Sorry, you need to enable JavaScript to visit this website.

അധ്യാപകരുടെ വേതനവിഹിതം വഹിക്കുക ഒരു വർഷം

റിയാദ്- പുതിയ സൗദിവൽക്കരണ തീരുമാന പ്രകാരം സ്വകാര്യ, ഇന്റർനാഷനൽ സ്‌കൂളുകളിൽ നിയമിക്കുന്ന സൗദി അധ്യാപകരുടെ വേതന വിഹിതം ഒരു വർഷം മാത്രമാണ് സർക്കാർ വഹിക്കുകയെന്ന് അൽകിഫാഹ് എജ്യുക്കേഷൻ കമ്പനി സി.ഇ.ഒ നൂറ അൽഅജമി പറഞ്ഞു. സ്വകാര്യ, ഇന്റർനാഷനൽ സ്‌കൂളുകളിൽ സൗദിവൽക്കരണം നടപ്പാക്കാനുള്ള മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ തീരുമാനം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. സൗദി അധ്യാപകരുടെ മിനിമം വേതനം 5,000 റിയാലായി നിർണയിച്ചിട്ടുണ്ട്. 
സൗദിവൽക്കരണ തീരുമാനപ്രകാരം സ്വകാര്യ, ഇന്റർനാഷനൽ സ്‌കൂളുകളിൽ നിയമിക്കുന്ന സൗദി അധ്യാപകരുടെ വേതന വിഹിതമായി പ്രതിമാസം 2,500 റിയാൽ തോതിൽ 12 മാസം സർക്കാർ വഹിക്കും. സർക്കാർ വഹിക്കുന്ന വേതന വിഹിതം അടക്കം സൗദി അധ്യാപകരുടെ മിനിമം വേതനം 5,000 റിയാലിൽ കുറവാകാൻ പാടില്ല. ഒരു വർഷത്തിനു ശേഷം സർക്കാർ സഹായം നിലക്കും. ഇതിനു ശേഷം അധ്യാപകരുടെ പൂർണ വേതനം സ്‌കൂളുകൾ സ്വയം വഹിക്കണം. 
ഈ അധ്യയന വർഷത്തിൽ 3,000 റിയാൽ വേതനം നിശ്ചയിച്ച് സൗദി അധ്യാപകരുമായി കരാറുകൾ ഒപ്പുവെച്ച സ്‌കൂളുകളുടെ നടപടി നിയമാനുസൃതമാണ്. എന്നാൽ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നിർണയിച്ച മിനിമം വേതന വ്യവസ്ഥ പാലിക്കാത്തതിനാൽ ഇത് നിതാഖാത്തിനെയും സൗദിവൽക്കരണത്തെയും പ്രതികൂലമായി ബാധിക്കുമെന്നു നൂറ അൽഅജമി പറഞ്ഞു. 
സ്വകാര്യ, ഇന്റർനാഷനൽ സ്‌കൂൾ സൗദിവൽക്കരണത്തിലൂടെ ആദ്യ ഘട്ടത്തിൽ 8,000 സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കാൻ സാധിക്കുമെന്നാണ് കണക്കാക്കുന്നത്. മൂന്നു വർഷത്തിനുള്ളിൽ 28,000 സ്വദേശി അധ്യാപകർക്ക് തൊഴിൽ ലഭ്യമാക്കാനും ഇതിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സൗദി അധ്യാപകരുടെ മിനിമം വേതനം 5,000 റിയാലായി മന്ത്രാലയം നിർണയിച്ചിട്ടുണ്ട്. ഇതിൽ കുറവ് വേതനം പറ്റുന്ന അധ്യാപകരെ സ്‌കൂളുകളിലെ സൗദി അധ്യാപകരെന്നോണം സൗദിവൽക്കരണത്തിൽ ഉൾപ്പെടുത്തി കണക്കാക്കില്ല. 
സൗദിവൽക്കരിച്ച തൊഴിലുകളിൽ നേരിട്ടോ അല്ലാതെയോ വിദേശികളെ നിയമിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കും. പ്രൊഫഷൻ മാറ്റം, സ്‌പോൺസർഷിപ്പ് മാറ്റം, പുതിയ വിസകൾ അനുവദിക്കൽ, വർക്ക് പെർമിറ്റ് പുതുക്കൽ എന്നീ സേവനങ്ങൾ സൗദിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് വിലക്കും. സ്വകാര്യ ഗേൾസ് സ്‌കൂളുകളിൽ 90 ശതമാനവും ബോയ്‌സ് സ്‌കൂളുകളിൽ 60 ശതമാനവും ഇന്റർനാഷനൽ സ്‌കൂളുകളിൽ 80 ശതമാനവും സൗദിവൽക്കരണമാണ് ആദ്യ ഘട്ടത്തിൽ പാലിക്കേണ്ടത്.
 

Tags

Latest News