Sorry, you need to enable JavaScript to visit this website.

സൗദിയിൽ ഹൗസ് ഡ്രൈവർമാർക്ക് ക്ഷാമം; ഏറ്റവും ഡിമാന്റ് ഇന്ത്യൻ ഹൗസ് ഡ്രൈവർമാർക്ക്

  • റിക്രൂട്ട്‌മെന്റ് നിരക്കിൽ 50 ശതമാനം വർധന
     

റിയാദ് - ഒന്നര വർഷം നീണ്ട ഇടവേളക്കു ശേഷം സ്‌കൂളുകൾ സാധാരണ പോലെ തുറന്നു പ്രവർത്തിക്കുകയും പുതിയ അധ്യയന വർഷം ആരംഭിക്കുകയും ചെയ്തതോടെ ഹൗസ് ഡ്രൈവർ റിക്രൂട്ട്‌മെന്റ് നിരക്കും തൊഴിലാളികളുടെ വേതനവും വർധിച്ചു. 40 മുതൽ 50 ശതമാനം വരെയാണ് വർധന. സൗദിയിലേക്ക് പ്രധാനമായും ഹൗസ് ഡ്രൈവർമാർ എത്തിയിരുന്ന രാജ്യങ്ങളിൽ നിന്ന് വിമാന സർവീസുകൾ നിർത്തിവെച്ചതും ഇന്ത്യ, പാക്കിസ്ഥാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിലേക്ക് അവധിയിൽ പോയ ഡ്രൈവർമാർക്ക് തിരികെ വരാൻ സാധിക്കാത്തതുമാണ് റിക്രൂട്ട്‌മെന്റ് നിരക്കും വേതനവും വർധിക്കാൻ കാരണമെന്ന് റിക്രൂട്ട്‌മെന്റ് ഓഫീസ് ഉടമകൾ പറയുന്നു. 


ഹൗസ് ഡ്രൈവർമാരുടെ സ്‌പോൺസർഷിപ്പ് ഏറ്റെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് നിരവധി പേരാണ് പ്രമുഖ വെബ്‌സൈറ്റുകളിൽ അടക്കം ഓൺലൈൻ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നത്. ഹൗസ് ഡ്രൈവർമാരുടെ ലഭ്യതയേക്കാൾ ഏറെ കൂടുതലാണ് ഡിമാന്റ്. ഹൗസ് ഡ്രൈവർമാരുടെ സ്‌പോൺസർഷിപ്പ് മാറാൻ ആവശ്യപ്പെടുന്ന തുക 9,500 റിയാലിൽ നിന്ന് 20,000 റിയാൽ വരെയായി ഉയർന്നിട്ടുണ്ട്. 
ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടികൾക്കുള്ള മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ മുസാനിദ് പോർട്ടൽ പ്രകാരം ഹൗസ് ഡ്രൈവർമാരെ റിക്രൂട്ട് ചെയ്ത് എത്തിച്ചു നൽകാനുള്ള നിരക്ക് 5,000 മുതൽ 13,000 റിയാൽ വരെയാണ്. ഇന്ത്യക്കാരായ ഹൗസ് ഡ്രൈവർമാർക്കാണ് ആവശ്യം കൂടുതൽ. 1,200 മുതൽ 1,500 റിയാൽ വരെയാണ് ഇന്ത്യക്കാരായ ഹൗസ് ഡ്രൈവർമാരുടെ വേതനം. ഫിലിപ്പിനോ ഹൗസ് ഡ്രൈവറുടെ വേതനം 1,500 റിയാലും ഈജിപ്ഷ്യൻ ഡ്രൈവറുടെ വേതനം 1,800 റിയാലുമാണ്. നിലവിലെ സാഹചര്യം മുതലെടുത്ത് തങ്ങളുടെ സ്‌പോൺസർഷിപ്പിലുള്ള ഹൗസ് ഡ്രൈവർമാരുടെ സേവനം താൽക്കാലിക കരാർ അടിസ്ഥാനത്തിൽ കൈമാറുന്നതിന് മാൻപവർ സപ്ലൈ കമ്പനികളെ പോലെ പ്രവർത്തിക്കുന്ന ചില റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ 2,500 റിയാൽ വരെയാണ് ആവശ്യപ്പെടുന്നത്. വാരാന്ത്യ അവധി, കൂടുതൽ മികച്ച താമസ സൗകര്യം, സ്മാർട്ട് ഫോൺ, ഇന്റർനെറ്റ് അടക്കമുള്ള അധിക വ്യവസ്ഥകളും സൗകര്യങ്ങളും ചില ഡ്രൈവർമാരും ആവശ്യപ്പെടുന്നുണ്ട്. 


