Sorry, you need to enable JavaScript to visit this website.

ലോക സാമ്പത്തിക ഫോറം  ഇന്ത്യൻ സമ്പദ്ഘടനക്ക്  കരുത്തേകും

പ്രധാനമന്ത്രി നരേന്ദ്ര മോഡി ലോക സാമ്പത്തിക ഫോറത്തെ അഭിസംബോധന ചെയ്യുന്നു

ഒട്ടേറെ സവിശേഷതകളും പുതുമകളുമായി കഴിഞ്ഞ ദിവസം സ്വിറ്റ്‌സർലന്റിലെ ദാവോസിൽ സമാപിച്ച ലോക സാമ്പത്തിക ഫോറം ഇന്ത്യൻ സാമ്പത്തിക രംഗത്തിന് കരുത്തു പകരുമെന്നാണ് പ്രതീക്ഷ. 
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാന്നിധ്യവും നിക്ഷേപകരെ ക്ഷണിച്ചുകൊണ്ട് അദ്ദേഹം നടത്തിയ പ്രഖ്യാപനങ്ങളും ഇന്ത്യൻ സമ്പദ്ഘടനക്ക് മുതൽകൂട്ടാവുമെന്നാണ് വിലയിരുത്തൽ. പ്ലീനറി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ആഗോള നിക്ഷേപകരെ ഇന്ത്യയിലേക്ക് പ്രധാനമന്ത്രി മോഡി ക്ഷണിക്കുകയായിരുന്നു. രണ്ട് പതിറ്റാണ്ടിനു ശേഷം ഇന്ത്യയിൽനിന്നുള്ള ഒരുപ്രധാനമന്ത്രി ഉച്ചകോടിയിൽ പങ്കെടുക്കുന്നതും സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതും ഇതാദ്യമാണ്. 
ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപാദനം (ജിഡിപി) 2025 ആകുമ്പോഴേക്കും അഞ്ചു ലക്ഷം കോടി ഡോളറിൽ എത്തിക്കുകയാണു ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ഇന്ത്യയിൽ വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിനു തടസമായി നിന്നിരുന്ന 1400 ലേറെ കാലഹരണപ്പെട്ട നിയമങ്ങൾ റദ്ദാക്കി. ഇന്ത്യയുടെ സാമ്പത്തിക മേഖലകളിൽ ഒട്ടുമിക്കതും വിദേശ നിക്ഷേപത്തിനായി തുറന്നിട്ടിരിക്കുകയാണ്. വ്യവസായികളെ കാത്തിരിക്കുന്നത് ചുവപ്പു നാടയല്ല, ചുവപ്പു പരവതാനിയാണ്. ഭീകതരയെ നല്ലതെന്നും ചീത്തയെന്നും വേർ തിരിച്ചു കാണാനാവില്ല. ഭീകരതയും കാലാവസ്ഥാ മാറ്റവും ആഗോള പ്രതിഭാസമായി കാണാതെയുള്ള ചില രാജ്യങ്ങളുടെ നിലപാടുകളാണ് പ്രധാന ഭീഷണിയെന്ന് മോഡി പറഞ്ഞു. ആഗോള വ്യവസായികളെ സംബന്ധിച്ചിടത്തോളം അനന്തമായ വാണിജ്യ സാധ്യതകളാണ് ഇന്ത്യയിലുള്ളതെന്ന് ആഗോള സി.ഇ.ഒമാരുമായുള്ള കൂടിക്കാഴ്ചയിലും മോഡി ആവർത്തിച്ചു. 18 രാജ്യങ്ങളിൽനിന്നുള്ള 40 സി.ഇ.ഒമാരും 20 ഇന്ത്യൻ വ്യവസായ പ്രമുഖരും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. 

