ന്യൂദല്‍ഹി- മലയാള സാഹിത്യ നിരൂപണ രംഗത്തെ തലമുതിര്‍ന്ന എഴുത്തുകാരി ഡോ. എം. ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്. സമഗ്ര സംഭാവനക്കാണ് പുരസ്ക്കാരം. സാഹിത്യ രംഗത്ത് ജീവിച്ചിരിക്കുന്നവരില്‍ മുതിര്‍ന്ന പ്രതിഭാധനര്‍ക്ക് അക്കാദമി നല്‍കുന്ന ഏറ്റവും ഉയര്‍ന്ന അംഗീകാരമാണ് ഫെല്ലോഷിപ്പ്. മലയാള സാഹിത്യത്തില്‍നിന്ന് ഫെല്ലോഷിപ്പ് ലഭിക്കുന്ന ആറാമത്തെ വ്യക്തിയാണ് ലീലാവതി ടീച്ചര്‍. ഇത്തവണ ഏഴു പേര്‍ക്ക് നല്‍കാനാണ് അക്കാദമി എക്‌സിക്യൂട്ടീവ് തീരുമാനിച്ചിട്ടുള്ളത്.
2013 ല്‍ എം.ടി വാസുദേവന്‍ നായര്‍ക്കാണ് ഇതിന് മുമ്പ് മലയാള സാഹിത്യത്തില്‍നിന്ന് അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചത്. വൈക്കം മുഹമ്മദ് ബഷീര്‍, തകഴി ശിവശങ്കരപ്പിള്ള, എന്‍. ബാലാമണിയമ്മ, കോവിലന്‍ എന്നിവരും നേരത്തെ ഫെല്ലോഷിപ്പിന് അര്‍ഹരായിട്ടുണ്ട്. വിവര്‍ത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം സുധാകരന്‍ രാമന്തളിയുടെ "ശിഖരസൂര്യന്‍' എന്ന കന്നഡ നോവല്‍ വിവര്‍ത്തനത്തിന് ലഭിച്ചു.






