വാക്‌സിനേഷനില്‍ റെക്കോഡിട്ടത് ചിലര്‍ക്ക് അസ്വസ്ഥത, കോണ്‍ഗ്രസിന് മോഡിയുടെ ഒളിയമ്പ്

ന്യൂദല്‍ഹി- രാജ്യത്ത് റെക്കോഡ് വാക്‌സിനേഷന്‍ നടന്നത് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കോണ്‍ഗ്രസിന് നേര്‍ക്കാണ് മോഡിയുടെ ഒളിയമ്പ്. മോഡിയുടെ 71 ാമത് ജന്‍മദിനമായിരുന്ന ഇന്നലെ ഒറ്റ ദിവസം രണ്ടരക്കോടി വാക്‌സിന്‍ ഡോസുകളാണ് നല്‍കിയത്. ഗോവയില്‍ മുഴുവന്‍ ജനങ്ങള്‍ക്കും ഇന്നലെ വൈകുന്നേരത്തോടെ ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിനെയും, ആരോഗ്യ പ്രവര്‍ത്തകരെയും മോഡി വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിനന്ദങ്ങള്‍ അറിയിച്ചു.
ലോകത്തിലെ മറ്റൊരു രാജ്യത്തിനും സാധിച്ചിട്ടില്ലാത്ത നേട്ടമാണിത്. ഒരു മിനുട്ടില്‍ 26,000 വാക്‌സിനുകള്‍ എന്ന നിരക്കില്‍ മണിക്കൂറില്‍ 15 ലക്ഷം വാക്‌സിനുകളാണ് നല്‍കിയത്. ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങി ഈ നേട്ടത്തിനായി രാജ്യത്തെ സഹായിച്ച മുഴുവനാളുകളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ലോക രാജ്യങ്ങളുടെ ഇടയില്‍ ഇന്ത്യയുടെ ശക്തിയാണ് ഇത് വെളിപ്പെടുത്തുന്നത്. ജന്‍മദിനങ്ങള്‍ പൊതുവേ ആഘോഷിക്കാത്ത തനിക്ക് ഇന്നലെ രാജ്യം സ്വന്തമാക്കിയ നേട്ടം വൈകാരികമായ അനുഭവമായിരുന്നു.  
ഈ നേട്ടത്തില്‍ ചില രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ അസ്വസ്ഥരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരു ടൂറിസ്റ്റ് സംസ്ഥാനം കൂടിയായതിനാല്‍ ഗോവയുടെ ഈ നേട്ടം പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നതാണ്. വിനോദ സഞ്ചാരികളെ കൂടുതലായി സംസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുന്നതിന് ഇത് സഹായിക്കും.

 

 

Latest News