ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ആരൊക്കെയായി അടുപ്പമാകാം എന്ന മാർക്‌സിസ്റ്റ് ആലോചന. വാസ്തവത്തിൽ ആരുമായും അടുപ്പമാകാം എന്നായിരുന്നു അപ്പപ്പോഴത്തെ തീരുമാനം. അതിന് യുക്തിയുടെയും തത്ത്വത്തിന്റെയും സ്വരം പകരാൻ പറ്റിയ പദാവലി കണ്ടെത്തിയിരുന്നു എന്നു മാത്രം. ഏതോ ഒരു വ്യവസായിയുടെ പണംകൊണ്ട് ഗാന്ധിയെയും ലെനിനെയും ഇടതട്ടിച്ചുനോക്കിക്കൊണ്ടുള്ള ശ്രീപദ് അമൃത് ഡാംഗേയുടേ ഒരു ലഘുലേഖ അടിച്ച ആദികാലം മുതൽ സഖ്യത്തിന്റെ രാഷ്ട്രീയവും പ്രമാണവും രചിക്കുകയായിരുന്നു ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം.
പി സി ജോഷി ജനറൽ സെക്രട്ടറി ആയിരുന്നപ്പോൾ രൂപം കൊണ്ടതാണ് ഇന്ത്യ ഉൾക്കൊള്ളുന്ന പതിനാറു ദേശീയതകളെപ്പറ്റിയുള്ള സങ്കൽപം. മുസ്‌ലിംകളും മലയാളികളും ആ പതിനാറിൽ ഉൾപ്പെട്ടിരുന്നു. അവയിൽ ഓരോ ദേശീയതക്കും ഫെഡറൽ ഇന്ത്യയിൽനിന്നു വേർപെട്ടുപോകാൻ അവകാശവും അധികാരവും ഉണ്ടാകുമെന്നായിരുന്നു കമ്യൂണിസ്റ്റ് വിഭാവന.
അങ്ങനെ വരുമ്പോൾ മുസ്‌ലിംകൾക്ക് തനതായ രാഷ്ട്രം രൂപീകരിച്ച് വേർപെട്ടുപോകാൻ അവസരമുണ്ടാകുമല്ലോ. കുപ്രസിദ്ധമായ ദ്വിരാഷ്ട്രവാദത്തിനനുരോധമായിരുന്നു ആ നിഗമനം. ഇവിടെ പിരിഞ്ഞുപോകാൻ താൽപര്യപ്പെടാവുന്ന രാഷ്ട്രങ്ങൾ രണ്ടല്ല, പതിനാറാണെന്നു മാത്രം. മുസ്‌ലിംകൾക്ക് തനതായ രാഷ്ട്രം വേണമെന്ന തിയറി മുസ്‌ലിം ലീഗിനെക്കാൾ മുമ്പ് ഉന്നയിച്ചത് കമ്യൂണിസ്റ്റ് പാർട്ടിയായതുകൊണ്ട് ലീഗിനെക്കാൾ കൂടുതൽ മുസ്‌ലിം പിന്തുണ കമ്യൂണിസ്റ്റ് പാർട്ടിക്കുണ്ടാകുമെന്നായിരുന്നു വൈരുധ്യാധിഷ്ഠിത വാദം. അങ്ങനെ ജോഷി പറഞ്ഞതായി കേട്ടപ്പോൾ ലീഗ് സ്ഥാപകനായ മുഹമ്മദലി ജിന്നയുടെ പ്രതികരണമെന്തായിരുന്നുവെന്നോ? ജിന്ന പൊട്ടിച്ചിരിച്ചു, മറുവാക്കൊന്നും പറയാതെ.
