കോവിഡാണെങ്കിലും വര്‍ഗീയ കലാപങ്ങള്‍ക്ക് ഒരു കുറവുമുണ്ടായില്ല; നിരാശപ്പെടുത്തുന്ന കണക്കുകള്‍

ന്യൂദല്‍ഹി- കോവിഡിന്റെ വരവും വ്യാപനവും തുടര്‍ന്നുണ്ടായ ലോക്ഡൗണില്‍ എല്ലാവരും വീട്ടിനകത്ത് അടച്ചിരുന്നെങ്കിലും 2020ല്‍ ഇന്ത്യയില്‍ വര്‍ഗീയ കലാപങ്ങള്‍ക്ക് ഒരു കുറവുമുണ്ടായിട്ടില്ലെന്ന് നാഷനല്‍ ക്രൈം റെകോര്‍ഡ്‌സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) വാര്‍ഷിക റിപോര്‍ട്ടിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. കുറവുണ്ടായില്ല എന്നു മാത്രമല്ല, 2019നെ അപേക്ഷിച്ച് വര്‍ഗീയ കലാപങ്ങള്‍ ഇരട്ടിയാകുകയും ചെയ്‌തെന്ന നിരാശപ്പെടുത്തുന്ന സര്‍ക്കാര്‍ കണക്കുകളാണ് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള എന്‍സിആര്‍ബി പ്രസിദ്ധീകരിച്ച ഈ റിപോര്‍ട്ടിലുള്ളത്. 

2020ല്‍ 857 വര്‍ഗീയ/മത സംഘര്‍ഷങ്ങളും കലാപങ്ങളുമാണ് രാജ്യത്ത് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. 2019ല്‍ ഇത് 438 ആയിരുന്നു. 2018ല്‍ 512ഉം. കോവിഡ് ഒന്നാം തരംഗത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 25 മുതല്‍ മേയ് 31 വരെ പൊതുഇടങ്ങളിലൊന്നും ആളുകള്‍ പുറത്തിറങ്ങാതിരുന്ന സമ്പൂര്‍ണ ലോക്ഡൗണില്‍ ആയിരുന്നു രാജ്യം. അതേസമയം ദല്‍ഹിയില്‍ മുസ്ലിംകള്‍ക്കെതിരെ ആസൂത്രിതമായി നടന്ന വര്‍ഗീയ കലാപവും പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭവും അടക്കം പല സമരങ്ങളും നടന്നത് 2020ലായിരുന്നു. ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് നിരവധി കലാപക്കേസുകളാണ് ദല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 

വര്‍ഗീയ കലാപങ്ങള്‍ക്കു പുറമെ ജാതി സംഘര്‍ഷങ്ങളും വിഭാഗീയ സംഘര്‍ഷങ്ങളും ഇന്ത്യയില്‍ കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. 2020ല്‍ ജാതിയുടെ പേരില്‍ 736 സംഘര്‍ഷ കേസുകളാണ് ഉണ്ടായത്. 2019ല്‍ ഇത് 492 ആയിരുന്നു. 2019ല്‍ 118 വിഭാഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായെങ്കില്‍ 2020ല്‍ ഇത് 167 ആയി ഉയര്‍ന്നു. പൊതുസമാധാനം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ 71,107 കേസുകളാണ് കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തതെന്നും എന്‍സിആര്‍ബി റിപോര്‍ട്ടില്‍ പറയുന്നു.
 

Latest News