രാഹുല്‍ ഗാന്ധി പരാജയം, പ്രതിപക്ഷത്തെ നയിക്കേണ്ടത് മമത ബാനര്‍ജിയെന്ന് തൃണമൂല്‍ പത്രം

കൊല്‍ക്കത്ത- 2024ല്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷം ഒരു ശക്തമായ ബിജെപി വിരുദ്ധ മുന്നണിക്ക് രൂപം നല്‍കാന്‍ ശ്രമിക്കുന്നതിനിടെ പ്രതിപക്ഷ നേതൃമുഖത്തെ ചൊല്ലി തൃണമൂല്‍ കോണ്‍ഗ്രസ് പുതിയൊരു ചര്‍ച്ചയ്ക്ക് തുടക്കമിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വെല്ലാന്‍ കരുത്തുള്ള ബദല്‍ നേതാവല്ല കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെന്നും അതിനുള്ള യോഗ്യത ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കാണെന്നും അവരുടെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുഖപത്രം പറയുന്നു. 'രാഹുല്‍ ഗാന്ധിക്കു കഴിയില്ല, മമതയാണ് ബദല്‍ മുഖം' എന്ന തലക്കെട്ടില്‍ ജാഗോ ബംഗ്ല എന്ന ദിനപത്രത്തിലെ വെള്ളിയാഴ്ചത്തെ മുഖ്യവാര്‍ത്ത ഇതായിരുന്നു. പ്രതിപക്ഷ നയിക്കുന്ന മുഖമായി മമതയെ ഉയര്‍ത്തിക്കാട്ടുന്ന റിപോര്‍ട്ട് പക്ഷെ കോണ്‍ഗ്രസിനെ തള്ളുന്നുമില്ല. 

കോണ്‍ഗ്രസ് ഇല്ലാത്ത ഒരു ബിജെപി വിരുദ്ധ മുന്നണിയെ കുറിച്ചല്ല ചര്‍ച്ച. എന്നാല്‍ രാഹുല്‍ ഗാന്ധി ഇനിയും പ്രധാനമന്ത്രി മോഡിക്കൊരു ബദലായി വളര്‍ന്നിട്ടില്ല. രാജ്യത്തിനു വേണ്ട ബദല്‍ മുഖം ഇപ്പോള്‍ മമത ബാനര്‍ജിയാണ്. ജനകീയ നേതാവായ മമതയെ ഒരു ബദലായി ഉയര്‍ത്തിക്കാട്ടി തൃണമൂല്‍ രാജ്യവ്യാപക പ്രചരണ തുടങ്ങും- റിപോര്‍ട്ടില്‍ പറയുന്നു. 

കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ തൃണമൂല്‍ അധ്യക്ഷ മമത മോഡിയെ നേരിടാന്‍ കഴിവുള്ള ബദല്‍ നേതാവാകാമെന്ന് ചൂണ്ടിക്കാട്ടുകയാണ് ചെയ്തതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുനാല്‍ ഘോഷും പിന്നീട് വ്യക്തമാക്കി. അതേസമയം സംസ്ഥാന കോണ്‍ഗ്രസ് ഇതിനെതിരെ ശക്തമായി രംഗത്തുവന്നു. ഈ നീക്കം ബിജെപിയെ സഹായിക്കുക മാത്രമെ ചെയ്യൂവെന്നും തൃണമൂലിന്റെ വിലപേശല്‍ തന്ത്രമാണിതെന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനും ലോക്‌സഭാ എംപിയുമായി അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. 'എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിക്കണമെന്ന് പറഞ്ഞതും മമത ബാനര്‍ജിയാണ്. എന്നാല്‍ ഏതെങ്കിലും പാര്‍ട്ടിയുമായി കൂടിയാലോചിക്കാതെ അവര്‍ മറ്റു പാര്‍ട്ടികളെ അവഹേളിക്കുകയാണ്. തനിക്കു പ്രധാനമന്ത്രി ആകണമെന്ന് പാര്‍ട്ടി പത്രത്തില്‍ അവര്‍ എഴുതിക്കുകയാണ്. ഇത് ദൗര്‍ഭാഗ്യകരമാണ്. ഈ നിലപാടിനെ ഞങ്ങള്‍ ശക്തമായി എതിര്‍ക്കുന്നു,' അധിര്‍ തിരിച്ചടിച്ചു.
 

Latest News