Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മോഡിക്ക് ഇന്ന് 71, പൊലിപ്പിക്കാന്‍ ബിജെപിയും കേന്ദ്ര സര്‍ക്കാരും; കൊച്ചിയില്‍ ദുആ സമ്മേളനവും

ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡി മോഡിക്ക് ഇന്ന് 71-ാം ജന്മദിനം. ഈ ദിനം പൊലിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് കോവിഡ് വാക്‌സിനേഷനില്‍ റെക്കോര്‍ഡ് സൃഷ്ടിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. വാക്‌സിനെടുത്ത് പ്രധാനമന്ത്രിക്ക് ജന്മദിന സമ്മാനം നല്‍കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ആഹ്വാനം ചെയ്തു. മുഖ്യമന്ത്രി ആയും പ്രധാനമന്ത്രി ആയും 20 വര്‍ഷത്തെ മോഡിയുടെ പൊതു സേവനത്തിനുള്ള ആദരമായി 20 ദിവസം നീളുന്ന സേവാ സമര്‍പണ്‍ അഭിയാന്‍ എന്ന പരിപാടിയും ബിജെപി ആസൂത്രണം ചെയ്തിട്ടുണ്ട്. ഇന്ന് രണ്ട് കോടി ഡോസ് വാക്‌സിന്‍ വിതരണമാണ് ബിജെപി ലക്ഷ്യമിട്ടിരിക്കുന്നത്. വാക്‌സിന്‍ വിതരണത്തിന് പരമാവധി പ്രചാരണം നല്‍കാനും പാര്‍ട്ടി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യുപിയില്‍ 71 ഇടങ്ങളില്‍ ഗംഗാ ശുചീകരണ പരിപാടിയാണ് ബിജെപി സംഘടിപ്പിക്കുന്നത്. 

രാജ്യത്തുടനീളം വ്യത്യസ്ത ഭാഷകളില്‍ പ്രമുഖരെ പങ്കെടുപ്പിച്ച് ബിജെപിയും പോഷക സംഘടനകളും വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. രാജ്യത്തുടനീളം ക്ഷേത്രങ്ങളില്‍ പ്രധാനമന്ത്രിക്കു വേണ്ടി ബിജെപി പ്രാര്‍ത്ഥന നടത്തും. കേരളത്തില്‍ ന്യൂനപക്ഷ മോര്‍ച്ച മുസ്ലിം വനിതകളുടെ ദുആ സമ്മേളനവും സംഘടിപ്പിക്കും. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് എറണാകുളത്താണ് പരിപാടി. മുത്വലാഖ് നിരോധിച്ച് ആത്മാഭിമാനം നല്‍കിയതിന് നന്ദി അറിയിച്ചും അഫ്ഗാനിസ്ഥാനിലെ വനിതകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുമാണ് ദുആ സമ്മേളനമെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച പോസ്റ്ററില്‍ പറയുന്നു. എറണാകുളത്ത് എവിടെയാണ് പരിപാടി നടക്കുന്നതെന്ന് പോസ്റ്ററില്‍ വിവരമില്ല.
 

Latest News