രാജ്യസഭയിലേക്ക് സോനേവാളും എല്‍. മുരുകനും ബി.ജെ.പി സ്ഥാനാര്‍ഥികളാവും

ന്യൂദല്‍ഹി- രാജ്യസഭ ഉപതെരഞ്ഞെടുപ്പിനായി കേന്ദ്രമന്ത്രിമാരായ സര്‍ബാനന്ദ സോനേവാള്‍, എല്‍. മുരുകന്‍ എന്നിവരുടെ പേരുകള്‍ പ്രഖ്യാപിച്ച് ബി.ജെ.പി. രാജ്യസഭയിലെ ഏഴ് സീറ്റുകളിലേക്കായി ഒക്ടോബര്‍ നാലിന് ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. തമിഴ്‌നാട്ടില്‍നിന്നു രണ്ടു സീറ്റുകള്‍, പശ്ചിമ ബംഗാള്‍, അസം, മധ്യപ്രദേശ്, പുതുച്ചേരി, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍നിന്നു ഓരോ സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്.
ബി.ജെ.പിയുടെ അസമില്‍നിന്നുള്ള രാജ്യസഭാംഗം ബിശ്വജീത് ദൈമരി രാജിവെച്ചതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ കേന്ദ്രമന്ത്രിയും അസമിലെ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന സര്‍ബാനന്ദ സോനോവാളിനെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചത്. രാജിവെച്ച അസമില്‍നിന്നുള്ള രാജ്യസഭാംഗം ബിശ്വജീത് ദൈമരി അസം നിയമസഭയുടെ സ്പീക്കറായി അധികാരമേല്‍ക്കും.
മധ്യപ്രദേശില്‍നിന്നുള്ള കേന്ദ്ര വാര്‍ത്താവിതരണ സഹമന്ത്രിയായ എല്‍. മുരുകനെയും രാജ്യസഭാംഗമായി പരിഗണിച്ചിട്ടുണ്ട്. ഭാരതീയ ജനതാ പാര്‍ട്ടിയുടെ തമിഴ്‌നാട് യൂണിറ്റിന്റെ പ്രസിഡന്റായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മധ്യപ്രദേശില്‍നിന്നുള്ള രാജ്യസഭാംഗമായ തവര്‍ചന്ദ് ഗെഹലോട്ട് കര്‍ണാടക ഗവര്‍ണറായി ചുമതലയേറ്റതോടെയാണ് മധ്യപ്രദേശിലെ രാജ്യസഭ സീറ്റില്‍ ഒഴിവു വന്നത്.   

 

 

Latest News