പിന്നെ മുസ്‌ലിംകളെ പാട്ടിലാക്കാനുള്ള ശ്രമമായിരുന്നു. പാർട്ടി 64 ൽ പിളർന്നപ്പോൾ ലീഗുമായുള്ള ആ സഖ്യതന്ത്രം തന്നെയായിരുന്നു വല്യേട്ടൻ പാർട്ടിയുടെ ആശ്രയം. അധികം ആരും ഓർക്കാറില്ല, കേരളത്തിൽ 65 ൽ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ലീഗുമായി അപ്രഖ്യാപിതമായ ഒരു ധാരണ ഉണ്ടാക്കി. പിളർപ്പിനുശേഷം നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പായിരുന്നു. ആരാണ് കരുത്തനെന്ന് അന്ന് ഉറപ്പിക്കണമായിരുന്നു. അങ്ങനെ സി പി എമ്മിനെ സീനിയർ ഇടതു പാർട്ടിയായി പ്രതിഷ്ഠിക്കുന്നതിൽ ലീഗിനും പങ്കുണ്ടായിരുന്നുവെന്നർഥം.
അടുത്ത അവസരം കോൺഗ്രസിനെ തോൽപിക്കാൻ, ഇ എം എസിന്റെ ഭാഷയിൽ, ചെകുത്താന്മാരെ തേടിയുള്ള യാത്രയായിരുന്നു. നിർണായകമായ തോൽവിയുടെ എരിവെയിലിൽ സി പി എമ്മിനെ പിൻപറ്റി നടക്കാൻ അന്ന് സി പി ഐയും നിർബന്ധിതമായി. അന്ന് രൂപീകരിച്ചത് ഏഴു കക്ഷികളുടെ സഖ്യമായിരുന്നു. ഞാഞ്ഞൂളും ആദിശേഷനും അതിൽ കൂട്ടുകൂടി. വിജയിക്കാൻ, അധികാരം ഏൽക്കാൻ, ആരെ കൂട്ടു പിടിച്ചുകൂടാ എന്നു തെളിയിക്കുന്നതായിരുന്നു അന്നത്തെ തെരഞ്ഞെടുപ്പ്.
പിന്നെ ഒറ്റക്കൽ പലക എന്നു കരുതിയിരുന്ന ലീഗ് പിളർന്നു. അതിൽനിന്നു പിറന്ന ഒരു ലീഗ് കഷണം വീണ്ടും സി പി എമ്മിന്റെ സഖാവായി, ചക്കരമത്തൻ എന്നു പേരിടാവുന്ന ഒരു പാർട്ടിയായി. ആ കൂട്ടുകെട്ട് എൺപതുകളുടെ പകുതി വരെ തുടർന്നു. ചരിത്രകാരനും സി പി എം സുഹൃത്തുമായ ഇർഫാൻ ഹബീബ് ഒരിക്കൽ വടക്കൻ കേരളത്തിൽ വന്നപ്പോൾ ലീഗിനെ ആഞ്ഞടിച്ചുകൊണ്ടൊരു പ്രസംഗം നടത്തി. അതിനെ സി പി എം ജിഹ്വ ഏറ്റുപാടി. ഒടുവിൽ അടിയന്തരാവസ്ഥ മുതൽ ഒപ്പം നിന്നിരുന്ന അഖിലേന്ത്യാ(?) ലീഗ് ചുവപ്പു ചതുരത്തിൽനിന്നു പുറത്തായി. പിന്നെ, 87 ൽ, നടന്ന തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ - മുസ്‌ലിം വർഗീയതകളെ അകറ്റിനിർത്തുന്ന സഖ്യത്തെ സി പി എം നയിക്കുന്നു എന്നായിരുന്നു അവകാശവാദം.
ആ മുദ്രാവാക്യം തൽക്കാലം ഫലിച്ചു. പക്ഷേ വാസവദത്തയെപ്പോലെ, വർഗീയത കലക്കിയ വെള്ളത്തിലേക്കിറങ്ങാൻ പാർട്ടി കാത്തിരിക്കുകയായിരുന്നു. ഇപ്പോഴും മുസ്‌ലിം ലീഗിനെയും കേരള കോൺഗ്രസിനെയും കൂട്ടു കിടക്കാൻ കിട്ടുമോ എന്ന ആലോചന ഇല്ലാതില്ല. മഅ്ദനിയുടെ ചങ്ങാത്തം പോലുമാകാം എന്നായി. ഇ എം എസ് ഒരിക്കൽ മഅ്ദനിയെ സുഖിപ്പിക്കാൻ, നേരമ്പോക്കായിട്ടാണെങ്കിൽ പോലും, അദ്ദേഹത്തെ മഹാത്മാ ഗാന്ധിയുമായി ഉപമിക്കുകയുണ്ടായി. അതെല്ലാമായിട്ടും ഒരു കാര്യം അപ്രിയസത്യമായി അവശേഷിക്കുന്നു. മുസ്‌ലിംകളെയോ ക്രിസ്ത്യാനികളെയോ സാരമായി കമ്യൂണിസ്റ്റാക്കാൻ ഇന്നേ വരെ കഴിഞ്ഞില്ല.
