Sorry, you need to enable JavaScript to visit this website.

ഇഖാമ മറ്റൊരാളുടേത്- തെലങ്കാന സ്വദേശിയുടെ മൃതദേഹം തിരിച്ചറിഞ്ഞത് രണ്ടര മാസങ്ങള്‍ക്ക് ശേഷം

റിയാദ്- മറ്റൊരാളുടെ ഇഖാമയുപയോഗിച്ച് നടക്കുന്നതിനിടെ മരിച്ചയാളെ തിരിച്ചറിഞ്ഞത് രണ്ടരമാസങ്ങള്‍ക്ക് ശേഷം. തെലങ്കാന സ്വദേശി ബോദാസു ചിന്ന നര്‍സയ്യയുടെ മൃതദേഹമാണ് രണ്ടരമാസങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ കെ.എം.സി.സി വെല്‍ഫയര്‍ വിംഗ് ചെയര്‍മാനും ഇന്ത്യന്‍ എംബസി കമ്മ്യൂണിറ്റി വളണ്ടിയറുമായ സിദ്ദീഖ് തുവ്വൂര്‍ തിരിച്ചറിഞ്ഞത്.
നാട്ടുകാരനുമായ നദീപിയുടെ ഇഖാമയായിരുന്നു നര്‍സയ്യയുടെ കൈവശമുണ്ടായിരുന്നത്. ഇഖാമയിലെ വിവരം ഗൂഗിള്‍ സേര്‍ച്ച് വഴി പരിശോധിച്ച് സ്‌പോണ്‍സറുടെ വിവരങ്ങള്‍ കണ്ടെത്തി. ഓഫീസുമായി ബന്ധപ്പെട്ട് വിവരങ്ങളന്വേഷിച്ചപ്പോള്‍ അങ്ങനെയൊരു മരണത്തെ കുറിച്ച് കമ്പനിക്ക് വിവരം ലഭിച്ചിട്ടില്ലെന്നും ഇദ്ദേഹം കമ്പനിയില്‍ നിന്ന് ഒളിച്ചോടിപ്പോയി എന്നുമാണ് അറിഞ്ഞതെന്ന് സിദ്ദീഖ് പറഞ്ഞു. തുടര്‍ന്ന് അദ്ദേഹത്തെ റിക്രൂട്ട് ചെയ്ത സ്ഥാപനവുമായി ബന്ധപ്പെട്ട് കുടുംബത്തെ അറിയിച്ചപ്പോള്‍ നദീപി ജീവിച്ചിരിപ്പുണ്ടെന്നാണറിഞ്ഞത്. നിയമക്കുരുക്കുകള്‍ ഭയന്ന് അവര്‍ നമ്പര്‍ പങ്കുവെച്ചില്ല. 
എന്നാല്‍ നര്‍സയ്യയെ കുറിച്ച് പോലീസ്, മോര്‍ച്ചറി ഓഫീസുകളില്‍ ബന്ധപ്പെട്ടെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. രണ്ടു പേരും ഒരേ സംസ്ഥാനത്ത് നിന്നുള്ളവരായത് കൊണ്ടും നദീപി ജീവിച്ചിരിപ്പുണ്ടെന്ന് പറഞ്ഞതിനാലും നര്‍സയ്യയുമായി ബന്ധപ്പെട്ടവര്‍ക്ക് മൃതദേഹം തിരിച്ചറിയാന്‍ ആവശ്യമായ സൗകര്യം ചെയ്ത് കൊടുത്തു. നര്‍സയ്യയുടെ ഫ്‌ളാറ്റില്‍ നിന്ന് ദുര്‍ഗന്ധം വരുന്നത് ശ്രദ്ധയില്‍ പെട്ട സൗദി പൗരനാണ് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് സിവില്‍ ഡിഫന്‍സുമായി ബന്ധപ്പെട്ട് വാതില്‍ പെളിച്ച് മൃതദേഹം പുറത്തെടുത്തു. മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമുണ്ടായിരുന്നു എന്നാണ് റെഡ് ക്രസന്റ് ടീം അറിയിച്ചത്. മൃതദേഹം നര്‍സയ്യയുടേതാണെന്ന് സുഹൃത്തുക്കള്‍ തിരിച്ചറിഞ്ഞു. വാടക കരാരും മറ്റു രേഖകളും ജീവിച്ചിരിക്കുന്ന ആളുടെ പേരിലായതാണ് വിനയായത്. കുടുംബവും അധികൃതരുമായും ബന്ധപ്പെട്ട് മൃതദേഹം സൗദിയില്‍ അടക്കം ചെയ്യാനുള്ള നടപടികള്‍ സിദ്ദീഖ് തുവ്വൂരിന് പുറമെ കണ്‍വീനര്‍മാരായ ഫിറോസ് കൊട്ടിയം, ദഖ്‌വാന്‍, തെലുങ്കാന സാമൂഹ്യ പ്രവര്‍ത്തകന്‍ ലക്ഷ്മണ്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നു വരുന്നു. നദീപിയുമായി സംസാരിച്ച് അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്ന് വെല്‍ഫെയര്‍ വിംഗ് വളണ്ടിയര്‍മാര്‍ ഉറപ്പ് വരുത്തി. അദ്ദേഹത്തിന്റെ സുഹൃത്തിനെ കൊണ്ട് പോലീസില്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്തു.

Tags

Latest News