'ശശി തരൂര്‍ ഒരു കഴുത, അദ്ദേഹത്തെ പുറത്താക്കിയിരുന്നെങ്കില്‍...' തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്റെ വാക്കുകളെ ചൊല്ലി വിവാദം

ന്യൂദല്‍ഹി- തിരുവനന്തപുരം എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിനെ വളരെ മോശം ഭാഷയില്‍ വിമര്‍ശിച്ച തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ എ രേവന്ത് റെഡ്ഢിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. ഹൈദരാബാദ് സന്ദര്‍ശനത്തിനെത്തിയ ശശി തരൂര്‍ ടിആര്‍എസ് നേതാവും ഐടി മന്ത്രിയുമായ കെ ടി രാമറാവുവിനെ പ്രശംസിച്ചതാണ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനെ ചൊടിപ്പിച്ചത്. തരൂര്‍ ഒരു കഴുതയാണെന്നും അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയാണ് വേണ്ടതെന്നും മാധ്യമങ്ങളോട് സംസാരിക്കവെ രേവന്ദ് റെഡ്ഢി പറഞ്ഞു. തരൂരും രാമ റാവും ഒരേ വര്‍ഗമാണെന്നും ഇരുവരും സ്ഫുടമായി ഇംഗ്ലീഷ് സംസാരിക്കുന്നു എന്നുവച്ച് വലിയ അറിവുള്ള ആളുകളൊന്നുമല്ല. തരൂര്‍ പാര്‍ട്ടിക്ക് ഒരു ബാധ്യതയാണെന്നും രേവന്ത് റെഡ്ഢി പറഞ്ഞു. 

സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്റെ ഈ തരംതാണ വാക്കുകള്‍ കോണ്‍ഗ്രസ് ഉന്നത നേതാക്കള്‍ക്കിടയില്‍ മുറുമുറുപ്പിനിടയാക്കി. മനീഷ് തിവാരിയും രാജീവ് അറോറയും രേവന്ദ് റെഡ്ഢിക്കെതിരെ പരസ്യമായി രംഗത്തു വരികയും ചെയ്തു. ഔചിത്യബോധമുണ്ടെങ്കില്‍ രേവന്ത് റെഡ്ഢി തന്റെ വാക്കുകള്‍ പിന്‍വലിക്കണമെന്ന് തിവാരി ആവശ്യപ്പെട്ടു. ശശി തരൂര്‍ ആദരിക്കപ്പെടുന്ന ഒരു സഹപ്രവര്‍ത്തകനാണെന്നും അദ്ദേഹവുമായി ഒന്ന് സംസാരിച്ചിരുന്നെങ്കില്‍ തെറ്റിദ്ധാരണ ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം ട്വീറ്റിലൂടെ ചൂണ്ടിക്കാട്ടി. 

മുതിര്‍ന്ന നേതാവ് രാജീവ് അറോറ രേവന്ത് റെഡ്ഡിയുടെ വാക്കുകളെ അപലപിച്ചു. മുതിര്‍ന്ന പാര്‍ട്ടി നേതാവിനെതിരെ പരസ്യമായി നടത്തിയ മോശം പരാമര്‍ശങ്ങള്‍ പിന്‍വലിച്ചുകൊണ്ട് രേവന്ത് റെഡ്ഢി പ്രസ്താവന ഇറക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Latest News