സ്‌പോൺസർഷിപ്പ് മാറാൻ ആഗ്രഹിക്കുന്ന ഹൗസ് ഡ്രൈവർക്കു വേണ്ടിയുള്ള അന്വേഷണങ്ങൾക്ക് ഇപ്പോൾ മാസങ്ങൾ എടുക്കുന്നതായി സൗദി പൗരന്മാർ പറയുന്നു. ഹൗസ് ഡ്രൈവർമാരുടെ സ്‌പോൺസർഷിപ്പ് കൈമാറാൻ 5,000 മുതൽ 17,000 റിയാൽ വരെയാണ് തൊഴിലുടമകൾ ആവശ്യപ്പെടുന്നത്. സ്‌പോൺസർഷിപ്പ് മാറ്റത്തിനുള്ള ഫീസ് ഇതിനു പുറമെയാണ്. സ്‌പോൺസർഷിപ്പ് കൈമാറാനുള്ള നിരക്ക് ഡ്രൈവർമാരുടെ പരിചയസമ്പത്ത്, രാജ്യം, പ്രായം, വേതനം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. വീട്ടിലെ കുടുംബാംഗങ്ങളുടെ എണ്ണം, മക്കൾ പഠിക്കുന്ന സ്‌കൂളുകളുടെയും യൂനിവേഴ്‌സിറ്റികളുടെയും എണ്ണം എന്നിവയും വേതനം നിശ്ചയിക്കാൻ ഡ്രൈവർമാർ കണക്കിലെടുക്കുന്നു. ആഴ്ചയിൽ ഒരു ദിവസം അവധി, സ്‌പോൺസറുടെ വീട്ടിൽ താമസം തുടങ്ങിയ ആവശ്യങ്ങൾ മുന്നോട്ടു വെക്കുന്നവരുമുണ്ട്. 


ഹൗസ് ഡ്രൈവർമാരുടെ ദൗർലഭ്യം, വിദ്യാർഥിനികൾക്ക് യാത്രാ സൗകര്യം നൽകുന്ന കമ്പനികൾ ഈടാക്കുന്ന നിരക്കിലും പ്രതിഫലിക്കുന്നുണ്ട്. പ്രതിമാസം 1,100 മുതൽ 1,300 റിയാൽ വരെയാണ് കമ്പനികൾ ഈയിനത്തിൽ ഈടാക്കുന്നത്. യൂനിവേഴ്‌സിറ്റികളിലേക്ക് പോകാൻ ചില വിദ്യാർഥിനികൾ സ്വകാര്യ ഡ്രൈവർമാരെ കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. ഇത്തരക്കാർ ശരാശരി ആയിരം റിയാൽ വരെയാണ് ഈടാക്കുന്നത്. ഒരേ യൂനിവേഴ്‌സിറ്റിയിലെ ഒന്നിലധികം വിദ്യാർഥിനികൾക്ക് വനിതാ ഡ്രൈവർമാർ യാത്രാ സൗകര്യം നൽകുമെന്ന പരസ്യങ്ങളും ഓൺലൈനുകളിൽ പ്രചരിക്കുന്നുണ്ട്. ഇത്തരക്കാർ വിദ്യാർഥിനികളിൽ ഒരാൾക്ക് 700 റിയാലാണ് ആവശ്യപ്പെടുന്നത്. 


അവധിയിൽ സ്വദേശങ്ങളിലേക്ക് പോയ ഭൂരിഭാഗം ഡ്രൈവർമാർക്കും തിരിച്ചുവരാൻ സാധിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് റിക്രൂട്ട്‌മെന്റ് ഓഫീസ് വൃത്തങ്ങൾ പറയുന്നു. ഹൗസ് ഡ്രൈവർമാരിൽ കൂടുതലും ഇന്ത്യക്കാരാണ്. ഡ്രൈവർമാരുടെ കുറവ് വേതനം 2,000 റിയാലും അതിൽ കൂടുതലും ആയി ഉയരാൻ ഇടയാക്കി. ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ ചെലവുകളാണ് റിക്രൂട്ട്‌മെന്റ് നിരക്ക് ഉയരാൻ കാരണം. 8,000 റിയാൽ മുതൽ 10,000 റിയാൽ വരെയാണ് ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ ചെലവായി വഹിക്കേണ്ടിവരുന്നത്. നേരത്തെ ഹൗസ് ഡ്രൈവർമാരെ റിക്രൂട്ട് ചെയ്യാൻ 7,000 റിയാലിലും കുറവാണ് ചെലവ് വന്നിരുന്നത്. ഇപ്പോഴിത് 18,000 റിയാലിൽ എത്തിയിരിക്കുന്നു. നിലവിൽ ഹൗസ് ഡ്രൈവർമാർക്കു പകരം ഡ്രൈവർമാരായി ജോലി ചെയ്യാൻ വേലക്കാരികളെ റിക്രൂട്ട് ചെയ്യുന്നതാണ് കുടുംബങ്ങൾക്ക് ഉചിതമെന്നാണ് കരുതുന്നതെന്നും റിക്രൂട്ട്‌മെന്റ് ഓഫീസ് വൃത്തങ്ങൾ പറയുന്നു. 


 

Latest News