സൗദിയിലേക്ക് വരുന്നവര്‍ തവക്കല്‍നാ ഡൗണ്‍ലോഡ് ചെയ്യണം- കര്‍ശന നിര്‍ദേശം

റിയാദ് - സൗദി അറേബ്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും തവക്കല്‍നാ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് എല്ലാ വിമാനകമ്പനികളോടും സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ആവശ്യപ്പെട്ടു.
തവക്കല്‍നാ ഡൗണ്‍ലോഡ് ചെയ്യണമെന്നും സൗദിയിലെത്തി എട്ട് മണിക്കൂറിനുള്ളില്‍ അതില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും യാത്രക്കാരെ ബോധ്യപ്പെടുത്തണം.
തവക്കല്‍ന, മുഖീം രേഖകളില്ലാതെ യാത്രക്കാര്‍ സൗദി വിമാനത്താവളങ്ങളില്‍ എത്തുന്ന പശ്ചാത്തലത്തിലാണ് ഏവിയേഷന്‍ അതോറിറ്റി ആവര്‍ത്തിച്ച് നിര്‍ദേശം നല്‍കിയത്. പുറപ്പെടുന്ന വിമാനത്താവളത്തില്‍ കൃത്യമായ പരിശോധനക്ക് ശേഷമേ യാത്രക്കാരെ ബോര്‍ഡ് ചെയ്യാവൂ എന്നാണ് വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം.
സൗദിയില്‍ നിലവിലുള്ള കോവിഡ് പ്രോട്ടോകോളുകള്‍ പാലിക്കാനും ബോധവത്കരിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. ഇക്കാര്യങ്ങള്‍  വിമാനങ്ങളിലെ സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കണം. ഇത് എയര്‍ലൈനുകള്‍ പാലിച്ചില്ലെങ്കില്‍ നിയമലംഘനമായി കണക്കാക്കും.
സൗദിയിലേക്കുള്ള ബോര്‍ഡിംഗ് പാസ് നല്‍കുന്നതിന് മുമ്പ് യാത്രക്കാരുടെ വാക്‌സിനേഷന്‍ സ്റ്റാറ്റസ് എയര്‍ലൈന്‍ ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം. തവക്കല്‍ന അല്ലെങ്കില്‍ ഖുദൂം പ്ലാറ്റ്‌ഫോം എന്നിവയിലേതെങ്കിലുമൊന്നിലെ സ്റ്റാറ്റസ് ആണ് പരിശോധിക്കേണ്ടത്.
ആരോഗ്യമാനദണ്ഡങ്ങള്‍ പാലിക്കുമെന്ന നിലവിലെ ഫോമിന് പകരം മറ്റൊരു ഫോമാണ് വിമാനത്തില്‍ വെച്ച് യാത്രക്കാര്‍ ഇനി പൂരിപ്പിച്ചുനല്‍കേണ്ടത്. സൗദിയിലെത്തി എട്ട് മണിക്കൂറിനുള്ളില്‍ തവക്കല്‍നയില്‍ രജിസ്റ്റര്‍ ചെയ്യുമെന്നും ആരോഗ്യമാനദണ്ഡങ്ങള്‍ പാലിക്കുമെന്നും ആവശ്യമെങ്കില്‍ ആരോഗ്യമന്ത്രാലയം നിര്‍ദേശിക്കുന്ന ടെസ്റ്റുകള്‍ നടത്തുമെന്നുമുള്ള സത്യവാങ്മൂലം വിമാനത്തിനുള്ളില്‍ വെച്ച് ഒപ്പിട്ട് കൊടുക്കുകയും അത് വിമാനത്താവളത്തിലെ കൗണ്ടറില്‍ ഏല്‍പ്പിക്കുകയും വേണം. ഇക്കാര്യത്തില്‍ യൊതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് അതോറിറ്റി വിമാനക്കമ്പനികളെ അറിയിച്ചിട്ടുണ്ട്.

 

Latest News