തേസ്പൂര്‍- കാലുകള്‍ പുറത്തു കാണുന്ന ഷോര്‍ട്‌സ് ധരിച്ച് അസം അഗ്രികള്‍ചറല്‍ യൂനിവേഴ്‌സിറ്റി പ്രവേശന പരീക്ഷ എഴുതാന്‍ എത്തിയ 19കാരിയായ വിദ്യാര്‍ത്ഥിനിയെ കര്‍ട്ടന്‍ ഉടുപ്പിച്ചു. ബിശ്വനാഥ് ചരിയാലി സ്വദേശിയായ ജൂബിലി പിതാവിനൊപ്പമാണ് പരീക്ഷാ കേന്ദ്രമായ തേസ്പൂരിലെ ഗിരിജാനന്ദ ചൗധരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസില്‍ എത്തിയത്. സെക്യൂരിറ്റി ജീവനക്കാരന്‍ അകത്തേക്ക് കടത്തിവിട്ടെങ്കിലും പരീക്ഷാ ഹാളിലുണ്ടായിരുന്ന ഇന്‍വിജിലേറ്ററാണ് തടഞ്ഞതെന്ന് ജൂബിലി പറഞ്ഞു. ഈ വേഷം ധരിച്ച പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കില്ലെന്ന് പറയുകയായിരുന്നു. എന്നാല്‍ അഡ്മിറ്റ് കാര്‍ഡില്‍ പ്രത്യേക വസ്ത്രധാരണ ചട്ടങ്ങളൊന്നും പറയുന്നില്ലെന്നും ഇതേ വേഷം ധരിച്ചാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തേസ്പൂരില്‍ തന്നെ താന്‍ നീറ്റ് പരീക്ഷ എഴുതിയതെന്നും ജൂബിലി പറഞ്ഞു. അന്ന് ഒന്നും സംഭവിച്ചിട്ടില്ല, മാത്രവുമല്ല അസം അഗ്രികള്‍ചറല്‍ യൂനിവേഴ്‌സിറ്റിയും ഷോര്‍ട്‌സ് വിലക്കിക്കൊണ്ട് എവിടേയും പരാമര്‍ശിച്ചിട്ടില്ലെന്നും വിദ്യാര്‍ത്ഥിനി ചൂണ്ടിക്കാട്ടുന്നു.
പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കാതിരുന്നതോടെ ജൂബിലി കരഞ്ഞു. പാന്റ്‌സ് ധരിച്ച് എത്തിയാല്‍ പരീക്ഷാ ഹാളില്‍ പ്രവേശിക്കാമെന്ന് കണ്‍ട്രോളര്‍ ഓഫ് എക്‌സാംസ് അറിയിച്ചു. ഇതു പ്രകാരം ജൂബിലിയുടെ അച്ഛന്‍ ബാബുല്‍ തമുലി എട്ടു കിലോമീറ്റര്‍ ദൂരെയുള്ള മാര്‍ക്കറ്റില്‍ പോയി പാന്റ്‌സ് വാങ്ങിച്ചു വന്നു. അപ്പോഴേക്കും പ്രശ്‌നം പരിഹരിക്കപ്പെട്ടിരുന്നു. അധികൃതര്‍ ഒരു കര്‍ട്ടന്‍ ന്ല്‍കി ജൂബിലിയുടെ കാലുകള്‍ മറക്കുകയാണ് ചെയ്തത്.
പരീക്ഷയ്ക്കു ശേഷം പെണ്‍കുട്ടിയും അച്ഛനും അധികൃതരുടെ സമീപനത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ചു. അവര്‍ കോവിഡ് പ്രോട്ടോകോളും മാസ്‌കും ടെംപറേച്ചറും ഒന്നുമല്ല നോക്കിയത്, ഷോര്‍ട്‌സ് ആയിരുന്നുവെന്നും ഈ അനുഭവം അവഹേളനമായെന്നും ജൂബിലി ആരോപിച്ചു.