അതുകൊണ്ട് ഹിന്ദു സ്വാധീനം കൂട്ടാൻ കഴിയുമോ എന്നു നോക്കുന്നു. ബി ജെ പിയെ തോൽപിക്കാൻ കോൺഗ്രസുമായി കൂട്ടുകൂടില്ല എന്ന നിലപാടിനെ പല കോണുകളിൽനിന്നും കാണാം. കേരളത്തിൽ ഹൈന്ദവസഹായം തേടുന്ന വഴികൾ പലതത്രേ. തിരുവിതാംകൂർ ദേവസ്വം ബോർഡിലും മലബാർ ദേവസ്വം ബോർഡിലും ഗുരുവായൂർ ദേവസ്വത്തിലും മറ്റും താക്കോൽ സ്ഥാനങ്ങളിൽ സി പി എം നേതാക്കൾ സ്വയം പ്രതിഷ്ഠിക്കുന്നത് യാദൃച്ഛികമായല്ലല്ലോ. സമാന്തരമോ സദൃശമോ ആയ രീതിയിൽ ക്രിസ്ത്യൻ മുസ്‌ലിം സ്ഥാപനങ്ങളിൽ അങ്ങനെ കയറിക്കൂടാൻ സഖാക്കൾക്ക് പറ്റുന്നില്ല. അപ്പോൾ, ഒരു കടുത്ത വാക്ക് വിളമ്പാമെങ്കിൽ, സി പി എം ഒരു തരം സ്വയം ഹൈന്ദവവൽക്കരണം നടത്തിക്കൊണ്ടിരിക്കുന്നു. എല്ലാം അത്രയേ ഉള്ളു. ആവശ്യത്തിനുപകരിക്കുമെന്നു തോന്നുന്നെങ്കിൽ കൂട്ടു കൂടുക. അല്ലെങ്കിൽ വിപ്ലവത്തിന്റെയും വർഗഭാഷയുടെയും പേരിൽ തള്ളിപ്പറയുക.
കോൺഗ്രസുമായുള്ള ബന്ധാബന്ധപരീക്ഷണങ്ങളുടെ ഉള്ളടക്കം അതല്ലേ? ഒരിക്കൽ, സ്വാതന്ത്ര്യത്തിനു മുമ്പ് ട്രോജൻ കുതിരയെപ്പോലെ കോൺഗ്രസിനുള്ളിൽ കയറിക്കൂടുന്നതായിരുന്നു വിനോദം. കോൺഗ്രസിനുള്ളിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയായി കമ്യൂണിസ്റ്റുകാർ ഊളിയിട്ടു നടന്നു കുറച്ചു കാലം. ഏതാനും കൊല്ലം കഴിഞ്ഞ് ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കേ ഭൂരിപക്ഷം തികയ്ക്കാൻ സി പി എം കസർത്തുകൾ പലതും അരങ്ങേറി. പാർലമെന്റിൽ പ്രതിപക്ഷം ജയിക്കുമെന്നു തോന്നുമ്പോൾ പ്രതിപക്ഷമായ സി പി എം സ്ഥലം കാലിയാക്കുമായിരുന്നു.
