Sorry, you need to enable JavaScript to visit this website.

ബിനാമി ബിസിനസ്: സൗദി, കനേഡിയൻ പൗരന്മാർക്ക് ശിക്ഷ

റിയാദ് - രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് ബിസിനസ് സ്ഥാപനം നടത്തിയ കേസിൽ സൗദി പൗരനെയും കനേഡിയൻ പൗരനെയും റിയാദ് ക്രിമിനൽ കോടതി ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. പ്രസന്റേഷൻ വസ്തുക്കളുടെ വിൽപന മേഖലയിൽ സ്വന്തം നിലക്ക് സ്ഥാപനം നടത്തിയ കനേഡിയൻ പൗരൻ റാശിദ് മുഹമ്മദ് ഇബ്രാഹിം യാസീൻ, ഇതിനാവശ്യമായ ഒത്താശകൾ ചെയ്തുകൊടുത്ത സൗദി പൗരൻ ഹുസൈൻ ജംആൻ സ്വാലിഹ് അൽഗാംദി എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഇരുവർക്കും കോടതി 70,000 റിയാൽ പിഴ ചുമത്തി.
സ്ഥാപനം അടച്ചുപൂട്ടാനും ലൈസൻസും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും റദ്ദാക്കാനും വിധിയുണ്ട്. ഇതേ മേഖലയിൽ പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിൽ നിന്ന് സൗദി പൗരന് വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്. നിയമാനുസൃത സക്കാത്തും നികുതികളും ഫീസും നിയമ ലംഘകരിൽ നിന്ന് ഈടാക്കാനും വിധിയുണ്ട്. ശിക്ഷ പൂർത്തിയാക്കിയ ശേഷം കനേഡിയൻ പൗരനെ നാടുകടത്താനും പുതിയ തൊഴിൽ വിസയിൽ വീണ്ടും സൗദിയിൽ പ്രവേശിക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്താനും കോടതി ഉത്തരവിട്ടു. സൗദി പൗരന്റെയും കനേഡിയൻ പൗരന്റെയും പേരുവിവരങ്ങളും ഇരുവരും നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും രണ്ടു പേരുടെയും ചെലവിൽ പത്രത്തിൽ പരസ്യം ചെയ്യാനും കോടതി വിധിച്ചു. 
റിയാദ് മലസിൽ പ്രവർത്തിച്ചിരുന്ന പ്രസന്റേഷൻ വസ്തു വിൽപന സ്ഥാപനം ബിനാമി സ്ഥാപനമാണെന്ന് വാണിജ്യ മന്ത്രാലയത്തിന് സംശയം തോന്നുകയായിരുന്നു. അന്വേഷണത്തിൽ കനേഡിയൻ പൗരൻ സ്വന്തം നിലക്കാണ് സ്ഥാപനം നടത്തുന്നതെന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ കണ്ടെത്തി. തൊഴിൽ കരാറിൽ രണ്ടായിരം റിയാൽ വേതനം നിശ്ചയിച്ച കനേഡിയൻ പൗരൻ ഭീമമായ തുകയുടെ ഇടപാടുകൾ നടത്തുന്നതായും ജിദ്ദയിൽ താമസിക്കുന്ന സൗദി പൗരൻ സ്ഥാപന നടത്തിപ്പിന് മേൽനോട്ടം വഹിക്കുന്നില്ലെന്നും വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിൽ ഇരുവർക്കുമെതിരായ കേസ് വാണിജ്യ മന്ത്രാലയം നിയമ നടപടികൾക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. 


 

Latest News