപി സര്‍ക്കാരിന്റെ കോവിഡ് നേരിടുന്നതിലെ പരാജയം, താളംതെറ്റിയ ക്രമസമാധാനം, തൊഴിലില്ലായ്മ, സ്ത്രീകള്‍ക്കെതിരെ വര്‍ധിക്കുന്ന അതിക്രമങ്ങള്‍ എന്നിവ തുറന്നു കാട്ടും. കോണ്‍ഗ്രസ് വിടുകയോ സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങുകയോ ചെയ്ത പഴയകാല കോണ്‍ഗ്രസ് നേതാക്കളെ നേരിട്ടു കണ്ട് സംസാരിക്കാന്‍ മുതിര്‍ന്ന പാർട്ടി നേതാക്കളെ പ്രിയങ്ക ചുമതലപ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിനു മുമ്പായി ഇവരെ പാര്‍ട്ടിയിലെത്തിക്കാനാണ് നീക്കം. വേണ്ടി വന്നാല്‍ അവരെ നേരിട്ട് കാണാന്‍ താന്‍ ഒരുക്കമാണെന്നും പ്രിയങ്ക പറഞ്ഞിരുന്നു. 

കഴിഞ്ഞയാഴ്ച അമ്മ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ് ബറേലിയിലെത്തിയ പ്രിയങ്ക പ്രശസ്തമായ ചുര്‍വ ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. നേരത്തെ യുപിയിലെത്തിയപ്പോഴും പ്രിയങ്ക പല പ്രശസ്ത ക്ഷേത്രങ്ങളിലും സന്ദര്‍ശനം നടത്തിയിരുന്നു. ബിജെപിയെ നേരിടാന്‍ മൃദു ഹിന്ദുത്വ നയം തുടരാനാണ് പ്രിയങ്കയുടെ ശ്രമം. യുപിയില്‍ മൃദു ഹിന്ദുത്വ നയം സ്വീകരിക്കാനാണ് തീരുമാനമെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് നേരത്തെ പറഞ്ഞതായി ഡെക്കാന്‍ ഹെരാള്‍ഡ് റിപോര്‍ട്ട് ചെയ്തിരുന്നു. കോണ്‍ഗ്രസിനെ ഒരു ഹിന്ദു വിരുദ്ധ പാര്‍ട്ടിയായി ചിത്രീകരിക്കാനുള്ള ബിജെപി ശ്രമത്തെ ചെറുത്തു തോല്‍പ്പിക്കുമെന്നും അദ്ദേഹം പറയുന്നു.

Latest News