പ്രധാനമന്ത്രി നരേന്ദ്ര മോഡി സി.ഇ.ഒ മീറ്റിംഗിൽ


മോഡിയുടെ സാന്നിധ്യവും പ്രഖ്യാപനങ്ങളും ഏറെ ചർച്ച ചെയ്യപ്പെട്ടുവെന്നതും ആഗോള വ്യവസായ ഭീമന്മാർ മുൻപാകെ ഇന്ത്യയുടെ നയം വ്യക്തമാക്കാൻ കഴിഞ്ഞുവെന്നതും ഇന്ത്യക്ക് നേട്ടമായി മാറും. സാമ്പത്തിക മേഖലയുടെ വളർച്ചാ സൂചകത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ വളർച്ച ചൈനക്കും പാക്കിസ്ഥാനും പുറകിലാണെന്നും, സമ്പത്തിന്റെ ഭൂരിഭാഗവും ലഭിച്ചത് ജനസംഖ്യയുടെ ഒരു ശതമാനത്തിനു മാത്രമാണെന്നുമുള്ള ലോക സാമ്പത്തിക ഫോറത്തിന്റെ സർവേ ഫലം പുറത്തുവന്ന ശേഷമാണ് മോഡി ദാവോസിലെത്തിയതെങ്കിലും അതൊന്നും അദ്ദേഹത്തെ അലട്ടിയിരുന്നില്ല.
വിവിധ മേഖലകളിൽനിന്നുള്ള മുവായിരത്തോളം പേരാണ് അഞ്ചു ദിവസത്തെ സാമ്പത്തിക ഫോറത്തിൽ പങ്കെടുത്തത്. എഴുപതോളം രാഷ്ട്രത്തലവന്മാർ, ലോക ബാങ്ക്, രാജ്യാന്തര നാണയനിധി, രാജ്യാന്തര വ്യാപാര സംഘടന മേധാവികൾ, ബിസിനസ്, രാഷ്ട്രീയം, കല, വിദ്യാഭ്യാസം, സാമൂഹിക പ്രവർത്തനം തുടങ്ങിയ മേഖലകളിലുള്ളവർ ഫോറത്തിൽ സംബന്ധിച്ചു. വിവിധ രംഗങ്ങളിൽ പ്രാഗൽഭ്യം തെളിയിച്ച സ്ത്രീകളായിരുന്നു വിവിധ സെഷനുകളിൽ അധ്യക്ഷത വഹിച്ചതെന്ന പ്രത്യേകതയും ഇത്തവണത്തെ ഫോറത്തിനുണ്ടായിരുന്നു. സാമൂഹിക പ്രവർത്തകയായ ചേതന സിൻഹക്കാണ് ഇന്ത്യയിൽ നിന്ന് അതിനായുള്ള ഭാഗ്യം ലഭിച്ചത്.  
ഉച്ചകോടിയിൽ കേരളത്തെ ഔദ്യോഗികമായി പ്രതിനിധീകരിച്ച് ഭരണകർത്താക്കളോ, ഉദ്യോഗസ്ഥരോ ഉണ്ടായിരുന്നില്ലെങ്കിലും പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യുസഫലിയുടെ സാന്നിധ്യം കേരളത്തിന്റെ പ്രാതിനിധ്യത്തിനു തുല്യമായി. കേരളത്തിൽ മുതൽ മുടക്കാൻ ക്ഷണിച്ചുകൊണ്ട് ആഗോള നിക്ഷേപകരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഭക്ഷ്യസംസ്‌കരണം, ടൂറിസം, ഐടി, ധനകാര്യം തുടങ്ങിയ മേഖലകളിൽ ഏറെ സാധ്യതകളാണ് കേരളത്തിലുള്ളതെന്ന് പ്രമുഖ വ്യവസായികളായ മുകേഷ് അംബാനി, ലക്ഷ്മി മിത്തൽ, എസ്.പി ലോഹ്യ, അസീം പ്രേംജി, പോൾ പോൾമാൻ തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ചയിൽ യൂസഫലി പറഞ്ഞു. ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര  സംസ്ഥാന മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിൽ ഈ സംസ്ഥാനങ്ങളിൽനിന്ന് വൻപ്രതിനിധി സംഘം നിക്ഷേപകരെ ആകർഷിക്കാൻ രംഗത്തുണ്ടായിരുന്നു. 

പ്രധാനമന്ത്രി നരേന്ദ്ര മോഡി സി.ഇ.ഒമാരോടൊപ്പം

ലോകത്ത് നില നിൽക്കുന്ന സാമ്പത്തിക, സ്ത്രീപുരുഷ അസമത്വത്തിനെതിരെ പോരാടാൻ ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു ഫോറം സമാപിച്ചത്. കാലാവസ്ഥ വ്യതിയാനം, വിവിധ മേഖലകളിൽ വർധിച്ചുവരുന്ന അസമത്വം എന്നിവ ഭാവിയിൽ സംഘർഷ സാധ്യതക്കു കാരണമായേക്കുമെന്ന വിലയിരുത്തലും ഫോറം നടത്തി. ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിലൊന്ന് സമ്പത്ത് വിതരണം ചെയ്യപ്പെട്ടതിലെ തുല്യതയില്ലായ്മായാണ്. ലോകത്തിലെ 82 ശതമാനം വരുന്ന സമ്പത്തും ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ കൈകളിലാണെന്ന ഓക്‌സ്ഫാം സന്നദ്ധ സംഘടനയുടെ സർവേ റിപ്പോട്ടായിരുന്നു ഇതിൽ ഏറെയും ചർച്ചചെയ്യപ്പെട്ടത്. 
സമൂഹമാധ്യമങ്ങളിൽ ഇത്തവണ സാമ്പത്തിക ഫോറത്തിന് ഏറെ പരിഗണനയാണ് ലഭിച്ചത്. കഴിഞ്ഞ വർഷം 7.95 ലക്ഷം തവണ ട്വിറ്ററിൽ ദാവോസ് സൂചിപ്പിക്കപ്പെട്ടപ്പോൾ ഇത്തവണ അത് 22 ലക്ഷത്തിലേറെയായിരുന്നു.  

 


 

Latest News