റിയാദ് - പുതിയ നിരക്ക് അടങ്ങിയ വൈദ്യുതി ബില്ലുകൾ ഇരുപതു ദിവസത്തിനുശേഷം ഇഷ്യു ചെയ്യുമെന്ന് റിപ്പോർട്ട്. സൗദി ഇലക്ട്രിസിറ്റി കമ്പനി മുഴുവൻ ഉപയോക്താക്കൾക്കും ഇ-ബില്ലുകൾ ഇഷ്യു ചെയ്യുന്നതിന് തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇഷ്യു ചെയ്ത ചില ബില്ലുകളിൽ പുതിയ നിരക്കുകൾ കണക്കാക്കിയിട്ടില്ല. പഴയ നിരക്കിലാണ് ബില്ലുകൾ ഇഷ്യു ചെയ്തത്. നേരത്തെ എടുത്ത റീഡിംഗ് പ്രകാരമുള്ള ബില്ലുകളായതിനാലാണ് ഈ ബില്ലുകളിൽ പുതിയ നിരക്കുകൾ കണക്കാക്കാത്തത്. പുതിയ ബില്ലുകളിൽ അഞ്ചു ശതമാനം വാറ്റും ഉൾപ്പെടുത്തും.
പേപ്പർ ബില്ലുകൾ ഇഷ്യു ചെയ്യുന്നതിന് കമ്പനിക്ക് പ്രതിമാസം ഒരു കോടി റിയാൽ ചെലവ് വന്നിരുന്നു. ഇ-ബില്ലുകളാക്കി മാറ്റിയതോടെ ഈ ചെലവ് ഇല്ലാതായി.
ഗാർഹിക ഉപഭോക്താക്കൾക്ക് പ്രതിമാസം ആറായിരം യൂനിറ്റു വരെയുള്ള ഉപയോഗത്തിന് ഓരോ യൂനിറ്റിനും 18 ഹലലയാണ് പുതിയ നിരക്ക്. ആറായിരം യൂനിറ്റിനു മുകളിലുള്ള ഓരോ യൂനിറ്റിനും 30 ഹലല വീതം നൽകേണ്ടിവരും.
വാണിജ്യ സ്ഥാപനങ്ങൾക്ക് ആറായിരം യൂനിറ്റു വരെ യൂനിറ്റിന് 20 ഹലലയും ആറായിരം യൂനിറ്റിൽ കൂടുതലുള്ള യൂനിറ്റിന് 30 ഹലലയുമാണ് പുതിയ നിരക്ക്. കാർഷിക മേഖലയും സന്നദ്ധ സംഘടനകളും ആറായിരം യൂനിറ്റു വരെയുള്ള ഉപഭോഗത്തിന് യൂനിറ്റിന് 16 ഹലലയും അതിനു മുകളിലുള്ള ഉപഭോഗത്തിന് യൂനിറ്റിന് 20 ഹലലയുമാണ് നൽകേണ്ടത്. സ്വകാര്യ ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും യൂനിറ്റിന് 21 ഹലല എന്ന ഒറ്റ നിരക്കാണ് ബാധകം. വ്യവസായ സ്ഥാപനങ്ങൾക്കും ഗവൺമെന്റ് സ്ഥാപനങ്ങൾക്കുള്ള വൈദ്യുതി നിരക്കിൽ ഒരുവിധ മാറ്റവും വരുത്തിയിട്ടില്ല. വ്യവസായ മേഖലക്ക് യൂനിറ്റിന് 18 ഹലലയും ഗവൺമെന്റ് വകുപ്പുകൾക്ക് യൂനിറ്റിന് 32 ഹലലയുമാണ് നിരക്ക്. ഇതുവരെ ഗാർഹിക മേഖലയിൽ പ്രതിമാസം രണ്ടായിരം യൂനിറ്റു വരെയുള്ള ഉപഭോഗത്തിന് യൂനിറ്റിന് അഞ്ചു ഹലലയായിരുന്നു നിരക്ക്. ഇത് 18 ഹലലയായാണ് വർധിച്ചിരിക്കുന്നത്. ഇതിനു പുറമെ അഞ്ചു ശതമാനം മൂല്യവർധിത നികുതിയും ബില്ലിൽ ഉൾപ്പെടുത്തും.