പ്ലസ് വണ്‍ പരീക്ഷ നടത്താമെന്ന് സുപ്രീംകോടതി, സജ്ജമെന്ന് മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം- സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷകള്‍ നടത്താന്‍ അനുമതി നല്‍കി സുപ്രീംകോടതിയുടെ ഉത്തരവ്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമാണെന്ന് വ്യക്തമാക്കി പരീക്ഷ റദ്ദാക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി.
പ്ലസ് വണ്‍ പരീക്ഷ സംബന്ധിച്ച സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമെന്ന് പ്രതികരിച്ച മന്ത്രി വി.ശിവന്‍ കുട്ടി  പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ സജ്ജമാണെന്ന് അറിയിച്ചു.
സുപ്രീംകോടതി വിധിയുടെ വിശദാംശങ്ങള്‍ ലഭ്യമായാല്‍ മുഖ്യമന്ത്രിയുമായും മറ്റു വകുപ്പുകളുമായും കൂടിയാലോചിച്ച് പരീക്ഷാ തീയതി നിശ്ചയിക്കും.
വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സ്‌കൂളുകളിലെ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ തുടരും. സുപ്രീംകോടതി സര്‍ക്കാരില്‍ വിശ്വാസം അര്‍പ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് പരീക്ഷ നടത്തും. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒട്ടും ആശങ്ക വേണ്ട. സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച കാര്യങ്ങളിലും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

പരീക്ഷ നടത്തിപ്പിനെതിരായ പ്രചാരണങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഭൂരിഭാഗം വിദ്യാര്‍ത്ഥികളും പരീക്ഷ നടത്തണമെന്നാണ് ആഗ്രഹിക്കുന്നത്. ചെറിയ വിഭാഗം മാത്രമാണ് എതിര്‍ പ്രചാരണങ്ങള്‍ നടത്തുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ആറാം തീയതി ആരംഭിക്കാനിരുന്ന പരീക്ഷ സുപ്രീംകോടതി നേരത്തെ സ്‌റ്റേ ചെയ്തിരുന്നു. സംസ്ഥാനത്തെ കോവിഡ് സാഹചര്യം ഭീതിജനകമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിവിധി.

 

Latest News