യുവതിയെ മതം മാറ്റി ഭീകരർക്ക് വിൽക്കാൻ  ശ്രമിച്ചെന്ന കേസ് എൻ.ഐ.എ ഏറ്റെടുത്തു

കൊച്ചി- ഗുജറാത്തിൽ താമസിച്ചിരുന്ന പത്തനംതിട്ട റാന്നി സ്വദേശിനിയെ ഭീഷണിപ്പെടുത്തി വിവാഹം കഴിച്ച് നിർബന്ധിതമായി മതം മാറ്റി ഐ.എസ് തീവ്രവാദികൾക്ക് ലൈംഗിക അടിമയായി വിൽക്കാൻ ശ്രമിച്ചുവെന്ന കേസ് എൻ.ഐ.എ ഏറ്റെടുത്തു. എൻ.ഐ.എ കോടതി ജഡ്ജി കൗസർ എടപ്പകത്ത് മുമ്പാകെ എൻ.ഐ.എ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം എഫ്.ഐ.ആർ ഫയൽ ചെയ്തു. 
തലശേരി സ്വദേശി മുഹമ്മദ് റിയാസ് തന്നെ ബ്ലാക്ക്‌മെയിൽ ചെയ്ത് വശംവദയാക്കി വിവാഹം കഴിച്ചെന്നും പിന്നീട് ഐ.എസ് തീവ്രവാദികൾക്ക് കൈമാറുന്നതിന് സൗദി അറേബ്യയിൽനിന്ന് സിറിയയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെന്നുമാണ് യുവതിയുടെ പരാതി. സംഭവവുമായി ബന്ധപ്പെട്ട് പറവൂർ സ്വദേശികളായ പെരുവാരം മന്ദിയേടത്ത് ഫയാസ് (23), മാഞ്ഞാലി തലക്കാട്ട് സിയാദ്(48)എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതി മുഹമ്മദ് റിയാസിന്റെ അടുത്ത ബന്ധുവാണ് ഫയാസ്. യുവതിയെ മാഞ്ഞാലിയിൽ താമസിക്കുന്നതിന് സഹായം നൽകിയത് ഫയാസാണ്. 
2014 ൽ ബംഗളൂരുവിൽ പഠിക്കുന്ന സമയത്താണ് മുഹമ്മദ് റിയാസിനെ യുവതി പരിചയപ്പെടുന്നത്. ലൈംഗിക വേഴ്ച രഹസ്യമായി ചിത്രീകരിച്ച ശേഷം ഇതു കാണിച്ച് ഭീഷണിപ്പെടുത്തി മതംമാറ്റത്തിന് പ്രേരിപ്പിച്ചുവെന്ന് യുവതി പറയുന്നു. വിവരമറിഞ്ഞെത്തിയ മാതാപിതാക്കൾ യുവതിയെ ഗുജറാത്തിലേക്ക് കൊണ്ടുപോയി. മുഹമ്മദ് റിയാസ് ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് നൽകിയതിനെ തുടർന്ന് ഹൈക്കോടതിയിൽ ഹാജരായ യുവതി റിയാസിനോടൊപ്പം പോകാൻ താൽപര്യമറിയിക്കുകയും കോടതി ഇത് അനുവദിക്കുകയും ചെയ്തു.  തുടർന്നാണ് ഇവർ ബന്ധുവായ ഫയാസിന്റെ പറവൂരിലെ വീട്ടിലും പിന്നീട് മാഞ്ഞാലിയിലെ വാടക വീട്ടിലുമായി താമസിച്ചത്. അവിടെനിന്നാണ് സന്ദർശക വിസയിൽ സൗദിയിലേക്ക് പോയത്. 
വ്യാജ വിവാഹ സർട്ടിഫിക്കറ്റുണ്ടാക്കിയാണ് യുവതിയെ സൗദി അറേബ്യയിലേക്ക് കൊണ്ടുപോയതത്രെ. സൗദിയിൽനിന്ന് തന്നെ സിറിയയിലേക്ക് കടത്താൻ ശ്രമിച്ചതിനെ തുടർന്ന് പിതാവിനെ വിവരമറിയിക്കുകയും സൗദിയിലുള്ള സുഹൃത്തുക്കൾ മുഖേന ഇന്ത്യയിലേക്ക് രക്ഷപ്പെടുകയും ചെയ്തുവെന്നാണ് യുവതി പറയുന്നത്. മുഹമ്മദ് റിയാസിനെതിരെ യുവതി ഹൈക്കോടതിയിൽ ഹരജി നൽകിയതിനെ തുടർന്ന് കോടതി നിർദേശപ്രകാരമാണ് പോലീസ് രണ്ടു പേരെ കസ്റ്റഡിയിലെടുത്തത്.

 

Latest News