സി പി ഐ പ്രയോഗിച്ച അടവ് മറ്റൊന്നായിരുന്നു. കമ്യൂണിസ്റ്റുകാർ കൂട്ടത്തോടെ കോൺഗ്രസിൽ ചേർന്ന് ഇന്ത്യയെ വിപ്ലവവൽക്കരിക്കുകയെന്ന തിയറി മോഹൻ കുമാരമംഗലം അവതരിപ്പിക്കുകയും നടപ്പാക്കാൻ തുടങ്ങുകയും ചെയ്തു. മോഹൻ വിമാനാപകടത്തിൽ മരിച്ചിരുന്നില്ലെങ്കിൽ ഇന്ത്യൻ രാഷ്ട്രീയത്തിന്റെയും സഖ്യതന്ത്രത്തിന്റെയും രൂപഭാവങ്ങൾ എന്താകുമായിരുന്നു? അധികം താമസിച്ചില്ല, കോൺഗ്രസിനെ സഹിക്കാൻ വയ്യാതായിത്തുടങ്ങി. രാജീവ് ഗാന്ധിയുടെ കോൺഗ്രസിനെ തോൽപിക്കാൻ, ബി ജെ പി താങ്ങിനിർത്തിയ ഒരു ദുർബല ഭരണകൂടത്തിന് അവശ്യം വേണ്ടിയിരുന്ന സംഖ്യാബലം ഇടതുപക്ഷം വെച്ചുനീട്ടി. ബി ജെ പിയോടൊപ്പം ഒരു കോൺഗ്രസിതര ഭരണം സാധ്യമാക്കുകയായിരുന്നു അന്നത്തെ വിരുദ്ധവാദം. അതിനകം കോൺഗ്രസിന്റെ ഒരു വാൽക്കഷണത്തെ പിടിച്ച് അധികാരത്തിലിരിക്കാനുള്ള പരീക്ഷണം കേരളത്തിൽ പൊളിഞ്ഞിരുന്നു.
കോൺഗ്രസിനെ എതിർക്കുന്ന ചെകുത്താന്മാരെ തേടിയുള്ള അലച്ചിലിൽ ബി ജെ പി ശക്തി സമാഹരിക്കുന്നത് വിപ്ലവ കക്ഷികൾ കണ്ടു. അതായിരുന്നു മന്മോഹൻ സിംഗിന്റെ സർക്കാരിനെ പിന്തുണച്ച പശ്ചാത്തലം. വീണ്ടും വിരക്തിയുടെ കാലഘട്ടമായി. കോൺഗ്രസിനെ താഴെയിറക്കി. അതു ചെയ്യുമ്പോൾ മുമ്പൊന്നും കാണാത്ത കരുത്തോടെ ബി ജെ പി കയറിപ്പറ്റുമെന്ന് ആരും ഓർത്തില്ലെന്നു തോന്നുന്നു. അങ്ങനെ അജയ്യതയിലേക്കു നീങ്ങുന്ന നരേന്ദ്ര മോഡിയുടെ ബി ജെ പിയെ തടയാനും തുരത്താനും ആരെയൊക്കെ കൂട്ടു പിടിക്കാം, ആരെയൊക്കെ കൂട്ടിനു കിട്ടും, എന്നായി ഒരു വിഭാഗം സി പി എം സഖാക്കളുടെ അന്വേഷണം. പക്ഷേ കോൺഗ്രസിനെ കൂട്ടി ബി ജെ പിയെ തോൽപിക്കേണ്ട എന്ന വിചാരത്തിനായി പ്രാബല്യം.
പണ്ട് മറ്റൊരു പ്രകരണത്തിൽ നാലപ്പാട് ചോദിക്കുകയുണ്ടായി, 'നരൻ ക്രമാൽ തന്റെ ശവം ചവിട്ടി പോകുന്നൊരിപ്പോക്കുയരത്തിലേക്കോ?' സന്ദർഭം ഒന്നു വ്യത്യാസപ്പെടുത്തി ചോദിക്കാം, സി പി എമ്മിന്റെ ഈ പോക്ക് എങ്ങോട്ട്? കോൺഗ്രസ് വിരോധത്തിലേക്കോ ബി ജെ പി സൗഹൃദത്തിലേക്കോ? അതോ ആത്മനിഷേധത്തിലേക്കോ?