പാലക്കാട്-മുതലമടയില്‍ നിരോധിത പുകയില ഉല്‍പന്നമായ ഹാന്‍സ് പിടികൂടിയ സംഭവത്തില്‍ പിടിയിലായ പ്രതികള്‍ സെക്‌സിന്റെ പേരിലും തട്ടിപ്പ് നടത്തിയിരുന്നതായി കണ്ടെത്തി. പരിശോധനയില്‍ എക്‌സൈസ് സംഘം 30 ലക്ഷം രൂപയുടെ നിരോധിത ഉല്‍പന്നങ്ങളാണ് കണ്ടെടുത്തത്.
മൂന്ന് ലക്ഷം രൂപയ്ക്ക് വാങ്ങിയ സാധനങ്ങളാണ് 30 ലക്ഷം രൂപയ്ക്ക് വിറ്റിരുന്നത്. തത്തമംഗലം മേട്ടുവളവ് ജലാലുദ്ദീന്‍ (28), പോത്തമ്പാടം കുളത്തുമേട് ഹംസ (32) എന്നിവരാണ് അറസ്റ്റിലായത്.
ഗായത്രി മേനോന്‍ എന്ന വ്യാജ ഐഡിയിലാണ് ഇവര്‍ പണമിടപാട് നടത്തിയതെന്ന് കണ്ടെത്തിയതോടെയാണ് സെക്‌സ് തട്ടിപ്പ് നടത്തിയ വിവരങ്ങള്‍ ലഭിച്ചത്.
ഗായത്രി മേനോന്‍ എന്ന പേരിലെ തട്ടിപ്പിന് ഇരയായവരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍വരെ ഉള്‍പ്പെടുന്നു. ജലാലുദ്ദീന്റെ ഫോണില്‍നിന്ന് ഗൂഗിള്‍ പേ വഴിയാണ് പണമിടപാട് നടത്തിയിരുന്നത്. കോളേജ് വിദ്യാര്‍ത്ഥിനികളേയും വീട്ടമ്മമാരേയും ലഭ്യമാക്കുമെന്ന സന്ദശമയച്ചാണ് ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. മണിക്കൂര്‍ അടിസ്ഥാനത്തില്‍ സേവനം ലഭ്യമാണെന്ന് പറഞ്ഞുറപ്പിച്ച ശേഷം സ്ത്രീകളുടെ ചിത്രങ്ങള്‍ അയച്ചു കൊടുക്കും. ഒരാളെ തിരഞ്ഞെടുത്ത ശേഷം തുക പറഞ്ഞ് ഉറപ്പിക്കും. പിന്നീട് ഗൂഗിള്‍ പേ വഴി പേ ചെയ്യണം എന്നതായിരുന്നു തട്ടിപ്പിന്റെ രീതി.
ആളുകളെ വലയിലാക്കുന്നതിന് നിരവധി സ്ത്രീകളുടെ ചിത്രങ്ങള്‍ അയച്ചുനല്‍കിയിരുന്നു. ബാങ്ക് അക്കൗണ്ടിലേക്കും ഗൂഗിള്‍ പേയിലും പണം കൈമാറിയതിന്റെ വിവരങ്ങളും എക്‌സൈസ് സംഘത്തിന് ലഭിച്ചിട്ടുണ്ട്.
സെക്‌സ് തട്ടിപ്പ് സംബന്ധിച്ച കേസില്‍ കൊല്ലങ്കോട് പോലീസ് അന്വേഷണം തുടരും.






